Top

ശ്രേയസില്‍ വിശ്വാസങ്ങളേറെ, തലമുറ മാറ്റത്തിന്റെ സൂചനകള്‍ നല്‍കി ദ്രാവിഡ്

അജിന്‍ക്യ രഹാനെയെ നായകനായും ചേതേശ്വര്‍ പൂജാരയെ ഉപനായകനായും നിശ്ചയിച്ച ടീമിന്റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ആണെന്നത് കൂട്ടിവായിക്കുമ്പോള്‍ ഈ നീക്കങ്ങള്‍ ഒന്നും യാദൃശ്ചികം അല്ലെന്നു വേണം കരുതാന്‍.

13 Nov 2021 1:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശ്രേയസില്‍ വിശ്വാസങ്ങളേറെ, തലമുറ മാറ്റത്തിന്റെ സൂചനകള്‍ നല്‍കി ദ്രാവിഡ്
X

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതിനു ശേഷം ആരാധകരുടെ അമ്പരപ്പ് മാറിയിട്ടില്ല. അത്രകണ്ട് സര്‍പ്രൈസുകള്‍ നിറഞ്ഞ ടീം തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ടീമില്‍ ഉറപ്പായും ഇടംപിടിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ച പലപേരുകളും പട്ടികയില്‍ ഇല്ലാതെ പോയപ്പോള്‍ അപ്രതീക്ഷിതമായി പലരും കടന്നുവരികയും ചെയ്തു.

സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, തുടങ്ങിയവര്‍ക്ക് വിശ്രമം അനുവദിച്ച് പരിചയസമ്പത്തിനു മേല്‍ യുവത്വത്തിന് അല്‍പം പ്രാധാനം നല്‍കിയാണ് സെലക്ടര്‍മാര്‍ ഇക്കുറി ടെസ്റ്റ് ടീമിനെ ഒരുക്കിയിരിക്കുന്നത്.

ഹനുമ വിഹാരി, അഭിമന്യു മിഥുന്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരൊക്കെ ഒഴിവാക്കപ്പെട്ടതും ശ്രേയസ് അയ്യര്‍, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവരൊക്കെ ടീമിലേക്ക് എത്തിയതും അമ്പരപ്പിച്ച നീക്കമായി എന്നതു തീര്‍ച്ച. അജിന്‍ക്യ രഹാനെയെ നായകനായും ചേതേശ്വര്‍ പൂജാരയെ ഉപനായകനായും നിശ്ചയിച്ച ടീമിന്റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ആണെന്നത് കൂട്ടിവായിക്കുമ്പോള്‍ ഈ നീക്കങ്ങള്‍ ഒന്നും യാദൃശ്ചികം അല്ലെന്നു വേണം കരുതാന്‍.

അപ്രതീക്ഷിതം അയ്യരുടെ വരവ്

നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍ താരമെന്ന നിലയിലും നായകന്‍ എന്ന നിലയിലും കഴിവ് തെളിയിച്ച താരമാണ് ശ്രേയസ് അയ്യര്‍. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചിട്ട് ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തികച്ചും അപ്രതീക്ഷിതമായിരുന്നു ടെസ്റ്റ ടീമിലേക്ക് ഇപ്പോള്‍ ശ്രേയസിന്റെ വരവ്.

ഒരു വര്‍ഷത്തോളം പരുക്കിനെത്തുടര്‍ന്ന് കളത്തില്‍ നിന്നു വിട്ടുനിന്ന ശ്രേയസ് ഐ.പി.എല്‍. രണ്ടാംപാദത്തിലൂടെ കളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ട്വന്റി 20 ലോകകപ്പിനുള്ള ടീമില്‍ ഇടംനേടാനായില്ല. ഈ സാഹചര്യത്തിലാണ് ശ്രേയസിനെ ടെസ്റ്റ് ടീമിലേക്കു വിളിച്ചത് ഏവരെയും അമ്പരപ്പിച്ചത്.

ഭാവിലെ 'ശ്രേയസ്' ലക്ഷ്യമിട്ട് ദ്രാവിഡ്

ടെസ്റ്റ ടീം തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ക്കു പിന്നില്‍ പുതിയ പരിശീലകന രാഹുല്‍ ദ്രാവിഡ് ആണെന്നു നിസംശയം പറയാം. പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ബി.സി.സി.ഐയുടെ നിര്‍ബന്ധത്തിനു സമ്മതം മൂളും മുമ്പ് ദ്രാവിഡ് ആവശ്യപ്പെട്ട ഏക കാര്യം 'ടീമില്‍ തനിക്ക് പൂര്‍ണ സ്വാതന്ത്ര്യം' എന്നതാണ്.

അതിനാല്‍ ദ്രാവിഡിന്റെ സമ്മതമില്ലാതെ ഇത്തരത്തില്‍ ഒരു ടീം തെരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ക്ക് ആകില്ല. അപ്പോള്‍ വ്യക്തമായ എന്തോ പദ്ധതിയിലൂന്നി ദ്രാവിഡ് നടത്തുന്ന പരീക്ഷണമാണിതെന്നും വ്യക്തം. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ഒരു പദ്ധതിയാണെന്നും ചില തെരഞ്ഞെടുപ്പുകളില്‍ നിന്നു സൂചന ലഭിക്കുന്നുണ്ട്.

ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ ദ്രാവിഡിന്റെ കളരിയില്‍ നിന്നു കളി പഠിച്ചാണ് ശ്രേയസ് വളര്‍ന്നു വന്നത്. അതിനാല്‍ത്തന്നെ താരത്തിന്റെ മികവ് ദ്രാവിഡിന് നന്നായി അറിയാം. മുമ്പ് ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യന്‍ എ ടീമിനെ ശ്രേയസ് നയിച്ചിട്ടുമുണ്ട്.

