
എൺപതുകളിൽ മലയാള സിനിമയിൽ സൂപ്പർതാരമായി നിന്ന ഒരു നായികയെ അമേരിക്കയിൽ കൂട്ടബലാത്സംഗത്തിനിരയാക്കി എന്ന സംവിധായകൻ ആലപ്പി അഷറഫിന്‍റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷറഫ് വെളിപ്പെടുത്തല്‍ നടത്തിയത്. സിനിമയിൽ അഭിനയിക്കാനെന്ന പേരിൽ ഒരു സംഘം നടിയെ അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി എന്നാണ് ആലപ്പി അഷറഫ് പറയുന്നത്. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനും പുതുതലമുറയ്ക്ക് പാഠമാകാനും വേണ്ടിയാണ് താൻ ഇപ്പോൾ ഇത് തുറന്നു പറയുന്നതെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു.
'മലയാളത്തിൽ നസീർ സാറിന്റെ കൂടെ നായികയായിട്ട് അഭിനയിച്ചിരുന്ന ഒരു നടിയാണ് അവർ, അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അമേരിക്കയിൽ ഷൂട്ടിങ് തുടങ്ങിയ ഒരു സിനിമയിൽ അവർക്ക് ജോയിൻ ചെയ്യാൻ പറ്റുമോ, വലിയ റോളാണ് എന്നായിരുന്നു ഫോൺ വിളിച്ചവർ നടിയോട് പറഞ്ഞത്. അത് വിശ്വസിച്ച് എയർപോർട്ടിൽ വന്നിറങ്ങിയ അവരെ വളരെ സ്നേഹപൂർവം സ്വീകരിച്ച് ഒരു ഫ്ലാറ്റിൽ കൊണ്ട് താമസിപ്പിച്ച് അവരോട് വിശ്രമിക്കാൻ പറഞ്ഞു. വൈകുന്നേരം ആയപ്പോൾ രണ്ടുപേർ മദ്യപിച്ച് അവരുടെ മുന്നിലേക്ക് എത്തി. അവർ അവരെ പീഡിപ്പിക്കാൻ ശ്രമിച്ചു'.
'താൻ അകപ്പെട്ടു എന്ന് അറിഞ്ഞ അവർ കൈകൂപ്പി അപേക്ഷിച്ചു, ഉറക്കെ നിലവിളിച്ചു, ആര് കേൾക്കാൻ അവരുടെ നിലവിളികൾ. പീഡനം തുടർന്നുകൊണ്ടേയിരുന്നു. ശരിക്കും ഇവർ സിനിമാക്കാരോ സിനിമയുമായി യാതൊരു ബന്ധമോ ഉള്ളവർ അല്ലായിരുന്നു. അവരെല്ലാം ന്യൂയോർക്ക് സിറ്റിയിലെ ഒരു അണ്ടർവേൾഡിൽ പെട്ടവരായിരുന്നു. ഈ ഗ്യാങ്ങിന്റെ ഒരു പ്ലാനിങ്ങിൽ ആണ് അവർ അകപെട്ടത്', ആലപ്പി അഷറഫ് പറഞ്ഞു.
ഒടുവിൽ അവർ പുറത്തുപോയ സമയത്ത് അവിടെ പരിപാടികള്‍ സംഘടിപ്പിക്കുന്ന സ്പോൺസർ ആയ താര ആർട്സ് വിജയനെ വിളിച്ച് നടന്ന സംഭവങ്ങൾ മുഴുവൻ ആ നടി പറഞ്ഞു. അദ്ദേഹമാണ് ആ നടിയെ രക്ഷപ്പെടുത്തി ടിക്കറ്റ് എടുത്ത് പ്ലെയിൻ കയറ്റിവിട്ടതെന്നും ആലപ്പി അഷറഫ് പറയുന്നു. ഈ രംഗങ്ങൾ പല സിനിമക്കാർക്കും അറിയാവുന്നതുകൊണ്ട് പല സിനിമയിലും റി ക്രിയേറ്റ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ടെന്നും ആലപ്പി അഷറഫ് പറഞ്ഞു.
എന്തുകൊണ്ടാണ് ഇത് ഇപ്പോൾ പറയുന്നത് എന്ന് ചോദിച്ചാൽ ആ നടിക്ക് ഒരിക്കലും ഇത് വെളിപ്പെടുത്താൻ പറ്റില്ല. പക്ഷേ വരും തലമുറയ്ക്ക് ഗുണപാഠമാകട്ടെ എന്ന് കരുതിയാണ് ഇത് ഇപ്പോൾ വെളിപ്പെടുത്തുന്നതെന്നും ആലപ്പി അഷറഫ് പറഞ്ഞു. ഈ സംഭവത്തിന്റെ ജീവിച്ചിരിക്കുന്ന ഏക സാക്ഷി വിജയേട്ടൻ മാത്രമാണെന്നും ആലപ്പി അഷറഫ് പറഞ്ഞു.
Content Highlights: a malayalam actress was gangraped in america reveals Alleppey Ashraf