'നന്ദകുമാറിന്റെ പരാമർശം മലപ്പുറത്തെ ജനസമൂഹത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുന്നത്, കേസെടുക്കണം': യൂത്ത് ലീഗ്

രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്താന്‍ കാരണമാകുന്നതാണ് പരാമര്‍ശമെന്നും യൂത്ത് ലീഗ് പരാതിയിൽ പറയുന്നു

'നന്ദകുമാറിന്റെ പരാമർശം മലപ്പുറത്തെ ജനസമൂഹത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുന്നത്, കേസെടുക്കണം': യൂത്ത് ലീഗ്
dot image

മലപ്പുറം:സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ പി നന്ദകുമാറിന്റെ മലപ്പുറം ജില്ലയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പരാതി നല്‍കി യൂത്ത് ലീഗ്. പൊന്നാനി പൊലീസ് സ്റ്റേഷനിലാണ് യൂത്ത് ലീഗ് പരാതി നല്‍കിയത്. മലപ്പുറം ജില്ലയിലെ ജനസമൂഹത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമാണ് പി നന്ദകുമാര്‍ നടത്തിയതെന്ന് യൂത്ത് ലീഗ് പരാതിയില്‍ പറയുന്നു. രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്താന്‍ കാരണമാകുന്നതാണ് പരാമര്‍ശം. കേരളത്തിന്റെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ പരാമർശം കാരണമാകുമെന്നും യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ പറയുന്നു.

പി നന്ദകുമാറിന്റെ പരാമര്‍ശം ഭാരതീയ ന്യായ സംഹിതയിലെ 356 (അപകീര്‍ത്തിപ്പെടുത്തല്‍), 196 (മതത്തിന്റെ അടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തല്‍), 353(2) (പൊതുജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്ന പ്രസ്താവനകള്‍) വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് യൂത്ത് ലീഗ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പി നന്ദകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണം. പി നന്ദകുമാറിന്റെ പരാമര്‍ശം അടങ്ങിയ വീഡിയോ തെളിവായി പരിഗണിക്കണമെന്നും യൂത്ത് ലീഗ് പരാതിയില്‍ ആവശ്യപ്പെട്ടു. നന്ദകുമാറിൻ്റെ പരാമർശത്തിനെതിരെ എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയും പൊന്നാനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പൊന്നാനിയില്‍ നടന്ന സിപിഐഎം മലപ്പുറം ജില്ലാ വിപുലികൃത കമ്മിറ്റി പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പി നന്ദകുമാറിന്റെ വിവാദ പരാമര്‍ശം. 'മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ടുപോകുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകള്‍ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കണം', എന്നായിരുന്നു നന്ദകുമാര്‍ പറഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വേദിയില്‍ ഇരിക്കവെയായിരുന്നു നന്ദകുമാറിന്റെ അധിക്ഷേപ പരാമര്‍ശം.

Content Highlights- The Youth League has demanded that a case be registered over remarks attributed to Nandakumar, alleging that they insulted and defamed the people of Malappuram as a whole.

dot image
To advertise here,contact us
dot image