ഇനി അഭ്യൂഹമല്ല, രജനിക്കൊപ്പം ഫഹദും; വമ്പൻ താരനിരയുമായി തലൈവർ 170

താരത്തിനെ സ്വാഗതം ചെയ്യുന്നതായി നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്

dot image

രജനികാന്തിന്റെ പുതിയ ചിത്രമായ തലൈവർ 170യുടെ താരനിര ശക്തമാകുന്നു. നടൻ ഫഹദ് ഫാസിലും സിനിമയുടെ ഭാഗമാവുകയാണ്. താരത്തിനെ സ്വാഗതം ചെയ്യുന്നതായി നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്തിന്റെ 170-ാം ചിത്രമാണ്. ഫഹദ് സിനിമയുടെ ഭാഗമാകുമെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

കമൽ ഹാസൻ നായകനായ വിക്രം, മാരി സെൽവരാജ് ചിത്രം മാമന്നൻ എന്നീ സിനിമകൾക്ക് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ് ചിത്രമായിരിക്കുമിത്. വിക്രമിലെയും മാമന്നനിലേയും നടന്റെ പ്രകടനത്തിന് തമിഴ് സിനിമാപ്രേമികളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം മഞ്ജു വാര്യരും സിനിമയുടെ ഭാഗമാകുന്നതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ധനുഷ് നായകനായ അസുരൻ, അജിത്തിന്റെ തുനിവ് തുടങ്ങിയ സിനിമൾക്ക് ശേഷം മഞ്ജു അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. ചിത്രത്തിൽ അമിതാഭ് ബച്ചൻ, നാനി തുടങ്ങിയവർ അഭിനയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇവരുടെ വിവരങ്ങൾ അണിയറക്കാർ പുറത്തുവിട്ടിട്ടില്ല. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.

അതേസമയം തലൈവർ 170യുടെ ചിത്രീകരണത്തിനായി രജനികാന്തും സംഘവും തിരുവനന്തപുരത്തെത്തി. ഒക്ടോബർ മൂന്ന് മുതൽ പത്ത് ദിവസമാണ് തിരുവനന്തപുരത്തെ ചിത്രീകരണം. രജനിയുടെ വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളും സിനിമയുടെ ലൊക്കേഷനാണ്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image