സഞ്ജു ചേട്ടൻ കണ്ടു മക്കളേ; വീടിന് മുകളിലെ ഭീമന്‍ പെയിന്‍റിങ്ങിന് താരത്തിൻ്റെ മാസ് മറുപടി

ആവേശം എന്ന ചിത്രത്തിലെ 'ആഹാ അര്‍മാദം' എന്ന ഗാനമാണ് വീഡിയോയ്ക്ക് പശ്ചാത്തലമായി നല്‍കിയിരിക്കുന്നത്
സഞ്ജു ചേട്ടൻ കണ്ടു മക്കളേ; വീടിന് മുകളിലെ ഭീമന്‍ പെയിന്‍റിങ്ങിന് താരത്തിൻ്റെ മാസ് മറുപടി

പാലക്കാട്: ഐപിഎല്ലില്‍ മിന്നും ഫോമിലാണ് മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍. സീസണിലെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ താരത്തിന് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ താരത്തിന്റെ ഭീമന്‍ പെയിന്റിങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പാലക്കാട് സ്വദേശിയായ സുജിത്താണ് തന്റെ വീടിന്റെ മേല്‍ക്കൂരയില്‍ സഞ്ജു സാംസണിന്റെ വലിയ പെയിന്റിങ് ഒരുക്കിയത്. സുജിത് തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 'ഹായ് ചേട്ടാ' എന്ന ക്യാപ്ഷനോടെ സഞ്ജു സാംസണെയും രാജസ്ഥാന്‍ റോയല്‍സിന്റെയും ഔദ്യോഗിക അക്കൗണ്ടുകള്‍ മെന്‍ഷന്‍ ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്. ആവേശം എന്ന ചിത്രത്തിലെ 'ആഹാ അര്‍മാദം' എന്ന ഗാനമാണ് വീഡിയോയ്ക്ക് പശ്ചാത്തലമായി നല്‍കിയിരിക്കുന്നത്.

വീഡിയോ വൈറലായതോടെ സഞ്ജു സാംസണും മറുപടിയായി രംഗത്തെത്തി. 'ഡാ മോനേ സുജിത്തേ' എന്നാണ് സഞ്ജു വീഡിയോയ്ക്ക് താഴെ കമന്റിട്ടത്. ഇന്‍സ്റ്റഗ്രാമില്‍ ഇതിനോടകം തന്നെ 1.4 മില്ല്യണ്‍ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തു.

12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും 16 പോയിന്റുമായി പട്ടികയില്‍ രണ്ടാമതാണ് സഞ്ജുവിന്റെ രാജസ്ഥാന്‍. ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും താരത്തിന്റെ ഏറ്റവും മികച്ച ഐപിഎല്‍ സീസണാണിത്. 12 മത്സരങ്ങളില്‍ നിന്ന് 456 റണ്‍സുമായി സീസണിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാമതാണ് സഞ്ജു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com