Top

കീരിപ്പാറയിലെ അതിക്രൂര കൊലപാതകം; വീനിതയെ കൊന്ന രാജേന്ദ്രനിലേക്ക്, സീരിയൽ കില്ലർ?

തപ്പാണ്ടിക്കു സമീപം തടിക്കാരൻകോണം സി.എം.എസ്. നഗറിൽ 2018ൽ നടന്ന വീട്ടമ്മയുടെ കൊലപാതകത്തിന് പിന്നിലും രാജേന്ദ്രന്റെ കരങ്ങളാണെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്

16 Feb 2022 5:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കീരിപ്പാറയിലെ അതിക്രൂര കൊലപാതകം; വീനിതയെ കൊന്ന രാജേന്ദ്രനിലേക്ക്, സീരിയൽ കില്ലർ?
X

അമ്പലമുക്ക് കൊലപാതക കേസിൽ‌ പിടിയിലായ പ്രതി രാജേന്ദ്രൻ സീരിയൽ കില്ലറെന്ന് പൊലീസിന് സൂചന ലഭിച്ചതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ തപ്പാണ്ടിക്കു സമീപം തടിക്കാരൻകോണം സി.എം.എസ്. നഗറിൽ 2018ൽ നടന്ന വീട്ടമ്മയുടെ കൊലപാതകത്തിന് പിന്നിലും രാജേന്ദ്രന്റെ കരങ്ങളാണെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. വ്യത്യസ്ഥ സ്ഥലങ്ങളിൽ വിവിധ കാലഘട്ടങ്ങളിൽ നടന്ന തെളിയാത്ത കൊലപാതകങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.

രാജേന്ദ്രൻ കൊലപാതകങ്ങൾ നടന്ന കാലഘട്ടങ്ങളിൽ എവിടെയായിരുന്നുവെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. 2018 ജനുവരി അഞ്ചിന് പുലർച്ചെയാണ് ലളിതാ ഭായ് എന്ന് 37കാരി കൊല്ലപ്പെടുന്നത്. റബ്ബർ ടാപ്പിങ് തൊഴിലാളിയായ ഭർത്താവ് ഇളയ പെരുമാൾ തോട്ടത്തിൽ പോയ സമയത്താണ് ലളിത കൊല്ലപ്പെടുന്നത്. ട്യൂഷന് പോയി തിരികെയെത്തിയ മകനാണ് തലയ്ക്ക് ​അടിയേറ്റ് ലളിത കൊല്ലപ്പെട്ടത് ആദ്യമായി കാണുന്നത്. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.

ഫെബ്രുവരി രണ്ടിന് ഇളയ പെരുമാൾ ആത്മഹത്യ ചെയ്തു. ലളിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇളയ പെരുമാളിനെ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ലളിതയുടെ കൊലപാതകത്തിന് പിന്നിൽ മോഷണമാണെന്ന് നേരത്തെ വ്യക്തമായിരുന്നു. കമ്മലും മാലയും ഉൾപ്പെടെയുള്ള ലളിതയുടെ ആഭരണങ്ങളാണ് പ്രതി കവർന്നത്. കീരിപ്പാറയിലെ കൊലപാതകത്തിലേക്ക് രാജേന്ദ്രന്റെ സാന്നിദ്ധ്യം എത്തുന്നതോടെ പുതിയ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

കറകളഞ്ഞ ക്രിമിനൽ

രാജേന്ദ്രൻ തിരുവനന്തപുരത്തെ ചായക്കടയിൽ ജോലി ചെയ്യുന്ന വ്യക്തിയാണെന്നാണ് പൊലീസ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ട വിവരം. ഇയാൾ പിടിയിലായതിന് പിന്നാലെ നടത്തിയ സമഗ്ര അന്വേഷണത്തിൽ ഇയാൾ കൂട്ടക്കൊലപാതക കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പങ്കെടുത്തയാളെന്ന വിവരം പൊലീസിന് ലഭിച്ചു. 2014ൽ കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ ഇയാൾ വിചാരണ നേരിടുന്നുണ്ട്

മോഷണത്തിന് വേണ്ടി നടന്ന ഈ കൊടുംക്രൂരത വിചാരണ പൂർത്തിയാകാനിരിക്കെയാണ് ഇയാൾ കേരളത്തിലേക്ക് കടന്നത്. പ്രതിയുടെ വിദ്യഭ്യാസ യോഗ്യതകളും ഞെട്ടിക്കുന്നതാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് രാജേന്ദ്രൻ, ഇതുകൂടാതെ വിദൂര വിദ്യഭ്യാസം വഴി എംബിഎയെയും സ്വന്തമാക്കി. ഓൺലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ട ഓൺലൈൻ ക്രാഷ് കോഴ്‌സുകളും ഇയാൾ പഠിച്ചതായി വിവരമുണ്ട്. മോഷ്ടിക്കുന്ന പണം ഓൺലൈൻ ട്രേഡിംഗിനായിട്ടാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ആഡംബര ജീവിതം നയിച്ചിരുന്നില്ലെന്നും വിവരമുണ്ട്.

ഇത്രയധികം വിദ്യഭ്യാസ യോഗ്യതയുണ്ടായിട്ടും എന്തിനാണ് തിരുവനന്തപുരത്തെ ചായക്കടയിൽ ജോലിക്കെത്തിയതെന്ന് വ്യക്തമല്ല. തമിഴ്‌നാട് തോവാള വെള്ള മഠം സ്വദേശിയായ രാജേന്ദ്രൻ കൊടുംകുറ്റവാളികൾക്ക് സമാനമായി കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണവും അതിന് ശേഷമുള്ള ജീവിതവും നയിച്ചിരുന്നത്. യാതൊരു കാരണവശാലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം പക്ഷേ വിനയായി. അമ്പലമുക്ക് കൊലപാതകത്തിന് ശേഷം ഇയാൾ കന്യാകുമാരിയിലെത്തി അവിടെ കവർന്ന സ്വർണം പണയംവെച്ചു. പൊതുവെ മറ്റുള്ളവർക്ക് തിരിച്ചറിയാനാവാത്ത വിധം പണം സമ്പാദിക്കാനുള്ള വഴികൾ തേടിയ രാജേന്ദ്രൻ ചായക്കടയിൽ തൊഴിലെടുക്കുന്നത് തുടർന്നു.

പൊലീസിനോട് ആദ്യഘട്ടത്തിൽ സഹകരിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. കൊലപാതകം നടത്തിയത് താനാണെന്ന് തെളിയിക്കാൻ പൊലീസിന്റെ കൈകളിൽ തെളിവില്ലെന്ന അമിത വിശ്വാസവും ഇയാൾക്കുണ്ടായിരുന്നു. എന്നാൽ അന്വേഷണ സംഘം മാല ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തി വീണ്ടും ചോദ്യം ചെയ്തു. ഇതോടെ പണത്തിനായി താൻ ചെയ്തു കൂട്ടിയ ക്രൂരകൃത്യങ്ങളെല്ലാം ഇയാൾ തുറന്നുപറഞ്ഞു.

STORY HIGHLIGHTS: Keerippara Murder Case Rajendran

Next Story