10,000 രൂപയില്‍ തുടങ്ങിയ മരുന്നു കട; സണ്‍ ഫാര്‍മ ഇന്ന് അമേരിക്കന്‍ കമ്പനിയെ ഏറ്റെടുക്കുന്നത് ലക്ഷം കോടിക്ക്!

2007ല്‍ ടാറ്റ സ്റ്റീല്‍ കോറസിനെ ഏറ്റെടുത്തതിന് ശേഷം ഒരു ഇന്ത്യന്‍ കമ്പനി നടത്തുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്

10,000 രൂപയില്‍ തുടങ്ങിയ മരുന്നു കട; സണ്‍ ഫാര്‍മ ഇന്ന് അമേരിക്കന്‍ കമ്പനിയെ ഏറ്റെടുക്കുന്നത് ലക്ഷം കോടിക്ക്!
dot image

ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ അനിഷേധ്യനായകന്‍ ദിലീപ് സാങ്വി വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. അമേരിക്കന്‍ കമ്പനിയായ ഒര്‍ഗാനോണ്‍ ആന്‍ഡ് കമ്പനിയെ ഏകദേശം 1250 കോടി ഡോളറിന് (ഏകദേശം 1 ലക്ഷം കോടി രൂപ) ഏറ്റെടുക്കാനുള്ള നീക്കത്തിലൂടെ സണ്‍ ഫാര്‍മ തങ്ങളുടെ ആഗോള സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ്. 2007ല്‍ ടാറ്റ സ്റ്റീല്‍ കോറസിനെ ഏറ്റെടുത്തതിന് ശേഷം ഒരു ഇന്ത്യന്‍ കമ്പനി നടത്തുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്.

തുടക്കം കൊല്‍ക്കത്തയിലെ തെരുവില്‍ നിന്ന്

ശതകോടീശ്വരനായ ദിലീപ് സാങ്വിയുടെ തുടക്കം തികച്ചും സാധാരണമായിരുന്നു. കൊല്‍ക്കത്തയിലെ ഹോള്‍സെയില്‍ മരുന്ന് മാര്‍ക്കറ്റായ ദവ ബസാറില്‍ പിതാവിനൊപ്പം മരുന്ന് വിതരണക്കാരനായാണ് അദ്ദേഹം ബിസിനസ്സ് ജീവിതം തുടങ്ങിയത്. 1983ല്‍ പിതാവില്‍ നിന്ന് കടം വാങ്ങിയ 10,000 രൂപയുമായി അദ്ദേഹം സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് സ്ഥാപിച്ചു. വെറും അഞ്ച് ഉല്‍പന്നങ്ങളും രണ്ട് മാര്‍ക്കറ്റിങ് ജീവനക്കാരുമായി തുടങ്ങിയ ആ കമ്പനി ഇന്ന് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള മരുന്ന് കമ്പനിയായി വളര്‍ന്നു കഴിഞ്ഞു.

ഏറ്റെടുക്കലുകളിലൂടെയുള്ള വളര്‍ച്ച

മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി സണ്‍ ഫാര്‍മയുടെ വളര്‍ച്ചയില്‍ സിംഹഭാഗവും ഏറ്റെടുക്കലുകളിലൂടെയായിരുന്നു. പ്രതിസന്ധിയിലായ കമ്പനികളെ കുറഞ്ഞ വിലയ്ക്ക് വാങ്ങി, അവയുടെ പോരായ്മകള്‍ പരിഹരിച്ച് ലാഭകരമാക്കുന്നതാണ് സാങ്വിയുടെ രീതി. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇസ്രായേലി കമ്പനിയായ താരോ ഫാര്‍മസ്യൂട്ടിക്കല്‍സും ഇന്ത്യന്‍ കമ്പനിയായ റാന്‍ബാക്‌സിയും.

2014ല്‍ റാന്‍ബാക്‌സിയെ ഏറ്റെടുത്തത് സണ്‍ ഫാര്‍മയുടെ ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായി. ഗുണനിലവാര പ്രശ്‌നങ്ങളില്‍ വലഞ്ഞ റാന്‍ബാക്‌സിയെ ഏറ്റെടുക്കാന്‍ പലരും മടിച്ചപ്പോള്‍, സാങ്വി അത് ഒരു അവസരമായി കണ്ട് ഏറ്റെടുക്കുകയും ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് കമ്പനിയായി സണ്‍ ഫാര്‍മയെ മാറ്റുകയും ചെയ്തു. ക്ഷമയാണ് ബിസിനസ്സിലെ ഏറ്റവും വലിയ ആയുധമെന്ന് താരോ ഏറ്റെടുക്കലിലൂടെ അദ്ദേഹം തെളിയിച്ചു. വര്‍ഷങ്ങളോളം ക്ഷമയോടെ കാത്തിരുന്നും ഓഹരികള്‍ ഘട്ടംഘട്ടമായി വര്‍ധിപ്പിച്ചുമാണ് അദ്ദേഹം താരോയുടെ പൂര്‍ണ നിയന്ത്രണം നേടിയത്.

അമേരിക്കയിലെ കാരക്കോ, ഡിയുഎസ്എ, ഫാര്‍മലൂസെന്‍സ് തുടങ്ങിയ കമ്പനികളെ ഏറ്റെടുത്തതിലൂടെ ലോകത്തിലെ ഏറ്റവും വലിയ മരുന്ന് വിപണിയായ യുഎസ്സില്‍ സണ്‍ ഫാര്‍മയ്ക്ക് ശക്തമായ വേരോട്ടം ലഭിച്ചു. ഡെര്‍മറ്റോളജി, ഓങ്കോളജി, ഒഫ്താല്‍മോളജി തുടങ്ങിയ പ്രത്യേക മേഖലകളില്‍ സണ്‍ ഫാര്‍മ ഇന്ന് ലോകത്തെ മുന്‍നിരക്കാരാണ്.

ഇത്ര വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടും തികച്ചും സാധാരണക്കാരനായി ജീവിക്കാനാണ് 70കാരനായ ദിലീപ് സാങ്വി ഇഷ്ടപ്പെടുന്നത്. മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അദ്ദേഹം ആഡംബര പാര്‍ട്ടികളിലോ പൊതുചടങ്ങുകളിലോ സജീവമല്ല. വെറും ലാഭം മാത്രമല്ല, മറിച്ച് കൃത്യമായ ലക്ഷ്യബോധവും ബിസിനസ്സ് അച്ചടക്കവുമാണ് സണ്‍ ഫാര്‍മയെ ഈ ഉയരങ്ങളില്‍ എത്തിച്ചത്. കൊല്‍ക്കത്തയിലെ ചെറിയ വ്യാപാരിയില്‍ നിന്ന് ആഗോള ബൈഔട്ട് ആര്‍ട്ടിസ്റ്റ് ആയി മാറിയ ദിലീപ് സാങ്വിയുടെ കഥ ഏതൊരു സംരംഭകനും പ്രചോദനമാണ്.

Content Highlights: Sun Pharma, led by Dilip Shanghvi, is poised for its largest overseas acquisition, a $12.5 billion deal for Organon & Co. This move continues Shanghvi's proven strategy of acquiring companies to fuel growth and global expansion. His approach prioritizes strategic advantage and turnaround potential, as seen in past landmark deals like Ranbaxy and Taro.

dot image
To advertise here,contact us
dot image