'സൽമാന്റെ കരിയർ തകർക്കരുത്'; സിക്കന്ദർ നിർമാതാവിന്റെ ഭാര്യയ്‍ക്കെതിരെ ആരാധകർ, പിന്നാലെ പ്രതികരണം

സിക്കന്ദർ ഇതുവരെ 100 കോടിയിൽ താഴെ മാത്രമാണ് നേടിയിരിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

'സൽമാന്റെ കരിയർ തകർക്കരുത്'; സിക്കന്ദർ നിർമാതാവിന്റെ ഭാര്യയ്‍ക്കെതിരെ ആരാധകർ, പിന്നാലെ പ്രതികരണം
dot image

സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയായതിനാൽ വലിയ പ്രതീക്ഷയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇത് ആരാധകരിൽ വലിയ നിരാശയുമുണ്ടാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ സിനിമയുടെ നിർമാതാവ് സാജിദ് നദിയാദ്‍വാലയുടെ ഭാര്യ വര്‍ദ ഖാന്‍ നദിയാദ്‍വാലയ്ക്കെതിരെ സൽമാൻ ആരാധകർ അതിരുകടന്ന രീതിയിൽ വിമർശനം ഉന്നയിച്ചിരിക്കുകയാണ്.

സൽമാൻ ഖാന്റെ കരിയർ തകർക്കുന്നത് അവസാനിപ്പിക്കണമെന്നും ലജ്ജയില്ലാതെ ഇങ്ങനെ ഇരിക്കാൻ എങ്ങനെ കഴിയുന്നു എന്നുമെല്ലാമാണ് സൽമാൻ ആരാധകർ വര്‍ദയെ ടാഗ് ചെയ്തുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്. 'വിവരമില്ലാത്ത സ്ത്രീ' എന്നാണ് ഒരു സൽമാൻ ആരാധകൻ കുറിച്ചത്. ഇത് മറുപടിയായി 'വേഗം സുഖമാവട്ടെ' എന്ന് വര്‍ദ കുറിച്ചു. വര്‍ദ തന്റെ പ്രതികരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തുവെങ്കിലും ഈ പ്രതികരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

അതേസമയം സിക്കന്ദർ ഇതുവരെ 100 കോടിയിൽ താഴെ മാത്രമാണ് നേടിയിരിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. കാലഹരണപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്‍റെതെന്നും അതിനാൽ തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് സിക്കന്ദർ എന്നുമാണ് അഭിപ്രായങ്ങൾ. സിനിമയുടെ മ്യൂസിക്കിനും വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്.

റിലീസിന് മുൻപ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതും സിക്കന്ദറിന് വിനയായിട്ടുണ്ട്. തമിഴ്‌റോക്കേഴ്‌സ്, തമിഴ്എംവി എന്നീ വെബ്‌സൈറ്റുകൾക്കും പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സബ്ടൈറ്റിൽ ഉൾപ്പെടെയുള്ള എച്ച്ഡി പ്രിന്റ് ആണ് പ്രചരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ പ്രിന്റ് കാണുന്ന വീഡിയോ പലരും എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. സൽമാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിച്ചത്.

Content Highlight: Sikandar Producer Sajid Nadiadwala’s Wife Gets Into Fight With Salman Khan Fans

dot image
To advertise here,contact us
dot image