യുവതിയുടെ വ്യാജ നഗ്നചിത്രങ്ങളുപയോഗിച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ട്; മുന്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് യുവതി ഉടന്‍ തന്നെ പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയുമായിരുന്നു.

dot image

കോഴിക്കോട്: യുവതിയുടെ പേരും വ്യാജ നഗ്ന ചിത്രങ്ങളും ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍. താമരശേരി ഈങ്ങാപ്പുഴ കുപ്പായക്കോട് സ്വദേശി കളളാടിക്കാവ് ജിബുന്‍ ആണ് അറസ്റ്റിലായത്. യുവതിയുമായി നേരത്തെ പരിചയമുണ്ടായിരുന്ന ജിബുന്‍ അവരുടെ നഗ്നചിത്രങ്ങള്‍ തയ്യാറാക്കി യുവതിയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു.

യുവതിയുടെ പേര് ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടു വഴിയാണ് നഗ്നചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും യുവാവ് അവരുടെ സുഹൃത്തുക്കള്‍ക്ക് അയച്ചത്. സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് യുവതി ഉടന്‍ തന്നെ പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ അക്കൗണ്ടിനു പിന്നില്‍ യുവതിയെ പരിചയമുണ്ടായിരുന്ന ജിബുന്‍ ആണെന്ന് പൊലീസ് കണ്ടെത്തിയത്.

വടകര സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ സിആര്‍ രാജേഷ് കുമാറാണ് ജിബുനെ അറസ്റ്റ് ചെയ്തത്. വടകര ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എ എസ് ഐ റിതേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദില്‍ജിത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ലിബീഷ്, അനൂപ്, ശ്രീനേഷ് എന്നിവരും പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Content Highlights: youth arrested for morphing woman's photos and sending explicit message to her friends in vatakara

dot image
To advertise here,contact us
dot image