

ജപ്പാനും ഇന്ത്യയും തമ്മിലുള്ള കന്നി പോരാട്ടത്തില്‍ ജപ്പാന്റെ ശക്തമായ വെല്ലുവിളിയെ അതിജീവിച്ചാണ് ഇന്ത്യ 2 റണ്‍സിന്റെ ആവേശകരമായ വിജയം സ്വന്തമാക്കിയത്. മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം നിശ്ചിത സമയത്തിന്റെ വലിയൊരു ഭാഗം നഷ്ടമായതിനെ തുടര്‍ന്നാണ് മത്സരം ഓവറിന് 5 ഓവര്‍ വീതമാക്കി കുറച്ചത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും ജപ്പാന്റെ ബൗളര്‍മാര്‍ തുടക്കത്തില്‍ തന്നെ തിരിച്ചടിച്ചു. ആദ്യ പന്തില്‍ തന്നെ അപകടകാരിയായ അഭിഷേക് ശര്‍മയെ ചാര്‍ലി ഹാര-ഹിന്‍സെ പുറത്താക്കി, തൊട്ടടുത്ത രണ്ട് പന്തുകള്‍ക്ക് ശേഷം സഞ്ജു സാംസണെ ഇബ്രാഹിം തകാഹാഷി പുറത്താക്കിയതോടെ ഇന്ത്യ തുടക്കത്തില്‍ തന്നെ തകര്‍ന്നു. മൂന്നാം ഓവറില്‍ ഇഷാന്‍ കിഷനെ പുറത്താക്കി ബെഞ്ചമിന്‍ ഇറ്റോ-ഡേവിസ് ഇന്ത്യയുടെ ദുരന്തം ഇരട്ടിപ്പിച്ചു, നിലവിലെ ചാമ്പ്യന്മാരെ 14/3 എന്ന നിലയിലേക്ക് തള്ളിവിട്ടു. നാലാം ഓവറില്‍ എട്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും, അവസാന ഓവറില്‍ തിരിച്ചെത്തിയ ഹാര-ഹിന്‍സെ ക്യാപ്റ്റന്‍ അയ്യരെ പുറത്താക്കി ഇന്ത്യയെ 32/4 എന്ന സ്‌കോറില്‍ ഒതുക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാന്‍ ജാഗ്രതയോടെയാണ് തുടങ്ങിയതെങ്കിലും ലക്ഷ്യത്തിന് തൊട്ടടുത്തുവരെയെത്തി. ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങി ലക്ഷ്മണ്‍ യാമമോട്ടോ-ലേക്കിനെ പുറത്താക്കി അക്സര്‍ പട്ടേല്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. രണ്ടാം ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ആറ് റണ്‍സ് മാത്രം വഴങ്ങി ഇബ്രാഹിം തകാഹാഷിയെ പുറത്താക്കി. എന്നാല്‍ മൂന്നാം ഓവറില്‍ കെന്‍ഡല്‍ കാഡോവാക്കി-ഫ്‌ലെമിംഗും ബെഞ്ചമിന്‍ ഇറ്റോ-ഡേവിസും ചേര്‍ന്ന് 10 റണ്‍സ് നേടി ജപ്പാന് വീണ്ടും പ്രതീക്ഷ നല്‍കി. അഞ്ചാം ഓവറില്‍ ആറ് റണ്‍സ് കൂടിയ വന്നതോടെ ചരിത്രവിജയത്തിന് അവസാന ഓവറില്‍ ജപ്പാന് 8 റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നത്. എന്നാല്‍ നിര്‍ണായക നിമിഷത്തില്‍ അക്സര്‍ പട്ടേല്‍ സമചിത്തത പാലിച്ചു. അവസാന ഓവറില്‍ വെറും 5 റണ്‍സ് മാത്രം വഴങ്ങിയതോടെ ഇന്ത്യ 2 റണ്‍സിന്റെ കഠിനമായ വിജയം സ്വന്തമാക്കി.
