
ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ തർക്കങ്ങളെ തുടർന്ന് ഐപിഎൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതിനാല്‍ ആരാധകർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകാൻ സൺറൈസേഴ്സ് ഹൈദരാബാദും ലഖ്നൗ സൂപ്പർ ജയന്റ്സും. സൺറൈസേഴ്സിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും ലഖ്നൗവിന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയും ഹോംമാച്ചുകൾ ഉണ്ടായിരുന്നു.
ലഖ്നൗവും ആർസിബിയും തമ്മിലുള്ള മത്സരമായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. ഏകാന സ്റ്റേഡിയത്തിൽ ഇന്ന് നടക്കേണ്ടിയിരുന്ന മത്സരം റദ്ദാക്കപ്പെട്ടിരിക്കുന്നു. തുടര്‍ന്നാണ് മത്സരം കാണാനായി ആരാധകർ സ്വന്തമാക്കിയ ടിക്കറ്റുകളുടെ പണം തിരിച്ചുനൽകുമെന്ന് ലഖ്നൗ സൂപ്പർ ജയന്റ്സ് അറിയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് സണ്‍റെെസേഴ്സ് ഹെെദരബാദും മത്സരം റദ്ദായതിന്‍റെ പശ്ചാത്തലത്തില്‍ ടിക്കറ്റ് തുക തിരിച്ചുനല്‍കുന്നതിനെ പറ്റി അറിയിച്ചത്. മെയ് 10നായിരുന്നു സൺറൈസേഴ്സ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം നടക്കേണ്ടിയിരുന്നത്.
അതിനിടെ ഐപിഎൽ മത്സരങ്ങൾ ഒരാഴ്ചത്തേയ്ക്ക് മാത്രമാണ് നിർത്തിവെച്ചിരിക്കുന്നതെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. സാഹചര്യങ്ങൾ പരിശോധിച്ച ശേഷം മത്സരങ്ങളുടെ പുതിയ വേദിയും തിയതിയും പ്രഖ്യാപിക്കും. ഐപിഎൽ ടീമുകളുമായി ചർച്ച ചെയ്തതിന് ശേഷമാണ് ടൂർണമെന്റ് നിർത്തിവെയ്ക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങളിൽ രാജ്യതാൽപ്പര്യത്തിനൊപ്പം നിൽക്കും. ബിസിസിഐ പ്രസ്താവനയിൽ വ്യക്തമാക്കി.
ഐപിഎൽ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് നടന്നുകൊണ്ടിരിക്കുന്ന ടൂർണമെന്റ് നിർത്തിവയ്ക്കുന്നത്. 2021ലാണ് ഐപിഎൽ ടൂർണമെന്റിന്റെ പാതിവഴിയിൽ നിർത്തേണ്ടി വന്നത്. കൊവിഡ് 19നെ തുടർന്നാണ് അന്ന് ഐപിഎൽ പാതിവഴിയിൽ നിർത്തിവെച്ചത്. 30 മത്സരങ്ങൾ പൂർത്തിയായപ്പോഴാണ് അന്ന് ഐപിഎൽ നിർത്തിവെയ്ക്കേണ്ടി വന്നത്. അടച്ചിട്ട സ്റ്റേഡിയത്തിലാണ് ഐപിഎൽ നടന്നതെങ്കിലും അന്ന് രാജ്യത്ത് കൊവിഡ് കേസുകൾ കൂടുതലായി വർധിച്ചത് ഐപിഎല്ലിനെയും ബാധിക്കുകയായിരുന്നു. പിന്നീട് സെപ്റ്റംബറിൽ യു എ ഇയിൽ ഐപിഎൽ പുനരാരംഭിച്ചു.
ഐപിഎല്ലിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മറ്റ് പല വര്‍ഷങ്ങളിലും പ്രതിസന്ധികള്‍ ഉടലെടുത്തിട്ടുണ്ടെങ്കിലും അവയെല്ലാം മത്സരം നിര്‍ത്തിവെക്കുന്നതിലേക്ക് പോയിട്ടില്ല. 2009ൽ രണ്ടാം ഐപിഎല്ലിന് മുമ്പ് ടൂർണമെന്റിന്റെ നടത്തിപ്പിന് രാജ്യത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു പ്രശ്നം. അതുകൊണ്ട് ടൂർണമെന്റ് പൂർണമായും ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റി.
ഇതേ പ്രതിസന്ധി 2014ലും ഐപിഎല്ലിന്റെ നടത്തിപ്പിൽ നേരിട്ടു. എങ്കിലും അന്ന് ടൂർണമെന്റ് യു എ ഇയിലും ഇന്ത്യയിലുമായി നടത്തി. ഐപിഎൽ വിദേശരാജ്യങ്ങളിലേക്ക് മാറ്റുന്നത് സ്പോൺസർഷിപ്പുകളെ ബാധിക്കുമെന്ന് അന്ന് ടീമുകൾ പരാതി ഉയർത്തിയിരുന്നു. അതുകൊണ്ടാണ് ടൂർണമെന്റിന്റെ രണ്ടാം ഘട്ടം ഇന്ത്യയിൽ തന്നെ നടത്തിയത്. 2019ലും 2024ലും തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും ഐപിഎൽ ഇന്ത്യയിൽ തന്നെ നടന്നു.
Content Highlights: SRH, LSG Confirm Initiating Ticket Refund Process After Suspension Of IPL 2025