
കഴിഞ്ഞ വർഷം തിയേറ്ററിൽ എത്തി മികച്ച വിജയം നേടിയ ചിത്രമായിരുന്നു ഗിരീഷ് എ ഡി സംവിധാനത്തിൽ എത്തിയ പ്രേമലു. ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയമാണ് കൊയ്തത്. മികച്ച പ്രതികരണം നേടിയ സിനിമ 100 കോടിക്കും മുകളിൽ നേടിയിരുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം വൈകുമെന്ന് പറയുകയാണ് ദിലീഷ് പോത്തൻ. ചില സാങ്കേതീക കാരണങ്ങളാല്‍ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘പ്രേമലു പത്ത് കോടിയുടെ അടുത്ത് ചെലവ് വന്നിട്ടുള്ള സിനിമയാണ്. കൃത്യമായി എനിക്ക് ഓര്‍മയില്ല. പക്ഷേ ഒരു എട്ടിനും പത്തിനുമിടയില്‍ ചെലവ് വന്നിട്ടുള്ള സിനിമയാണ്. മൂന്ന് കോടിയിലാണ് തീര്‍ത്തത് ഏറ്റവും ലാഭമുണ്ടാക്കിയ സിനിമ എന്നൊക്കെ പറയുന്ന കണക്ക് തെറ്റാണ്. അത് തെറ്റായ ധാരണയാണ്. തെറ്റായ വാര്‍ത്തയാണ്. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രേമലു ടു ഉടനെ ഉണ്ടാകില്ല,’ ദിലീഷ് പോത്തന്‍ പറഞ്ഞു.
ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നസ്ലിനും മമിത ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ച ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമ്മിച്ചത്.
Content Highlights: Dileesh Pothen says there won't be a second part of Premalu anytime soon