അമ്പതാം വയസില്‍ ആരംഭിച്ച സ്വപ്നം: ഇന്ത്യയുടെ ബ്യൂട്ടി സാമ്രാജ്യം പടുത്തുയര്‍ത്തിയ ഫാല്‍ഗുനി നയ്യാര്‍

സ്ത്രീകള്‍ക്ക് വിശ്വാസത്തോടെ ബ്യൂട്ടി ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം ഇല്ലെന്നായിരുന്നു ഫാല്‍ഗുനിയുടെ നിരീക്ഷണം. അതാണ് നൈകയുടെ ജനനത്തിന് കാരണമായത്

അമ്പതാം വയസില്‍ ആരംഭിച്ച സ്വപ്നം: ഇന്ത്യയുടെ ബ്യൂട്ടി സാമ്രാജ്യം പടുത്തുയര്‍ത്തിയ ഫാല്‍ഗുനി നയ്യാര്‍
പി ജി സുജ
1 min read|07 May 2026, 04:25 pm
dot image

പലരും വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്ന അമ്പതാം വയസിലാണ് ഫാല്‍ഗുനി നയ്യാര്‍ ഒരു പുതിയ സംരംഭം എന്ന സ്വപ്നം കാണാന്‍ തുടങ്ങിയത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ലോകത്ത് വേറിട്ട വഴിയിലൂടെ നടന്ന് ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി വിജയം വരിച്ച സംരംഭകയാണ് അവര്‍. ആ ചെറിയ സംരംഭം പിന്നീട് വമ്പന്‍ ബ്രാന്‍ഡുകളെ വരെ പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും വലിയ ബ്യൂട്ടി-ലൈഫ് സ്‌റ്റൈല്‍ പ്ലാറ്റ്‌ഫോമുകളിലൊന്നായ നൈക ആയി വളര്‍ന്നു.

സാധാരണ കുടുംബത്തില്‍ നിന്ന് ഐഐഎം വരെ

1963ല്‍ മുംബൈയിലെ ഒരു ഗുജറാത്തി ബിസിനസ് കുടുംബത്തിലാണ് ഫാല്‍ഗുനി ജനിച്ചത്. ചെറുപ്പം മുതല്‍ ബിസിനസിനോടും സാമ്പത്തിക ലോകത്തോടും താല്‍പര്യമുണ്ടായിരുന്നു. മുംബൈ സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്‌സ് ബിരുദം നേടിയ ശേഷം പ്രമുഖ മാനേജ്‌മെന്റ് സ്ഥാപനമായ ഐഐഎം അഹമ്മദാബാദില്‍ എംബിഎ പൂര്‍ത്തിയാക്കി.

കോടികളുടെ ശമ്പളം ഉപേക്ഷിച്ച തീരുമാനം

പഠനം പൂര്‍ത്തിയാക്കിയ ഫാല്‍ഗുനി നയ്യാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് മേഖലയിലേക്ക് കടന്നു. ഏകദേശം 20 വര്‍ഷത്തോളം അവര്‍ കോട്ടക് മഹിന്ദ്ര ബാങ്കില്‍ വിവിധ നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. മാനേജിങ് ഡയറക്ടറായി. വലിയ ശമ്പളവും സുരക്ഷിതമായ കരിയറും ഉണ്ടായിരുന്നെങ്കിലും സ്വന്തമായി എന്തെങ്കിലും വേണമെന്ന മോഹം അവരെ വിട്ടുമാറിയില്ല.

2012ല്‍, 50-ാം വയസില്‍, അവര്‍ ജോലി രാജിവെച്ചു. ഒരു ഇ-കൊമേഴ്‌സ് ബിസിനസ് ആരംഭിക്കാനായിരുന്നു തീരുമാനം. ആ സമയത്ത് ഇന്ത്യയില്‍ ഓണ്‍ലൈന്‍ ബ്യൂട്ടി വിപണി വളരെ ചെറുതായിരുന്നു. സ്ത്രീകള്‍ക്ക് വിശ്വാസത്തോടെ ബ്യൂട്ടി ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം ഇല്ലെന്നായിരുന്നു ഫാല്‍ഗുനിയുടെ നിരീക്ഷണം. അതാണ് നൈക തുടങ്ങാന്‍ കാരണമായത്.