വിജയത്തിന് ശേഷം സംസാരിച്ച ക്യാപ്റ്റന്‍ അയ്യര്‍, ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് വലിയൊരു ഭാഗ്യവും ഒപ്പം വലിയൊരു ഉത്തരവാദിത്തവുമാണെന്ന് പറഞ്ഞു. താന്‍ സമ്മര്‍ദ്ദങ്ങള്‍ ആസ്വദിക്കുന്നുണ്ടെന്നും നായകസ്ഥാനം തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നിരവധി ട്രോഫികള്‍ നേടിയ, കഴിഞ്ഞകാലത്തെ മികച്ച പ്രകടനങ്ങള്‍ സ്വന്തമായുള്ള ഒരു ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ സാധിക്കുന്നത് വളരെ സന്തോഷകരമായ കാര്യമാണ്. ഇതൊരു വലിയ ഉത്തരവാദിത്തമാണ്. ഉത്തരവാദിത്തമില്ലാതെ സമ്മര്‍ദ്ദം ഉണ്ടാകില്ല, സമ്മര്‍ദ്ദ സാഹചര്യങ്ങളിലാണ് ഞാന്‍ കൂടുതല്‍ ശോഭിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. അതിനാല്‍ ഇതൊരു മികച്ച ചുമതലയാണ്, ക്യാപ്റ്റന്‍സി എന്നത് എന്നിലെ ഏറ്റവും മികച്ച പ്രകടനത്തെ പുറത്തെടുക്കുന്ന ഒന്നാണെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു' -മത്സരശേഷം അയ്യര്‍ പറഞ്ഞു.
ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് ക്യാമ്പയിനെക്കുറിച്ച് സംസാരിച്ച അയ്യര്‍, മറ്റൊരു സ്വര്‍ണം നേടുക എന്നതാണ് അന്തിമ ലക്ഷ്യമെങ്കിലും കാര്യങ്ങളെ ഓരോ ഘട്ടമായി സമീപിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചു. നഗോയയിലെ സാഹചര്യങ്ങള്‍ വിലയിരുത്തി, പിച്ച് എങ്ങനെ പെരുമാറുമെന്ന് മനസ്സിലാക്കാനാണ് ടീം ആദ്യം ശ്രമിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. മുന്‍കാല ഫലങ്ങളെയോ ഭാവി പ്രതീക്ഷകളെയോ കുറിച്ച് ചിന്തിക്കാതെ നിലവിലെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാനോയില്‍ നടന്ന ഇന്ത്യ-ജപ്പാന്‍ മത്സരത്തിന്റെ പ്രാധാന്യവും അയ്യര്‍ എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള 75 വര്‍ഷത്തെ നയതന്ത്ര ബന്ധം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദൈര്‍ഘ്യമേറിയ യാത്രയായിരുന്നിട്ടും ഇവന്റ് അവിസ്മരണീയമാക്കിയ സംഘാടകരെയും കാണികളെയും പിന്തുണച്ചവരെയും അദ്ദേഹം പ്രശംസിച്ചു. ചുരുങ്ങിയ ഫോര്‍മാറ്റിലായിരുന്നിട്ടും കളിക്കാര്‍ക്കും കാണികള്‍ക്കും ഇതൊരു ആവേശകരമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജപ്പാന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ച അദ്ദേഹം, തോറ്റെങ്കിലും അവരുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് സമ്മതിച്ചു. അതേസമയം, തോല്‍വിയോടെയാണെങ്കിലും ജാപ്പനീസ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ദിവസമാണെന്ന് ജപ്പാന്‍ ക്യാപ്റ്റന്‍ കെന്‍ഡല്‍ കാഡോവാക്കി-ഫ്‌ലെമിംഗും പ്രതികരിച്ചു. 'ലോകത്തിലെ ഏറ്റവും മികച്ച ടീമിനെ അവസാന പന്ത് വരെ കൊണ്ടുപോകാന്‍ കഴിഞ്ഞതില്‍ ഞങ്ങളുടെ ക്രിക്കറ്റ് ഗ്രൂപ്പിലും സമൂഹത്തിലും എനിക്ക് അഭിമാനമുണ്ട്' -കാഡോവാക്കി-ഫ്‌ലെമിംഗ് പറഞ്ഞു.
content highlights: 'I Thrive Under Pressure': Shreyas After India's Victory Against Japan