ലോക കേരളസഭ പിരിച്ചുവിടും; പ്രവാസികള്‍ക്കായി ഒരു പ്ലാറ്റ്‌ഫോം ഉണ്ടാകും: മുഖ്യമന്ത്രി

പ്രവാസികളുടെ വിഷയങ്ങള്‍ കൂടുതല്‍ അഡ്രസ്സ് ചെയ്യാനുള്ള ഒരു ബദല്‍ സംവിധാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി

ലോക കേരളസഭ പിരിച്ചുവിടും; പ്രവാസികള്‍ക്കായി ഒരു പ്ലാറ്റ്‌ഫോം ഉണ്ടാകും: മുഖ്യമന്ത്രി
dot image

ലോക കേരളസഭ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പകരം വളരെ ഫലപ്രദമായ ഒരു സംവിധാനം ഉണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യത്തെ സഭ കൂടിയെടുത്ത തീരുമാനങ്ങള്‍ തന്നെയാണ് പിന്നീടുള്ള സഭ വന്നപ്പോഴെടുത്തതെന്നും ഒരു തീരുമാനവും നടപ്പാക്കിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. അതുകൊണ്ടാണ് ലോകകേരള സഭ പിരിച്ചുവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'പ്രവാസികള്‍ക്ക് ഒരു പ്ലാറ്റ്‌ഫോം ഉണ്ടാകും. പ്രവാസികളുടെ വിഷയങ്ങള്‍ കൂടുതല്‍ അഡ്രസ്സ് ചെയ്യാനുള്ള ഒരു ബദല്‍ സംവിധാനം ഉണ്ടാകും. അതുകൂടാതെ ബജറ്റില്‍ പറഞ്ഞതുപോലെ അവരുടെ റെമിറ്റന്‍സ് ഇക്കോണമിയെ ഇന്‍വെസ്റ്റ്‌മെന്റ് ഇക്കോണമി ആക്കി മാറ്റാന്‍ വേണ്ടിയിട്ടുള്ള സംരംഭം കൂടിയുള്ള വലിയ പദ്ധതിയും ഉണ്ടാകും. അതിനുവേണ്ടി മുഖ്യമന്ത്രി ചെയര്‍മാനും വ്യവസായ മന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയും ആരോഗ്യ മന്ത്രിയും ജലസേചന വകുപ്പ് മന്ത്രിയും ഉള്‍പ്പെട്ട ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്', മുഖ്യമന്ത്രി പറഞ്ഞു.

ഫെസ്റ്റിവല്‍ കേരള നടത്തുന്നതിന് വേണ്ടിയും മുഖ്യമന്ത്രി ചെയര്‍മാനും സാംസ്‌കാരിക മന്ത്രി കണ്‍വീനറും ആയിട്ടുള്ള ഒരു മന്ത്രിസഭാ ഉപസമിതിയും രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ വിമാന-ഹെലികോപ്റ്റര്‍ യാത്രയ്ക്ക് സര്‍ക്കാരിന്റെ ഒരു പൈസ പോലും ചെലവായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മലയാളിയായ ഒരു പരിചയക്കാരനാണ് മലപ്പുറം യാത്രയ്ക്കുള്ള വിമാനം അറേഞ്ച് ചെയ്തു തന്നത്. അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കാനില്ല. ഇനിയും ഇത്തരത്തില്‍ സഞ്ചരിക്കുമെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും ഇത്തരത്തില്‍ സ്വകാര്യ വ്യക്തികള്‍ അറേഞ്ച് ചെയ്ത വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മുഴുവന്‍ മുഖ്യമന്ത്രിമാരും ഇത്തരത്തില്‍ സഞ്ചരിക്കുന്നവരാണെന്നും വി ഡി സതീശന്‍ ന്യായീകരിച്ചു.

Content Highlights: Kerala Chief Minister V D Satheesan announced that the Loka Kerala Sabha will be dissolved

dot image
To advertise here,contact us
dot image