ഭാര്യയുടെ പേരിൽ സ്വർണം വാങ്ങിയോ? ആ സ്വർണം ഭാര്യ വിറ്റാലും നികുതി ഭർത്താവ് നല്‍കേണ്ടി വരാം: അറിയാം ആ നിയമം

സ്വർണം വാങ്ങാൻ ഉപയോഗിച്ച പണത്തിന്റെ ഉറവിടമാണ് ഇവിടെ ഏറ്റവും പ്രധാനം

ഭാര്യയുടെ പേരിൽ സ്വർണം വാങ്ങിയോ? ആ സ്വർണം ഭാര്യ വിറ്റാലും നികുതി ഭർത്താവ് നല്‍കേണ്ടി വരാം: അറിയാം ആ നിയമം
അജ്മല്‍ എം കെ
3 min read|07 Nov 2026, 05:04 pm
dot image

ആഘോഷവേളകളിലും വിശേഷദിവസങ്ങളിലുമെല്ലാം പങ്കാളികളുടെ പേരിൽ സ്വർണാഭരണങ്ങളോ നാണയങ്ങളോ വാങ്ങുന്നത് പതിവാണ്. സ്വന്തം വരുമാനത്തിൽ നിന്നുള്ള പണം ഉപയോഗിച്ച് പങ്കാളിക്ക് സ്വർണം വാങ്ങി നൽകുമ്പോൾ സാധാരണയായി വാങ്ങുന്ന സമയത്ത് പ്രത്യേക ആദായനികുതി ബാധ്യതയുണ്ടാകില്ല. എന്നാൽ പിന്നീട് ഈ സ്വർണം വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് ആരാണ് നികുതി നൽകേണ്ടതെന്ന കാര്യത്തിൽ വ്യക്തമായ ധാരണ വേണം. സ്വർണം വാങ്ങാൻ ഉപയോഗിച്ച പണത്തിന്റെ ഉറവിടമാണ് ഇവിടെ ഏറ്റവും പ്രധാനം.

ഭർത്താവ് സ്വന്തം വരുമാനത്തിൽ നിന്നുള്ള പണം ഉപയോഗിച്ച് ഭാര്യയ്ക്ക് സ്വർണം വാങ്ങി നൽകുകയോ പണം സമ്മാനമായി നൽകുകയോ ചെയ്താൽ അതിന് സാധാരണയായി ആദായനികുതി നൽകേണ്ടതില്ല. കാരണം, ആദായനികുതി നിയമപ്രകാരം ഭർത്താവും ഭാര്യയും ബന്ധുക്കളുടെ നിർവചനത്തിൽ ഉൾപ്പെടുന്നു. അതിനാൽ പങ്കാളിക്ക് നൽകുന്ന സമ്മാനത്തിന് നികുതി ഇളവുണ്ട്. എന്നാൽ ഈ പണം ഉപയോഗിച്ച് വാങ്ങിയ സ്വർണം പിന്നീട് വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന്റെ കാര്യത്തിൽ നികുതി ബാധ്യതയുണ്ടാകാം.

ഇവിടെയാണ് ആദായനികുതി നിയമത്തിലെ 'ക്ലബ്ബിംഗ്' വ്യവസ്ഥ പ്രസക്തമാകുന്നത്. ഭർത്താവ് ഭാര്യയ്ക്ക് പ്രതിഫലമില്ലാതെ കൈമാറിയ പണം ഉപയോഗിച്ച് വാങ്ങിയ സ്വർണം വിൽക്കുമ്പോൾ ലഭിക്കുന്ന മൂലധന നേട്ടം ഭർത്താവിന്റെ വരുമാനത്തോടൊപ്പം ചേർത്താണ് നികുതി കണക്കാക്കുക. അതായത്, സ്വർണം ഭാര്യയുടെ പേരിലാണെങ്കിലും വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭത്തിന് നികുതി നൽകേണ്ടിവരുന്നത് ഭർത്താവായിരിക്കാം.