നൈകയുടെ തുടക്കം: വിശ്വാസം വിറ്റ ബ്രാന്‍ഡ്

വ്യാജ ഉല്‍പന്നങ്ങള്‍ വ്യാപകമായിരുന്ന സമയത്താണ് നൈക എത്തിയത്. ''ഒറിജിനല്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം'' എന്ന നിലപാട് ബ്രാന്‍ഡിന് വേഗത്തില്‍ വിശ്വാസ്യത നല്‍കി. തുടക്കത്തില്‍ വെബ്‌സൈറ്റ് വഴിയായിരുന്നുവെങ്കിലും നൈക പിന്നീട് മൊബൈല്‍ ആപ്പിലേക്കും ഓഫ്ലൈന്‍ സ്റ്റോറുകളിലേക്കും വ്യാപിച്ചു. ബ്യൂട്ടി ഉല്‍പന്നങ്ങള്‍ക്കൊപ്പം ഫാഷന്‍, സ്‌കിന്‍കെയര്‍, വെല്‍നെസ് മേഖലകളിലേക്കും കമ്പനി കടന്നു. ചെറുപട്ടണങ്ങളിലെ സ്ത്രീകളെയും ലക്ഷ്യമിട്ടത് വളര്‍ച്ചയ്ക്ക് വേഗം നല്‍കി.

ഐപിഒയും ചരിത്രനേട്ടവും

2021ലാണ് നൈക ഓഹരി വിപണിയിലേക്ക് കടന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഐപിഒകളിലൊന്നായി ഇത് മാറി. ലിസ്റ്റിങ് ദിനത്തില്‍ ഓഹരി വില വന്‍ ഉയര്‍ച്ച രേഖപ്പെടുത്തി. ഇതോടെ ഫാല്‍ഗുനി നയ്യാര്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്വയം നിര്‍മിത വനിതാ സംരംഭകയായി മാറി.

ഇന്നത്തെ നൈക: അക്കങ്ങളില്‍ പറയുന്ന വളര്‍ച്ച

ഇപ്പോള്‍ നൈക ഇന്ത്യയിലെ ഏറ്റവും വലിയ ബ്യൂട്ടി-ലൈഫ് സ്‌റ്റൈല്‍ റീട്ടെയില്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം ഏകദേശം 7,950 കോടി രൂപയിലെത്തി. വാര്‍ഷിക ലാഭം 72 കോടിയിലധികം. 24 ശതമാനം വരുമാന വര്‍ധനയായിരുന്നു ഇത്. 4.5 കോടി പേരെയാണ് നൈക സ്വന്തമാക്കിയത്. ഇന്ത്യയൊട്ടാകെ 250ലധികം സ്റ്റോറുകളുമായി 80 ലേറെ നഗരങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2026ലെ റിപ്പോര്‍ട്ടുകളനുസരിച്ച് ഫാല്‍ഗുനി നയ്യാറിന്റെ വ്യക്തിഗത സമ്പത്ത് 400 കോടി ഡോളറിന് മുകളിലാണ്.

പലര്‍ക്കും ''വൈകിപ്പോയി'' എന്ന് തോന്നുന്ന പ്രായത്തിലാണ് ഫാല്‍ഗുനി ജീവിതത്തിലെ ഏറ്റവും വലിയ റിസ്‌ക് എടുത്തത്. അതുകൊണ്ടുതന്നെ അവരുടെ കഥ ഒരു ബിസിനസ് വിജയകഥ മാത്രമല്ല, സ്വപ്നങ്ങളെ പിന്തുടരാനുള്ള പ്രചോദനവുമാണ്.

Content Highlights: Falguni Nayar is the founder and CEO of the beauty and lifestyle retail company Nykaa. She is a self-made billionaire businesswoman. 

dot image
To advertise here,contact us
dot image