'CPIMനെ തകർക്കാനുള്ള കടന്നാക്രമണം,ചില മാധ്യമങ്ങളും MODI-ED- VD കൂട്ടുക്കെട്ടിന്റെ ഭാഗമാകുന്നു'; എം വി ഗോവിന്ദൻ

സിപിഐഎമ്മിനെ ഉന്നം വച്ച്, പ്രധാനപ്പെട്ട നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും എം വി ഗോവിന്ദൻ

'CPIMനെ തകർക്കാനുള്ള കടന്നാക്രമണം,ചില മാധ്യമങ്ങളും MODI-ED- VD കൂട്ടുക്കെട്ടിന്റെ ഭാഗമാകുന്നു'; എം വി ഗോവിന്ദൻ
dot image

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് കേസിലെ ഇഡി കത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിണറായി വിജയനെ ഉന്നം വെച്ചുള്ള നീക്കമാണ് നടക്കുന്നതെന്നും സിപിഐഎമ്മിനെ തകർക്കാനുള്ള കടന്നാക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാത്തരം ആക്രമണങ്ങളെയും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങളും മോദി ഇഡി വിഡി കൂട്ടുക്കെട്ടിന്റെ ഭാഗമായി ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയുമോ എന്ന അന്വേഷണത്തിലാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയന് എതിരെയുള്ള അന്വേഷണത്തില്‍ അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുകയും ശക്തമായ പ്രതിരോധം തീര്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തെളിവിന്റെ ഒരു കണികപോലുമില്ലാത്ത വിഷയത്തില്‍ സിപിഐഎമ്മിന് ഒളിച്ചോടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'എക്‌സാലോജിക്കിന്റെ പേരും പറഞ്ഞാണ് തുടക്കമെങ്കിലും ഇത് ഉന്നംവയ്ക്കുന്നത് പ്രതിപക്ഷ നേതാവ് പിണറായി വിജയനെയാണെന്ന് അന്ന് തന്നെ സിപിഐഎം ചൂണ്ടിക്കാട്ടിയത് ശരിയാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്. മോഡിയും ഇഡിയും വിഡിയും ചേര്‍ന്നുള്ള കൂട്ടുക്കെട്ട് ഇപ്പോള്‍ വീണ്ടും സജീവമായി. സിപിഎഐമ്മിനെ തകര്‍ക്കാനും അതിന് നേതൃത്വം നല്‍കുന്ന പിണറായി വിജയനെ കടന്നാക്രമിക്കാനുമാണ് അവർ ശ്രമിക്കുന്നത്. ഈ രീതി ലോകത്തെമ്പാടും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് എതിരെ വലതുപക്ഷ ശക്തികള്‍ നടത്തിയിട്ടുള്ള അടവ് നിലപാട് തന്നെയാണ്. അതില്‍ പുതുമയില്ല. ഒരു തെളിവുപോലുമില്ലാതെ കള്ളക്കഥകള്‍ ഉണ്ടാക്കിക്കൊണ്ട് പാര്‍ട്ടിക്കെതിരെയുള്ള കടന്നാക്രമണമാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം കേരളത്തിലുടനീളം കഴിഞ്ഞദിവസം രൂപപ്പെട്ട് വന്നിട്ടുണ്ട്', എം വി ഗോവിന്ദൻ പറഞ്ഞു.

'സിപിഐഎമ്മിനെ ഉന്നം വച്ച്, പ്രധാനപ്പെട്ട നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇനിയും ശക്തമായ പ്രതിഷേധം ഉയരും. ഇതുകൊണ്ടൊന്നും സിപിഐഎമ്മിനെ തകര്‍ക്കാന്‍ കഴിയുമെന്ന് മോഡിയും ഇഡിയും വിഡിയും പ്രതീക്ഷിക്കേണ്ടതില്ല. ഇങ്ങനെയുള്ള കടന്നാക്രമണങ്ങളെ അതിജീവിച്ച് കൊണ്ടാണ് സിപിഐഎം മുന്നേറിയിട്ടുള്ളത്. നൂറു കണക്കിന് സഖാക്കളാണ് പാര്‍ട്ടിക്ക് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും ജീവിതം സമര്‍പ്പിച്ചത്. അവരുടെ സ്മരണ ഉയര്‍ത്തിപ്പിടിച്ച് പാര്‍ട്ടിക്ക് എതിരെ വരുന്ന എല്ലാ കടന്നാക്രമണങ്ങളെയും അഭിമുഖീകരിക്കും. പാര്‍ട്ടിയും പ്രസ്ഥാനവും ജനങ്ങളുടെ കരുത്തോടെ മുന്നോട്ട് പോകും. ചില മാധ്യമങ്ങളും മോദി ഇഡി വിഡി കൂട്ടുകെട്ടിന്റെ ഭാഗമായി പാര്‍ട്ടിയെ തകര്‍ക്കാന്‍ ഈ സന്ദര്‍ഭത്തില്‍ സാധിക്കുമോ എന്ന അന്വേഷണത്തിലാണ്', എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.

Content Highlights: CPIM state secretary M V Govindan alleged that efforts are taking place to weakening party. He also alleged that some media outlets have become part of what he described as a Modi ED V D Satheesan nexus.

dot image
To advertise here,contact us
dot image