Top

സുഹൃത്തുക്കളുടെ എടിഎം കാർഡ് കൈക്കലാക്കി കൃത്രിമം കാണിച്ച് പണം തട്ടി; മൂന്നംഗസംഘം അറസ്റ്റിൽ

. പല ബാങ്കുകളുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുകയാണ് പതിവ്

20 Jan 2023 8:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുഹൃത്തുക്കളുടെ എടിഎം കാർഡ് കൈക്കലാക്കി കൃത്രിമം കാണിച്ച് പണം തട്ടി; മൂന്നംഗസംഘം അറസ്റ്റിൽ
X

പാലക്കാട്: എടിഎം മെഷീനിൽ കൃത്രിമം കാണിച്ച് പണം തട്ടുന്ന സംഘം പിടിയിൽ. ഉത്തർപ്രദേശ് കാൺപൂർ സ്വദേശികളായ പ്രവീൺമാർ, ദിനേശ് കുമാർ, സന്ദീപ് എന്നിവരാണ് പൊലീസിൻ്റ പിടിയിലായത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

വിവിധ ബാങ്കുകളുടെ 38 എടിഎം കാർഡുകളാണ് പ്രതികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. പണം എടുക്കുന്ന ഭാഗത്തെ ക്യാമറ മറച്ചതിനു ശേഷമാണ് പണം പിൻവലിക്കുന്നത്. സുഹൃത്തുക്കളെ കബളിപ്പിച്ച് സ്വന്തമാക്കിയ എടിഎം കാർഡുകൾ ഉപയോഗിച്ചായിരുന്നു പ്രതികളുടെ തട്ടിപ്പ്. യുപിയിലെ സുഹൃത്തുക്കളുടെ എടിഎം കാർഡുകളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. പല ബാങ്കുകളുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുകയാണ് പതിവ്.

പ്രതികളെ ചോദ്യം ചെയ്തതോടെ പുറത്തായത് അമ്പരപ്പിക്കുന്ന തട്ടിപ്പുരീതിയാണ്. കൈക്കലാക്കിയ കാർഡുമായി എടിഎമ്മിൽ എലത്തിയ പ്രതികൾ ഫോർഗറ്റ് പാസ് വേഡ് നൽകി ഉടമയുടെ ഫോണിൽ വരുന്ന ഒടിപി തന്ത്രപരമായി ചോദിച്ചറിഞ്ഞാണ് പണം തട്ടുന്നത്. കൂടാതെ പ്രതികൾ എടിഎമ്മിൽ നിന്ന് പണം ലഭിച്ച ഉടൻ ക്യാൻസൽ ബട്ടൺ അമർത്തും. തുടർന്ന് ബാങ്കിലും കസ്റ്റമർ കെയറിലും വിളിച്ച് പണം ലഭിച്ചില്ലെന്ന് പരാതി നൽകും. ഒരാഴ്ചക്കകം ബാങ്കുകൾ തന്നെ അക്കൗണ്ടിൽ ഇട്ട് നൽകും. ഇത്തരത്തിൽ രണ്ട് ലക്ഷത്തിലധികം രൂപയാണ് സംഘം തട്ടിയത്. കേരളത്തിലെ എടിഎം കൗണ്ടറുകളിൽ എത്തിയാണ് തട്ടിപ്പ് നടത്തുന്നത്.

മണ്ണാർക്കാട് കോടതിപ്പടിയിലുള്ള എടിഎമ്മിൽ പ്രതികൾ തട്ടിപ്പിനായി ഇടയ്ക്ക് വരാറുണ്ടായിരുന്നു. ഇവർ വന്നപ്പോഴൊക്കെ മെഷീൻ ഫെയിൽഡ് എന്ന് കാണിക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ സുരക്ഷാ ജീവനക്കാരനാണ് പൊലീസിൽ പരാതി നൽകിയത്. പിന്നാലെ മണ്ണാർക്കാട് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിക്കപ്പെട്ടതും തട്ടിപ്പ് കഥ പുറത്ത് വന്നതും. ബാങ്കുകൾ നൽകിയ പരാതിയെ തുടർന്ന് വിവിധ എടിഎം കൗണ്ടറുകളിലെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.

STORY HIGHLIGHTS: Fraud by Tampering with ATM Machine three People are in Police Custody

Next Story