
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ പാക് സംഘർഷത്തിൻ്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിൻ്റെ പ്രത്യേക അറിയിപ്പ്. നിലവിൽ അവധിയിലുള്ള ആരോഗ്യ പ്രവർത്തകർ ഉടൻ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മെഡിക്കൽ അവധിയല്ലാത്ത മറ്റൊരു അവധിയും നൽകില്ലായെന്നുമാണ് മന്ത്രാലയത്തിൻ്റെ അറിയിപ്പ്. അറിയിപ്പുമായി ബന്ധപ്പെട്ടുള്ള പുതിയ സർക്കുലർ പുറത്തിറക്കി. രാജ്യത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീരുമാനമെന്നാണ് സർക്കുലറിലെ വിശദീകരണം.
ജമ്മു കശ്മീരിലും പഞ്ചാബിലും ചണ്ഡീഗഡിലും കനത്ത ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉറിയില്‍ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചതായാണ് വിവരം. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ തകര്‍ന്ന പാക് മിസൈല്‍ കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിച്ചു. ഹോഷിയാര്‍പൂരിലെ കൃഷിയിടത്തിലാണ് മിസൈല്‍ കണ്ടെത്തിയത്. പഞ്ചാബ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചണ്ഡീഗഡിലും ഹരിയാനയിലും അപായ സൈറണ്‍ മുഴക്കി. ജനങ്ങളോട് വീടിനുള്ളില്‍ തന്നെ ഇരിക്കാനും വൈദ്യുതി ഓഫ് ചെയ്യാനും ചണ്ഡീഗഡ് ഭരണകൂടം നിര്‍ദേശം നല്‍കി.
അതിനിടെ സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചു. ചണ്ഡിഗഡ്, ശ്രീനഗര്‍, അമൃത്‌സര്‍, ലുധിയാന, ഭന്തര്‍, കിഷന്‍ഗഡ്, പട്ട്യാല, ഷിംല. കന്‍ഗ്ര, ഭട്ടീന്ദ, ജയ്‌സാല്‍മര്‍, ജോദ്പുര്‍, ബിക്കാനെര്‍, ഹല്‍വാര, പത്താന്‍കോട്ട്, ജമ്മു, ലേഹ്, മുന്ദ്ര, ജാംനഗര്‍, ഹിരാസര്‍ (രാജ്‌കോട്ട്), പോര്‍ബന്ദര്‍, കേശോദ്, കാണ്ഡല, ഭൂജ് തുടങ്ങി 24 വിമാനത്താവളങ്ങളാണ് അടച്ചത്. ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട അഞ്ച് സര്‍വീസുകളും എത്തിച്ചേരേണ്ട അഞ്ച് സര്‍വീസുകളും റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. മുംബൈയ്ക്കുള്ള രണ്ട് സര്‍വീസുകളും ഗാസിയാബാദിനടുത്തുള്ള ഹിന്‍ഡന്‍, ചണ്ഡിഗഡ്, ശിവമൊഗ്ഗ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കി. ബെംഗളൂരുവില്‍ നിന്ന് ഉത്തരേന്ത്യന്‍ അതിര്‍ത്തി മേഖലകളിലേയ്ക്കുള്ള സര്‍വീസുകള്‍ ഇന്നലെയും മുടങ്ങി. അമൃത്‌സര്‍, ചണ്ഡിഗഡ്, ശ്രീനഗര്‍ തുടങ്ങിയ വിമാനത്താവളങ്ങളിലേയ്ക്കുള്‍പ്പെടെ 29 സര്‍വീസുകള്‍ ബുധനാഴ്ച റദ്ദാക്കിയിരുന്നു.
Content Highlights- 'Those on leave should return to work immediately considering the special circumstances'; Ministry of Health and Family Welfare