പൈവളിഗെയിൽ മുസ്‌ലിം ലീഗ് പിന്തുണയില്‍ ബിജെപിക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍: എല്‍ഡിഎഫിന് പരാജയം

സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് അംഗം ബിജെപിക്ക്‌ വോട്ട് ചെയ്യുകയായിരുന്നു

പൈവളിഗെയിൽ മുസ്‌ലിം ലീഗ് പിന്തുണയില്‍ ബിജെപിക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍: എല്‍ഡിഎഫിന് പരാജയം
dot image

കാസർകോട്: കാസർകോട് പൈവളിഗെയിൽ മുസ്‌ലിം ലീഗ് അംഗത്തിന്റെ പിന്തുണയിൽ ബിജെപിക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ പദവി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പിലും മുസ്‌ലിം ലീഗ് അംഗം ബിജെപിക്ക്‌ വോട്ട് ചെയ്യുകയായിരുന്നു. ലീഗ് പിന്തുണ ലഭിച്ചതോടെ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർപേഴ്സണായി ബിജെപി അംഗം സുമന ജി ഭട്ട് വിജയിച്ചു.

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ നേരത്തെ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ നാലില്‍ മൂന്നിലും യുഡിഎഫ് അംഗങ്ങള്‍ വിജയിച്ചിരുന്നു. കക്ഷി നില പ്രകാരം ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയില്‍ എല്‍ഡിഎഫിനായിരുന്നു ഭൂരിപക്ഷം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ നാല് യുഡിഎഫ് അംഗങ്ങള്‍ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. 21 വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത്. യുഡിഎഫ് ഒമ്പത്, എൽഡിഎഫ് ഏഴ്, ബിജെപി അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില.

ബിജെപി - 2, എല്‍ഡിഎഫ് - 2, യുഡിഎഫ് 1 എന്നിങ്ങനെയായിരുന്നു സ്റ്റാൻഡിങ് കമ്മിറ്റിയിലെ കക്ഷി നില. ഈ സാഹചര്യത്തില്‍ ഇന്ന് നടന്ന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അംഗമായ മുസ്ലിം ലീഗ് പ്രതിനിധി ബിജെപി സ്ഥാനാർത്ഥി സുമന ജി ഭട്ടിന് വോട്ട് ചെയ്യുകയായിരുന്നു.

നേരത്തെ കാസർകോട് ജില്ലയിലെ തന്നെ പുല്ലൂർ-പെരിയ പഞ്ചായത്തിൽ മുഴുവൻ സ്റ്റാൻഡിങ് കമ്മിറ്റികളിലും ബിജെപി അംഗം യുഡിഎഫിന് വോട്ട് ചെയ്തു. പഞ്ചായത്തിൽ യുഡിഎഫിലും എൽഡിഎഫിനും ഒരേ സീറ്റ് നിലയാണ്. ബിജെപിക്ക് ഒരംഗമാണ് ഉള്ളത്. ഇതിന് പിന്നാലെ ബിജെപി-യുഡിഎഫ് ബന്ധം ആരോപിച്ച് സിപിഎം നേതൃത്വം രംഗത്ത് വന്നു. എൽഡിഎഫിന്റെ സി കെ സബിതയാണ് നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്‍റായത്. എൽഡിഎഫിനും യുഡിഎഫിനും ഒൻപത് വീതവും ബിജെപിക്ക് ഒരംഗവുമാണുള്ളത്.

Content Highlights: The BJP won the standing committee chairperson position in Paivalike Panchayath after receiving support from an IUML member

dot image
To advertise here,contact us
dot image