
കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് മൂന്ന് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു. നടൻ അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങളും പാലക്കാട് സ്വദേശിയുടെ ഒരു വാഹനവുമാണ് പിടിച്ചെടുത്തത്. വാഹനങ്ങള്‍ കൊച്ചിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നുവെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.
ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം 17 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ പരിശോധന നടത്തിയിരുന്നു. കൊച്ചി പനമ്പള്ളി നഗറില്‍ മമ്മൂട്ടിയുടെ പഴയ വീടായ മമ്മൂട്ടി ഹൗസ്, മമ്മൂട്ടിയും ദുല്‍ഖറും ഇപ്പോള്‍ താമസിക്കുന്ന എളംകുളത്തെ വീട്, ദുല്‍ഖറിന്റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്റെ തോപ്പുംപടിയിലെ ഫ്‌ളാറ്റ്, അമിത് ചക്കാലക്കലിന്റെ എറണാകുളം നോര്‍ത്തിലെ വീട് എന്നിവിടങ്ങളില്‍ അടക്കമായിരുന്നു പരിശോധന. ഇ ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. പരിശോദന രാത്രി വരെ നീണ്ടിരുന്നു.
ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് കസ്റ്റംസും നേരത്തെ നടന്മാരുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ദുല്‍ഖര്‍ സല്‍മാനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഭൂട്ടാനീസ് ഭാഷയില്‍ വാഹനം എന്ന് അര്‍ത്ഥം വരുന്ന നുംഖോര്‍ എന്നായിരുന്നു കസ്റ്റംസ് സംഘം ഓപ്പറേഷന് നല്‍കിയിരിക്കുന്ന പേര്. രാജ്യത്തെ അന്താരാഷ്ട്ര വാഹനക്കള്ളക്കടത്ത് സംഘത്തിലെ കോയമ്പത്തൂര്‍ കണ്ണികളെ ഒരു വര്‍ഷം മുന്‍പ് കസ്റ്റംസ് തിരിച്ചറിഞ്ഞിരുന്നു. കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ രേഖകളില്‍ സംശയം തോന്നിയ വാഹന ഉടമകളിലേക്കാണ് അന്വേഷണം നീണ്ടത്. രേഖ കൃത്യമല്ലെന്ന് വ്യക്തമായ വാഹനങ്ങളാണ് പിടിച്ചെടുത്തത്. മോട്ടോര്‍വാഹന വകുപ്പ്, എടിഎസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന നടന്നത്.
Content Highlight; Customs seizes three more vehicles in Operation Namkhor