സഹോദരങ്ങള്‍ തമ്മില്‍ സ്വത്തു തര്‍ക്കം; വെടിയേറ്റ മാതൃസഹോദരനും മരിച്ചു
സഹോദരന്റെ വെടിയേറ്റ് കാഞ്ഞിരപ്പള്ളി കരിമ്പാനായില്‍ രഞ്ജു കുര്യന് മരിച്ചിരുന്നു
7 March 2022 8:19 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്വത്തു തര്‍ക്കത്തിന്റെ പേരിലുണ്ടായ വെടിവെപ്പില്‍ മരണം രണ്ടായി. വെടിയേറ്റ മാത്യു സ്കറിയയും മരിച്ചു. സ്വത്തു തര്‍ക്കത്തിന്റെ പേരിലുള്ള വെടിവെയ്പ്പില്‍ സഹോദരന്റെ വെടിയേറ്റ് കാഞ്ഞിരപ്പള്ളി കരിമ്പാനായില്‍ രഞ്ജു കുര്യന് മരിച്ചിരുന്നു. ജേഷ്ഠന് ജോര്‍ജ് കുര്യനാണ് വെടിയുതിര്‍ത്തത്. ഇവരുടെ മാതൃ സഹോദരനാണ് മാത്യു സ്കറിയ. ജോര്‍ജിനെ നേരത്തെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കുടുംബ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെയ്പ്പിലും കൊലപാതകത്തിലും കലാശിച്ചത്. കൊച്ചിയില്‍ ഫ്ലാറ്റ് നിര്‍മ്മാതാവായ ജോര്‍ജ്, കുടുംബ ഉടമസ്ഥതയിലുള്ള സ്ഥലം കഴിഞ്ഞ ദിവസം വിറ്റിരുന്നു. ഇതറിഞ്ഞ രഞ്ജു ഇന്ന് ഉച്ചയോടെ ഊട്ടിയില്‍ നിന്ന് കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ എത്തി. കാര്യങ്ങള്‍ സംസാരിക്കുന്നതിടെ വാക്ക് തര്‍ക്കമായി. തുടര്‍ന്നാണ് കൈയില്‍ കരുതിയ റിവോള്‍വര്‍ ഉപയോഗിച്ച് രഞ്ജുവിന്റെ തലയില്‍ വെടിയുതിര്‍ത്തത്. ദേഹത്തും വെടിയേറ്റു.
ജോര്‍ജിനെ തടുക്കാനെത്തിയ മാതൃസഹോദരന്‍ മാത്യു സ്കറിയയുടെ തലയ്ക്കും ദേഹത്തും വെടിയേല്‍ക്കുകയായിരുന്നു. ഇയാള്‍ അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയവെയാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്.
ജോര്‍ജിനെ കാഞ്ഞിരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സുള്ള തോക്കാണ് ജോര്‍ജ് കൊലപാതകത്തിനുപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയില്‍ നിന്ന് ജോര്‍ജ്ജ് എത്തിയ വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
STORY HIGHLIGHTS: Property dispute between brothers; Maternal uncle was also shot dead
- TAGS:
- Kanjirapally
- Crime
- MAN KILLED