

ഇന്ത്യയിലെ ഓൺലൈൻ വിപണിയിൽ വരാനിരിക്കുന്ന ഉത്സവകാലം കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും വലിയ നേട്ടത്തിലേക്ക് കുതിക്കുന്നതായി റിപ്പോർട്ടുകൾ വ്യകതമാക്കുന്നു. ദീപാവലി ഉൾപ്പെടെയുള്ള ഉത്സവങ്ങളോടനുബന്ധിച്ച് രാജ്യത്ത് ഓൺലൈൻ വ്യാപാരത്തിൽ വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ ഓർഡറുകളുടെ എണ്ണത്തിലുണ്ടാകുന്ന വലിയ വർദ്ധനവ് കൈകാര്യം ചെയ്യുന്നതിനായി പ്രമുഖ ഇ-കൊമേഴ്സ്, ക്വിക്ക്-കൊമേഴ്സ് കമ്പനികൾ താൽക്കാലിക ജീവനക്കാരുടെയും ഗിഗ് തൊഴിലാളികളുടെയും നിയമനം വൻതോതിൽ ഉയർത്താൻ ഒരുങ്ങുകയാണ്. വെയർഹൗസുകൾ, ഓർഡർ പാക്കിംഗ് കേന്ദ്രങ്ങൾ, ഡെലിവറി വിഭാഗം എന്നിവടങ്ങളിലാണ് പ്രധാനമായും ഈ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.
റെഡ്സീർ സ്ട്രാറ്റജി കൺസൾട്ടന്റ്സിന്റെ കണക്കുകൾ പ്രകാരം, ഈ വർഷത്തെ ഉത്സവകാലത്ത് ഓൺലൈൻ റീട്ടെയിൽ മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 25 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 16 ശതമാനം മാത്രമായിരുന്നു. കൂടാതെ, 2026 കലണ്ടർ വർഷത്തിൽ ഇന്ത്യയിലെ ആകെ ഓൺലൈൻ റീട്ടെയിൽ വിപണി 90 ബില്യൺ ഡോളർ കടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വിപണിയിലെ ഈ അനുകൂല സാഹചര്യം താൽക്കാലിക തൊഴിൽ വിപണിക്ക് വലിയ ഊർജ്ജമാണ് പകരുന്നത്. പ്രമുഖ സ്റ്റാഫിംഗ് കമ്പനിയായ അഡെക്കോ ഇന്ത്യയുടെ വിലയിരുത്തൽ അനുസരിച്ച്, ഇത്തവണ ഉത്സവകാല നിയമനങ്ങളിൽ 15 മുതൽ 20 ശതമാനം വരെ വർദ്ധനവുണ്ടാകും. ഇത് ഏകദേശം 2.5 ലക്ഷം മുതൽ 2.7 ലക്ഷം വരെയുള്ള താൽക്കാലിക ഒഴിവുകൾ വിപണിയിൽ സൃഷ്ടിക്കാൻ കാരണമാകും.
ഇ-കൊമേഴ്സ് ഭീമന്മാരായ ഫ്ലിപ്കാർട്ട് മാത്രം ഈ ഉത്സവ സീസണിൽ 2.5 ലക്ഷത്തിലധികം നേരിട്ടും അല്ലാത്തതുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഏകദേശം 1.4 ലക്ഷം അവസരങ്ങളും ഉപഭോക്താക്കളിലേക്ക് ഉത്പന്നങ്ങൾ നേരിട്ടെത്തിക്കുന്ന ലാസ്റ്റ്-മൈൽ ഡെലിവറി വിഭാഗത്തിലാണ്. ഇതിനായി 900-ലധികം പുതിയ ഡെലിവറി ഹബുകളും കമ്പനി സജ്ജമാക്കുന്നുണ്ട്.
കൂടാതെ തൊഴിൽ രംഗത്തേക്ക് ആദ്യമായി കടന്നുവരുന്ന 75,000 യുവാക്കൾക്ക് ഈ സീസൺ വലിയൊരു അവസരമായി മാറും. ഇ-കൊമേഴ്സിനൊപ്പം തന്നെ 10-15 മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ എത്തിക്കുന്ന ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളാണ് ഇത്തവണ നിയമനങ്ങളിൽ വലിയൊരു പങ്ക് വഹിക്കുന്നത്. ആകെ താൽക്കാലിക ജീവനക്കാരുടെ ആവശ്യകതയുടെ 40 മുതൽ 45 ശതമാനം വരെ ഈ മേഖലയിൽ നിന്നായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ക്വിക്ക്-കൊമേഴ്സ് വിപണിയിൽ ഇത്തവണ 110 മുതൽ 120 ശതമാനം വരെ വാർഷിക വളർച്ചയാണ് റെഡ്സീർ പ്രവചിക്കുന്നത്.
Content Highlights:India’s online retail sector is expected to record 25% growth during the 2026 festive season. Temporary festive hiring could rise by 15–20%, creating around 2.5–2.7 lakh jobs. Flipkart plans to create more than 2.5 lakh direct and indirect employment opportunities.