വിവാഹ വാഗ്ദാനം നൽകി പീഡനം; മറ്റൊരു വിവാഹ ശ്രമത്തിനിടെ യുവാവ് പിടിയിൽ

പ്രതി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു എന്നറിഞ്ഞാണ് യുവതി പരാതി നൽകിയത്

വിവാഹ വാഗ്ദാനം നൽകി പീഡനം; മറ്റൊരു വിവാഹ ശ്രമത്തിനിടെ യുവാവ് പിടിയിൽ
dot image

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും സ്വർണവും പണവും കവർച്ച ചെയ്യുകയും ചെയ്ത പ്രതി പാലക്കാട് പിടിയിൽ. മറ്റൊരു വിവാഹശ്രമത്തിനിടെയാണ് കുര്യാത്തി സ്വദേശി സച്ചിൻ കുമാർ(32) പിടിയിലായത്. വിഴിഞ്ഞം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2022ലാണ് പാലക്കാട് സ്വദേശിനിയായ 29കാരിയെ ഇയാൾ വിവാഹവാഗ്ദാനം നൽകി നാലുവർഷത്തോളം പീഡിപ്പിച്ചത്. വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഏഴ് പവൻ സ്വർണവും ഒമ്പത് ലക്ഷത്തോളം രൂപയുമാണ് പ്രതി കൈക്കലാക്കിയത്.

പ്രതി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു എന്നറിഞ്ഞാണ് യുവതി പരാതി നൽകിയത്. 2022 മുതൽ ഇക്കഴിഞ്ഞ ജനുവരി വരെയുള്ള കാലയളവിൽ ഇയാൾ യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 30ന് ആറ്റുകാൽ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാമെന്നാണ് ഇയാൾ പെൺകുട്ടിക്ക് ഉറപ്പ് നൽകിയത്. ഇതനുസരിച്ച് യുവതിയും അമ്മയും ബന്ധുക്കളുമായി ക്ഷേത്രത്തിലെത്തി. എന്നാൽ വിവാഹത്തിൽ പങ്കെടുക്കേണ്ട അടുത്ത സുഹൃത്ത് തിരുവല്ലത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചെന്ന് ഇയാൾ വിളിച്ചറിയിച്ചു. ഇതോടെ വിവാഹം മുടങ്ങി.

ഇതിന് പിന്നാലെ പേരൂർക്കട സബ് രജിസ്റ്റാർ ഓഫീസിൽ വെച്ച് സച്ചിൻ മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ പോകുന്നു എന്ന വിവരം യുവതി അറിഞ്ഞു. ഇതോടെ പൊലീസിന് പരാതി നൽകി. ഈ വിവരം അറിഞ്ഞ പ്രതി ബെംഗളുരുവിലേക്ക് മുങ്ങി. ഇതോടെ വിഴിഞ്ഞം പൊലീസ് സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും റെയിൽവേ പൊലീസിനും വിവരം നൽകി. പാലക്കാട് വച്ച് ട്രെയിനിൽ നിന്നാണ് റെയിൽവേ പൊലീസ് ഇയാളെ പിടികൂടിയത്. ശേഷം വിഴിഞ്ഞം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പാലക്കാട് നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Content Highlights: A youth was arrested for allegedly cheating a woman after promising marriage. Police took him into custody while he was reportedly preparing for another marriage

dot image
To advertise here,contact us
dot image