അതേസമയം, ഭാര്യ സ്വന്തം വരുമാനം ഉപയോഗിച്ചാണ് സ്വർണം വാങ്ങുന്നതെങ്കിൽ ഈ ക്ലബ്ബിംഗ് വ്യവസ്ഥ ബാധകമാകില്ല. ഭർത്താവ് വീട്ടുചെലവുകൾക്കായി നൽകുന്ന പണത്തിൽ നിന്ന് ഭാര്യ മിച്ചംപിടിച്ച തുക ഉപയോഗിച്ച് സ്വർണം വാങ്ങുന്ന സാഹചര്യത്തിലും വ്യത്യാസമുണ്ടാകാം. അതിനാൽ പണം എവിടെനിന്നാണ് ലഭിച്ചതെന്നും എങ്ങനെയാണ് ഉപയോഗിച്ചതെന്നും വ്യക്തമാക്കുന്ന രേഖകൾ സൂക്ഷിക്കേണ്ടത് പ്രധാനമാണ്.

സ്വർണം വിൽക്കുമ്പോഴുള്ള നികുതി നിരക്ക് അത് എത്രകാലം കൈവശം വെച്ചിരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. വാങ്ങി 24 മാസത്തിനുള്ളിൽ വിൽക്കുകയാണെങ്കിൽ ലഭിക്കുന്ന ലാഭം ഹ്രസ്വകാല മൂലധന നേട്ടമായി കണക്കാക്കി ബന്ധപ്പെട്ട വ്യക്തിയുടെ ആകെ വരുമാനത്തിനൊപ്പം ചേർത്ത് നികുതി സ്ലാബ് അനുസരിച്ച് നികുതി ഈടാക്കും. 24 മാസത്തിൽ കൂടുതൽ കൈവശം വെച്ച ശേഷമാണ് വിൽക്കുന്നതെങ്കിൽ ദീർഘകാല മൂലധന നേട്ടമായി കണക്കാക്കും. നിലവിലെ വ്യവസ്ഥപ്രകാരം ഇൻഡക്സേഷൻ ആനുകൂല്യമില്ലാതെ 12.5 ശതമാനമാണ് ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതി നിരക്ക്.

ഭാര്യയുടെ പേരിൽ വലിയ തുകയ്ക്ക് സ്വർണം വാങ്ങുന്നത് നിയമവിരുദ്ധമല്ല. എന്നാൽ പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്ക് ഇടയാകാം. അതിനാൽ സ്വർണം വാങ്ങിയതിന്റെ യഥാർഥ ബില്ലുകൾ, പണമടച്ചതിന്റെ രസീതുകൾ, ബാങ്ക് ഇടപാടുകളുടെ രേഖകൾ, പണം സമ്മാനമായി നൽകിയതാണെങ്കിൽ അതുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ സൂക്ഷിക്കണം. ആവശ്യമെങ്കിൽ സ്വർണത്തിന്റെ മൂല്യം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകളും കൈവശം വെക്കാം.

ചുരുക്കത്തിൽ, ഭാര്യയുടെ പേരിൽ സ്വർണം വാങ്ങുന്നതിൽ പ്രശ്നമില്ല. എന്നാൽ അതിന് ഉപയോഗിച്ച പണത്തിന്റെ ഉറവിടവും ഭാവിയിൽ വിൽക്കുമ്പോഴുണ്ടാകുന്ന നികുതി ബാധ്യതയും സംബന്ധിച്ച് വ്യക്തമായ ധാരണ വേണം. കൃത്യമായ രേഖകൾ സൂക്ഷിക്കുന്നത് ഭാവിയിൽ ആദായനികുതി വകുപ്പിന്റെ അന്വേഷണം ഉണ്ടായാൽ സഹായകരമാകും.

Content Highlights: Buying gold in a wife's name using the husband's income may have tax implications when it is sold. Under the clubbing provisions of India's Income-tax Act, 2025, capital gains from assets transferred to a spouse without adequate consideration may be included in the transferor's taxable income. However, the rules may not apply when the wife buys gold using her own income

dot image
To advertise here,contact us
dot image