
മൂന്നാം വാരവും ഗംഭീര പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ തുടരുകയാണ് 'കണ്ണൂർ സ്ക്വാഡ്'. പിന്നീട് വന്ന സിനിമകൾക്കൊന്നും മമ്മൂട്ടി ചിത്രത്തെക്കാൾ മികച്ച അഭിപ്രായം നേടാനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ലോകവ്യാപകമായി 68 കോടി കടന്നാണ് സിനിമ മുന്നേറുന്നത്.
ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടിയുടെ താരപരിവേഷത്തേക്കാൾ അദ്ദേഹത്തിലെ നടനെ ഉപയോഗപ്പെടുത്തിയുള്ളതാണ് ചിത്രം. 14 ദിവസത്തിൽ 33 കോടിയാണ് കേരളത്തിൽ നിന്ന് മാത്രം സിനിമ നേടിയത്. ആദ്യ വാരത്തിൽ ഗംഭീര പ്രതികരണവും രണ്ടാം വാരം സ്ഥിരതയുള്ള കളക്ഷനും നേടിയ ചിത്രം വരും ദിവസങ്ങളിലും പണം വാരുമെന്നാണ് കണക്കുകൂട്ടൽ.
കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് വൈദഗ്ധ്യത്തോടെ തെളിയിച്ച കേസാണ് സിനിമയുടെ ഇതിവൃത്തം. മലയാളത്തിലെ പതിവ് പൊലീസ് സിനിമകളിൽ നിന്നും മാറിനടന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നാണ്. എഎസ്ഐ ജോർജ് മാർട്ടിൻ നയിക്കുന്ന സ്ക്വാഡിൽ ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ് എന്നിവരാണ് സ്ക്വാഡ് അംഗങ്ങൾ. പ്രവിൺ പ്രഭാകർ എഡിറ്റിങ്ങും മുഹമ്മദ് റാഹിൽ ക്യാമറയും കൈകാര്യം ചെയ്തു.
''കണ്ണൂർ സ്ക്വാഡ്' പ്രേക്ഷകരെ ആകർഷിക്കുകയും ബോക്സ് ഓഫീസിൽ വലിയ സ്വാധീനമുണ്ടാക്കുകയും ചെയ്തതോടെ മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിലും പ്രേക്ഷകർ പ്രതീക്ഷ വയ്ക്കുകയാണ്. 'ഭ്രമയുഗം', 'ബസൂക്ക', 'കാതൽ: ദി കോർ', 'ഓസ്ലർ' തുടങ്ങിയവയാണ് ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങൾ. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമായ 'യാത്ര'യ്ക്ക് രണ്ടാം ഭാഗവും പ്രഖ്യാപിച്ചു കഴിഞ്ഞു.