'ഖജനാവില്‍ നയാ പൈസ ഇല്ലെന്ന് മണിയാശാന് നല്ല ബോധ്യമുണ്ടാകും'; എം എം മണിക്ക് മറുപടിയുമായി സന്ദീപ് വാര്യര്‍

'എന്തുകൊണ്ട് തോറ്റു എന്ന് ലളിതവും യുക്തവുമായ ഭാഷയില്‍ പറയാന്‍ അവര്‍ക്ക് ഇപ്പോഴും സാധിക്കുന്നില്ല'- സന്ദീപ് വാര്യര്‍ പറഞ്ഞു

'ഖജനാവില്‍ നയാ പൈസ ഇല്ലെന്ന് മണിയാശാന് നല്ല ബോധ്യമുണ്ടാകും'; എം എം മണിക്ക് മറുപടിയുമായി സന്ദീപ് വാര്യര്‍
dot image

കൊച്ചി: ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന വി ഡി സതീശന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തോടുള്ള മുതിര്‍ന്ന സിപിഐഎം നേതാവ് എം എം മണിയുടെ പരിഹാസത്തിൽ പ്രതികരണവുമായി നിയുക്ത എംഎല്‍എ സന്ദീപ് വാര്യര്‍. കഴിഞ്ഞ പത്തുവര്‍ഷക്കാലം ഭരിച്ച് ഇറങ്ങിപ്പോയപ്പോള്‍ ഖജനാവിന്റെ സ്ഥിതി എന്താണെന്ന് മണിയാശാന് നല്ല ബോധ്യമുണ്ടാകുമെന്നും നയാ പൈസ ബാക്കി ഇല്ല എന്ന കോണ്‍ഫിഡന്‍സാണ് അദ്ദേഹത്തെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി ഡിബേറ്റ് വിത് മാതു സജിയിലായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

'കഴിഞ്ഞ 10 വര്‍ഷകാലം ഭരിച്ച് ഇറങ്ങിപ്പോയപ്പോള്‍ ഖജനാവിന്റെ സ്ഥിതി എന്താണെന്ന് മണിയാശാന് നല്ല ബോധ്യമുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാകും വീട്ടില്‍ നിന്ന് എടുത്ത് നടപ്പിലാക്കുമോ എന്നൊക്കെ ചോദ്യം. ഭരിച്ചുമുടിച്ചിട്ടാണ് ഞങ്ങള്‍ ഇറങ്ങിപ്പോയതെന്നും നയാ പൈസ ബാക്കി ഇല്ല എന്നുളള കോണ്‍ഫിഡന്‍സാണല്ലോ മണിയാശാനെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്. സിപിഐഎമ്മില്‍ തോറ്റു എന്ന് അംഗീകരിക്കുന്നവരും ഞങ്ങള് തോറ്റിട്ടില്ല, ജനങ്ങളാണ് തോറ്റത് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. അവരെ തോറ്റു എന്ന് മനസിലാക്കിക്കാനാണ് പാട്. അവരിപ്പോഴും കുറ്റം ജനങ്ങളുടെ മേല്‍ വയ്ക്കുകയാണ്. പാര്‍ട്ടിക്ക് പറ്റിയ തെറ്റ് എന്താണ് എന്ന് ആത്മപരിശോധന നടത്തേണ്ട സമയമല്ലേ? സിപിഐഎമ്മിന് ഇനി കേരളത്തില്‍ ഒരു തിരിച്ചുവരവില്ല. അവര്‍ ഒരു സംസ്ഥാനത്തും അധികാരത്തിലില്ല. തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാനുളള ഇന്‍ഫ്രാസ്ട്രക്ചര്‍ നഷ്ടപ്പെട്ടു. അത് കേരളത്തിലുമില്ല ബംഗാളിലുമില്ല ത്രിപുരയിലുമില്ല. ത്രിപുരയിലേതിന് സമാനമായ രീതിയില്‍ കേരളത്തില്‍ സിപിഐഎമ്മിന്റെ വോട്ട് സംഘപരിവാറിനാണ് പോകുന്നത്. ചുവപ്പ് നരച്ചാല്‍ കാവി എന്നാണ് കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് തോറ്റു എന്ന് ലളിതവും യുക്തവുമായ ഭാഷയില്‍ പറയാന്‍ അവര്‍ക്ക് ഇപ്പോഴും സാധിക്കുന്നില്ല'- സന്ദീപ് വാര്യര്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി നടത്താന്‍ സതീശന്റെ വീട്ടില്‍ നിന്ന് കൊണ്ടുവരും എന്നായിരുന്നു എം എം മണിയുടെ പരാമര്‍ശം. കേരളത്തില്‍ വികസനം ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പരിഹസിച്ചു. 'തോറ്റത് നല്ല സേവനമെല്ലാം ചെയ്ത ഗവണ്‍മെന്റ് ആയിരുന്നു. സതീശന്‍ ഉണ്ടാക്കുന്നത് കാണാമല്ലോ. എല്ലാവരും പെന്‍ഷനെല്ലാം വാങ്ങിച്ച് നന്നായി. സതീശന്‍ വീട്ടില്‍ നിന്ന് കൊണ്ടുവരും കെ എസ് ആര്‍ടിസി നടത്താന്‍' എന്നാണ് എം എം മണി പറഞ്ഞത്.

Content Highlights: MM Mani will be well aware that there is no money in the treasury'; Sandeep Varier

dot image
To advertise here,contact us
dot image