

തമിഴ്നാട്ടിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഡിജിറ്റൽ കരുത്തേകുന്നതിനായി 2,000 കോടി രൂപയുടെ വെട്രി ലാപ്ടോപ്പ് പദ്ധതി നടപ്പാക്കാൻ സർക്കാർ നടപടി ആരംഭിച്ചു. 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ ഡിജിറ്റൽ പഠനസൗകര്യങ്ങളും സാങ്കേതിക നൈപുണ്യവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
സർക്കാർ, സർക്കാർ എയ്ഡഡ് കോളേജുകളിൽ പഠിക്കുന്ന വിവിധ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 2026-27 അധ്യയന വർഷത്തിൽ ഒന്നാം വർഷ, രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഡിപ്ലോമ വിദ്യാർത്ഥികൾക്കും ലാപ്ടോപ്പുകൾ വിതരണം ചെയ്യും.
ആർട്സ് ആൻഡ് സയൻസ്, എൻജിനീയറിങ്, പോളിടെക്നിക്, ഐടിഐ, മെഡിക്കൽ, വെറ്ററിനറി സയൻസ്, ഫിഷറീസ്, കാർഷികം, നിയമം തുടങ്ങിയ മേഖലകളിൽ പഠിക്കുന്നവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ അധ്യയന വർഷമായ 2025-26ൽ ലാപ്ടോപ്പ് ലഭിക്കാതിരുന്ന മൂന്നാം വർഷ, നാലാം വർഷ പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്കും പുതിയ പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കും. ഇതോടെ നേരത്തെ ലാപ്ടോപ്പ് വിതരണത്തിൽ ഉൾപ്പെടാതെ പോയ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കും.
എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനയാണ് സർക്കാർ നൽകുന്നത്. ഇവർക്ക് Intel Core i5 പ്രോസസറോ അതിന് തുല്യമായ ഉയർന്ന സാങ്കേതിക നിലവാരമുള്ള ലാപ്ടോപ്പുകളാണ് നൽകുക. സാങ്കേതിക പഠനത്തിനും പ്രോഗ്രാമിങ്ങിനും വിവിധ സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നതിനും ഇത് സഹായകരമാകും.
പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഉന്നതതല സമിതി രൂപീകരിക്കും. ലാപ്ടോപ്പുകൾ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് വാങ്ങുന്നതിനുള്ള ചുമതല തമിഴ്നാട് ഇലക്ട്രോണിക്സ് കോർപ്പറേഷനായ ELCOT-നാണ് നൽകിയിരിക്കുന്നത്.
വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കുക, ഡിജിറ്റൽ വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുക, തൊഴിൽനൈപുണ്യം മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് സ്വന്തമാക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത ലഘൂകരിക്കാനും ഡിജിറ്റൽ പഠനസൗകര്യങ്ങൾ കൂടുതൽ പ്രാപ്യമാക്കാനും പദ്ധതി സഹായകമാകും.
ലാപ്ടോപ്പ് വിതരണം ആരംഭിക്കുന്ന തീയതി, ഗുണഭോക്താക്കികളുടെ അന്തിമ പട്ടിക, കോളേജ് മുഖേനയുള്ള നടപടികൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർക്കാർ ഉടൻ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ പഠനത്തിന് കൂടുതൽ കരുത്തേകുന്ന ഈ പദ്ധതിയിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയുടെ പുതിയ ലോകത്തേക്ക് കടക്കാൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
Content Highlights: Tamil Nadu’s ₹2,000-Crore Vetri Laptop Scheme: CM Vijay Announces Free Laptops for College Students in 2026-27; Check Eligibility, Courses Covered and Key Details