താരത്തിന്റെ കഴിവും ദൗര്‍ബല്യവും മനസിലാക്കിയിട്ടുള്ള ദ്രാവിഡ് ശ്രേയസിനെ ടെസ്റ്റ് ടീമിലേക്കു കൊണ്ടുവന്നത് 'പ്രായമേറുന്ന' മധ്യനിരയെ കണ്ടു തന്നെയാണ്. നിലവില്‍ ചേതേശ്വര്‍ പൂജാര, നായകന്‍ വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ എന്നിവരാണ് ടീമിന്റെ മധ്യനിരയെ നയിക്കുന്നത്. ഇവരില്‍ 33 വയസില്‍ താഴെ ആരുമില്ല. ഏറ്റവും കൂടിയാല്‍ മൂന്നുവര്‍ഷം കൂടി ഇവര്‍ മധ്യനിരയുടെ ഭാരം ഏന്തും. അതു കഴിഞ്ഞാല്‍?

ആ ചോദ്യത്തിന് ഇപ്പോഴേ ഉത്തരം കണ്ടെത്തിവയ്ക്കുകയാണ് ദ്രാവിഡ്. അധികം വൈകാതെ മധ്യനിരയില്‍ പകരക്കാരെ കണ്ടെത്തേണ്ടി വരുമെന്നതിനാല്‍ യുവതാരങ്ങള്‍ക്ക് ഇപ്പോഴേ അവസരം നല്‍കി വളര്‍ത്തിയെടുക്കുകയാണ് ദ്രാവിഡ്. കോഹ്‌ലി കളിക്കുന്ന നാലാം നമ്പറിലും രഹാനെ കളിക്കുന്ന അഞ്ചാം നമ്പറിലും അനുയോജ്യനാ താരമാണ് ശ്രേയസ എന്നതും ശ്രദ്ധേയം.

ശ്രേയസ് മാത്രമാണ് ഇപ്പോള്‍ ടീമില്‍ ഇടംപിടിച്ചെതെങ്കിലും മറ്റു യുവതാരങ്ങളെ ദ്രാവിഡ് വെറുതേ വിട്ടില്ല. ഹനുമ വിഹാരി, അഭിമന്യൂ മിഥുന്‍ പൃഥി ഷാ എന്നിവരെ ഇന്ത്യന്‍ എ ടീമിനൊപ്പം കളിക്കാന്‍ വിട്ട ദ്രാവിഡ് എ ടീമിലും കണ്ണുവയ്ക്കുന്നുണ്ടെന്ന് വ്യക്തമായ സൂചന നല്‍കി.

ദക്ഷിണാഫ്രിക്കന്‍ പരമ്പര മുന്നില്‍ കണ്ടാണ് ഇപ്പോള്‍ ഇത്തരമൊരു നീക്കം. മൂന്നു വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാലു ട്വന്റി 20 മത്സരങ്ങളും ഉള്‍പ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു വലിയൊരു താരനിരയെത്തന്നെ വേണ്ടിവരും. അതിനാലാണ് പൃഥ്വി ഷാ,ഹനുമ വിഹാരി എന്നിവരെയെല്ലാം ഇന്ത്യ എ ടീമിലേക്ക് പരിഗണിച്ചത്. ഇത് മൂലം ഇവര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ സാഹചര്യത്തോട് നേരത്തെ പൊരുത്തപ്പെടാനാവും.

കോഹ്ലിക്കു മാത്രമല്ല രോഹിതിനും ഭീഷണി

രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയപ്പോള്‍ ടീമിന്റെ നായകനായിരുന്നത് പൃഥ്വി ഷായായിരുന്നു. വെടിക്കെട്ട് ഓപ്പണറായ പൃഥ്വിക്ക് വേണ്ട അവസരങ്ങള്‍ ഇതുവരെ ലഭിച്ചിരുന്നില്ല. എന്നാല്‍ ദ്രാവിഡ് പരിശീലകനാവുന്നത് യുവതാരത്തിന് പ്രതീക്ഷ നല്‍കുന്നു.

ശുഭ്മാന്‍ ഗില്ലിന് പരിമിത ഓവര്‍ ടീമിലും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കും. യുവ കളിക്കാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി ഭാവി ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമമാണ് ദ്രാവിഡ് നടത്തുന്നത്. നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ നിലവിലെ നായകനും ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കും പ്രായം 33 കവിയുന്നു.

അതിനാല്‍ത്തന്നെ രോഹിതിന് പകരക്കാരനായാണ് ദ്രാവിഡ് പൃഥ്വി ഷായെ കാണുന്നതെന്നാണ് സൂചന. മുന്‍നിരയിലും മധ്യനിരയിലും എന്നതു പോലെ വാലറ്റത്തും ചില പരീക്ഷണങ്ങള്‍ക്കു ദ്രാവിഡ് മുതിര്‍ന്നേക്കും. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ തുടങ്ങിയ കളിക്കാരുടെ ബാറ്റിങ് മികവ് പൂര്‍ണമായും ഉപയോഗപ്പെടുത്താനാകും നീക്കം. മധ്യനിരയിലെന്നപോലെ വാലറ്റത്തും കരുത്തുള്ള ഒരു സംഘമായി ടീമിനെ മാറ്റുന്നത് ദ്രാവിഡിന്റെ ഒരു ശൈലിയാണ്. അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീമിന്റെ ഘടന ദ്രാവിഡ് അങ്ങനെയായിരുന്നു രൂപപ്പെടുത്തിയിരുന്നത്. അത്തരമൊരു നീക്കമാകും ഇന്തന്‍ പരിശീലകനില്‍ നിന്ന് ആദ്യം തന്നെ പ്രതീക്ഷിക്കുന്നത്.

Next Story