ലോകകപ്പിന് മുമ്പുള്ള അവസാന ഏകദിന മത്സരത്തിൽ ഇന്ത്യക്ക് തോൽവി; മൂന്നാം ഏകദിനത്തില് ഓസീസിന് ആശ്വാസജയം

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടിലും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു

dot image

രാജ്കോട്ട്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില് ഓസീസിന് ആശ്വാസവിജയം. 66 റണ്സിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തകര്ത്തത്. ഓസ്ട്രേലിയ മുന്നോട്ട് വെച്ച 353 റണ്സെന്ന കൂറ്റന് വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യയ്ക്ക് വെറും രണ്ട് പന്തുകള് ബാക്കി നില്ക്കെ വിക്കറ്റുകളെല്ലാം നഷ്ടപ്പെട്ടു. 49.4 ഓവറില് 286 റണ്സ് മാത്രമാണ് ഹിറ്റ്മാനും സംഘത്തിനും നേടാന് കഴിഞ്ഞത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

അതിഥികള് ഉയര്ത്തിയ കൂറ്റന് വിജയലക്ഷ്യത്തിേലക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഇഷാന് കിഷന്റെയും ശ്രേയസ് അയ്യരുടെയും അഭാവത്തില് വാഷിങ്ടണ് സുന്ദറാണ് ക്യാപ്റ്റന് രോഹിത് ശര്മ്മയ്ക്കൊപ്പം ഓപ്പണിങ്ങിനിറങ്ങിയത്. ഹിറ്റ്മാന് വെടിക്കെട്ടോടെ തുടങ്ങിയെങ്കിലും വാഷിങ്ടണ് സുന്ദര് നിരാശപ്പെടുത്തി. 30 പന്തില് നിന്ന് 18 റണ്സ് നേടിയ സുന്ദറിനെ ഗ്ലെന് മാക്സ്വെല് പുറത്താക്കി. എന്നാല് വണ് ഡൗണായി ഇറങ്ങിയ വിരാട് കോഹ്ലിയെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യന് സ്കോര് 100 കടത്തി. ടീം സ്കോര് 144ല് നില്ക്കേ രോഹിത്തിനെ പുറത്താക്കി മാക്സ്വെല് ഇന്ത്യന് പ്രതീക്ഷകളെ തകര്ത്തു. 57 പന്തില് ആറ് സിക്സും അഞ്ച് ബൗണ്ടറിയുമടക്കം 81 റണ്സെടുത്ത ഹിറ്റ്മാനാണ് ഇന്ത്യയുടെ ടോപ് സ്കോറര്. അര്ധ സെഞ്ച്വറി തികച്ച് അധികം വൈകാതെ തന്നെ കോഹ്ലിയും മടങ്ങിയത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. 61 പന്തില് ഒരു സിക്സും അഞ്ച് ഫോറുമടക്കം 56 റണ്സാണ് കോഹ്ലി നേടിയത്. ഈ വിക്കറ്റും പിഴുതത് മാക്സ്വെല്ലായിരുന്നു.

പിന്നീട് ക്രീസിലൊരുമിച്ച കെ എല് രാഹുലും ശ്രേയസ്സ് അയ്യരും തകര്ത്തടിച്ചതോടെ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ കൈവന്നു. ടീം സ്കോര് 223ല് നില്ക്കേ രാഹുലിനെ കൂടാരം കയറ്റി സ്റ്റാര്ക്കാണ് ആ കൂട്ടുകെട്ട് തകര്ത്തത്. 30 പന്തില് 26 റണ്സ് നേടിയ രാഹുലിനെ സ്റ്റാര്ക് അലക്സ് കാരിയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില് തന്നെ ശ്രേയസ് അയ്യരേയും ഇന്ത്യക്ക് നഷ്ടമായി. 43 പന്തില് 48 റണ്സ് നേടിയ ശ്രേയസ്സ് അയ്യരുടെ വിക്കറ്റും സ്വന്തമാക്കി മാക്സ്വെല് തിളങ്ങിയതോടെ ഓസീസ് മത്സരം പിടിമുറുക്കി. എട്ട് റണ്സ് മാത്രമെടുത്ത സൂര്യകുമാര് യാദവ് നിരാശപ്പെടുത്തി. കുല്ദീപ് യാദവ് (2), ജസ്പ്രീത് ബുംറ (5) എന്നിവരും വേഗം മടങ്ങി. രവീന്ദ്ര ജഡേജ ക്രീസിലുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും 35 റണ്സെടുത്ത താരത്തെ പുറത്താക്കി തന്വീര് സങ്ക തിരിച്ചടിച്ചു. ഒടുവില് 49.4 ഓവറില് 286 റണ്സിന് ഇന്ത്യ ഓള്ഔട്ടായി. ഓസ്ട്രേലിയക്കായി മിച്ചല് മാര്ഷ്, ഡേവിഡ് വാര്ണര്, സ്റ്റീവ് സ്മിത്ത്, മാര്നസ് ലബുഷെയ്ന് എന്നിവര് അര്ധ സെഞ്ച്വറി നേടി.ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര മൂന്നും കുല്ദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 352 റണ്സ് എടുത്തു. തകര്ത്തടിച്ച ഓസീസ് മുന്നിര ബാറ്റര്മാര് ഇന്ത്യന് ബൗളര്മാരെ തലങ്ങും വിലങ്ങും പായിക്കുന്ന കാഴ്ചയായിരുന്നു രാജ്കോട്ടില് കണ്ടത്. ഓസീസ് നിരയില് ഡേവിഡ് വാര്ണര്, മിച്ചല് മാര്ഷ്, സ്റ്റീവ് സ്മിത്ത്, മാര്നസ് ലബുഷെയ്ന് എന്നിവരെല്ലാം അര്ദ്ധ സെഞ്ച്വറി നേടി തിളങ്ങി. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുമ്ര മൂന്നും കുല്ദീപ് യാദവും രണ്ടും വിക്കറ്റുകള് വീതം വീഴ്ത്തി.

dot image
To advertise here,contact us
dot image