Top

ടോസ് കിട്ടിയില്ല; ദുബായിയില്‍ പാകിസ്താന്‍ തോറ്റമ്പി, കിവീസ്-ഓസീസ് ഫൈനല്‍

ഷഹീന്‍ ഷാ അഫ്രീദി എന്ന 'ലോകോത്തര' പേസറെ അറഞ്ചം പുറഞ്ചം തല്ലിയ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ മാത്യു വേഡ് ടീമിന് അഞ്ചുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവും ഫൈനലിലേക്കുള്ള ടിക്കറ്റും സമ്മാനിച്ചു.

11 Nov 2021 6:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടോസ് കിട്ടിയില്ല; ദുബായിയില്‍ പാകിസ്താന്‍ തോറ്റമ്പി, കിവീസ്-ഓസീസ് ഫൈനല്‍
X

ദുബായ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നിര്‍ണായകമാണെന്ന ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോറിന്റെ ന്യായീകരണത്തെ പുച്ഛിച്ച് തള്ളിയ പാകിസ്താന്‍ ആരാധകര്‍ ഇപ്പോള്‍ മുങ്ങിക്കാണും. ദുബായിയില്‍ ടോസ് നഷ്ടപ്പെട്ട് വമ്പന്‍ ടീമിനെതിരേ കളിക്കാനിറങ്ങിയ പാകിസ്താന് മികച്ച സ്‌കോര്‍ നേടിയിട്ടും രക്ഷയുണ്ടായില്ല.

ഇന്ത്യക്കെതിരേ മികച്ച പ്രകടനം കാഴ്ചവച്ചതിന് ലോകം വാഴ്ത്തിയ ഷഹീന്‍ ഷാ അഫ്രീദി എന്ന 'ലോകോത്തര' പേസറെ അറഞ്ചം പുറഞ്ചം തല്ലിയ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ മാത്യു വേഡ് ടീമിന് അഞ്ചുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവും ഫൈനലിലേക്കുള്ള ടിക്കറ്റും സമ്മാനിച്ചു.

ഇന്നു ദുബായിയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഒരോവര്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി ലക്ഷ്യം കാണുകയായിരുന്നു.

17 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 41 റണ്‍സ് അടിച്ചുകൂട്ടിയ വേഡാണ് ഒരുഘട്ടത്തില്‍ അപ്രാപ്യമെന്നു തോന്നിച്ച വിജയലക്ഷ്യം എത്തിപ്പിടിക്കാന്‍ ഓസീസിനെ സഹായിച്ചത്. അപരാജിതമായ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ മാര്‍ക്കസ് സ്‌റ്റോയിനിസ്- വേഡ് സഖ്യം 40 പന്തുകളില്‍ നിന്ന് അടിച്ചുകൂട്ടിയ 81 റണ്‍സാണ് ഓസീസ് ജയത്തിന്റെ നെടുന്തൂണായത്.

മത്സരം അവസാനിക്കുമ്പോള്‍ 31 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 40 റണ്‍സുമായി സ്‌റ്റോയിനിസാണ് വേഡിന് കൂട്ടായി ക്രീസില്‍ ഉണ്ടായിരുന്നത്. നേരത്തെ 30 പന്തുകളില്‍ നിന്ന് മൂന്നു വീതം സിക്‌സറും ഫോറും സഹിതം 49 റണ്‍സ് നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഓസീസിന്റെ ടോപ്‌സ്‌കോററായത്. 22 പന്തുകളില്‍ നിന്ന് 28 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് മറ്റൊരു പ്രധാന സ്‌കോറര്‍. നായകന്‍ ആരോണ ഫിഞ്ച്(0), മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്(5), മധ്യനിര താരം ഗ്ലെന്‍ മാക്‌സ്‌വെല്‍(7) എന്നിവര്‍ നിരാശപ്പെടുത്തി.

നേരത്തെ ടാസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് പാകിസ്താനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ഓപ്പണര്‍ മുഹമ്മദ് റിസ്വാനും മധ്യനിര താരം ഫഖര്‍ സമാനുമാണ് പാകിസ്താനെ കൂറ്റന്‍ സ്‌കോറിലേക്കു നയിച്ചത്.

റിസ്വാന്‍ 52 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 67 റണ്‍സ് നേടി പുറത്തായപ്പോള്‍ ഫഖര്‍ 32 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 55 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇവര്‍ക്കു പുറമേ 34 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളില്‍ നിന്ന് 39 റണ്‍സ് നേടിയ നായകന്‍ ബാബര്‍ അസമാണ് തിളങ്ങിയ മറ്റൊരു പാക് ബാറ്റര്‍. മധ്യനിര താരങ്ങളായ ആസിഫ് അലി(0), ഷോയ്ബ് മാലിക്(1) എന്നിവര്‍ നിരാശപ്പെടുത്തി. ഒരു റണ്ണുമായി മുഹമ്മദ് ഹഫീസും പുറത്താകാതെ നിന്നു.

ബാബറും റിസ്വാനും ചേര്‍ന്ന് മികച്ച തുടക്കമാണ് പാകിസ്താനു നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇവര്‍ 71 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 10-ാം ഓവറില്‍ ബാബര്‍ പുറത്താകുമ്പോള്‍ 71 റണ്‍സായിരുന്നു പാക് സ്‌കോര്‍ ബോര്‍ഡില്‍.

അവസാന 10 ഓവറില്‍ 105 റണ്‍സാണ് പാകിസ്താന്‍ അടിച്ചുകൂട്ടിയത്. രണ്ടാം വിക്കറ്റില്‍ റിസ്വാന്‍-ഫഖര്‍ സഖ്യം 72 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പാകിസ്താന്‍ 150 കടക്കുമെന്ന് ഉറപ്പാക്കി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഫഖര്‍ ടീമിനെ 170 കടത്തുകയും ചെയ്തു.

Next Story

Popular Stories