

സ്വർണവില കുതിച്ചുയരുന്നതിനിടെ ഇന്ത്യയുടെ സ്വർണ ഇറക്കുമതിയിൽ വൻ ഇടിവ്. 2026 ഓഗസ്റ്റിൽ രാജ്യത്തെ സ്വർണ ഇറക്കുമതി കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഏകദേശം 58 ശതമാനം കുറഞ്ഞ് 2.30 ബില്യൺ ഡോളറിലെത്തി. അതായത് പകുതിയിൽ കൂടുതൽ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യ 5.44 ബില്യൺ ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്തിരുന്നു.
ജൂലൈയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴാണ് സ്വർണം ഇറക്കുമതിയിലെ ഇടിവിന്റെ വ്യാപ്തി വ്യക്തമാകുന്നത്. ജൂലൈയിൽ 4.16 ബില്യൺ ഡോളറിന്റെ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഓഗസ്റ്റിൽ ഇത് 2.30 ബില്യൺ ഡോളറായി കുറഞ്ഞു.
ഇറക്കുമതി തീരുവയിലെ മാറ്റം, സ്വർണത്തിന്റെ ഉയർന്ന വില, ആഭ്യന്തര വിപണിയിലെ ഡിമാൻഡ് തുടങ്ങിയ ഘടകങ്ങൾ ഇറക്കുമതിയെ സ്വാധീനിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയതും വിപണിയിൽ സ്വാധീനം ചെലുത്തിയ ഘടകങ്ങളിലൊന്നാണ്. ജൂലൈയിൽ ഉത്സവ സീസണിന് മുന്നോടിയായി വ്യാപാരികൾ സ്റ്റോക്ക് വർധിപ്പിച്ചതിന്റെ ഭാഗമായി സ്വർണം ഇറക്കുമതി ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് ഓഗസ്റ്റിൽ വലിയ ഇടിവ് രേഖപ്പെടുത്തിയത്.
അതേസമയം ജെംസ് ആൻഡ് ജ്വല്ലറി മേഖലയിലെ കയറ്റുമതിയിൽ നേരിയ വളർച്ചയുണ്ടായി. ഓഗസ്റ്റിൽ കയറ്റുമതി 2.30 ബില്യൺ ഡോളറിലെത്തി. ആഭരണ കയറ്റുമതിയാണ് പ്രധാനമായും വളർച്ചയ്ക്ക് പിന്തുണ നൽകിയത്. സ്റ്റഡഡ് ഗോൾഡ് ജ്വല്ലറി കയറ്റുമതി 51.22 ശതമാനം ഉയർന്ന് 642.85 മില്യൺ ഡോളറിലെത്തി. എന്നാൽ പ്ലെയിൻ ഗോൾഡ് ജ്വല്ലറി കയറ്റുമതി 23.90 ശതമാനം കുറഞ്ഞ് 356.97 മില്യൺ ഡോളറായി. കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ട് കയറ്റുമതിയുടെ മൂല്യത്തിലും ഇടിവുണ്ടായി.
ഓഗസ്റ്റിൽ ഇന്ത്യ ഇറക്കുമതി ചെയ്ത സ്വർണത്തിന്റെയും കയറ്റുമതി ചെയ്ത ജെംസ് ആൻഡ് ജ്വല്ലറിയുടെയും മൂല്യം 2.30 ബില്യൺ ഡോളർ വീതമാണ്. എന്നാൽ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തെ കണക്കിൽ സ്വർണ ഇറക്കുമതി ജ്വല്ലറി കയറ്റുമതിയേക്കാൾ വളരെ കൂടുതലാണ്. ഈ കാലയളവിൽ 17.47 ബില്യൺ ഡോളറിന്റെ സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്തു. ജെംസ് ആൻഡ് ജ്വല്ലറി കയറ്റുമതി 11.47 ബില്യൺ ഡോളറായിരുന്നു.
ഓഗസ്റ്റിൽ ഇന്ത്യയുടെ വ്യാപാരക്കമ്മിയും കുറഞ്ഞു. ജൂലൈയിലെ 31.98 ബില്യൺ ഡോളറിൽ നിന്ന് ഓഗസ്റ്റിൽ ഇത് 26.86 ബില്യൺ ഡോളറായി കുറഞ്ഞു. എന്നാൽ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തെ മൊത്തം വ്യാപാരക്കമ്മി 147.09 ബില്യൺ ഡോളറാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 123.88 ബില്യൺ ഡോളറായിരുന്നു.
അതായത്, ഓഗസ്റ്റിൽ സ്വർണ ഇറക്കുമതി കുത്തനെ കുറഞ്ഞെങ്കിലും അഞ്ച് മാസത്തെ കണക്കിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി ഇപ്പോഴും ജ്വല്ലറി കയറ്റുമതിയേക്കാൾ ഏകദേശം 6 ബില്യൺ ഡോളർ കൂടുതലാണ്.
Contnt Hhighlights: Gold Prices Rise Sharply, Yet India’s Gold Imports Fall 58% to $2.30 Billion in August