

തമിഴ്‌നാട്ടിലെ പുതിയ എയർപോർട്ട് ചെങ്കൽപേട്ട് ജില്ലയിലെ ചെയ്യൂരിൽ ഉയരുമെന്ന് റിപ്പോർട്ട്. ഏറെ പ്രതിഷേധങ്ങൾക്ക് പിന്നാലെ പരന്തൂരിൽ റദ്ദാക്കിയ വിമാനത്താവള പദ്ധതിയാണ് ചെയ്യൂരിൽ ഉയർന്നേക്കുക. കേന്ദ്ര പദ്ധതിക്ക് വേണ്ടി നേരത്തെ ഏറ്റെടുത്ത ഭൂമിയിൽ വിമാനത്താവളം പണിയാനാണ് സർക്കാർ പദ്ധതി.
ചെന്നൈ നഗരത്തിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് വിമാനത്താവളം വരാനിരിക്കുന്ന സ്ഥലം. കേന്ദ്ര സർക്കാരിന്റെ വൈദ്യുത പദ്ധതിക്കായി നേരത്തെ തമിഴ്നാട് സർക്കാർ 623 ഏക്കർ ഭൂമി ഇവിടം ഏറ്റെടുത്തിരുന്നു. 300 ഏക്കർ പുറമ്പോക്ക് ഭൂമിയും ഇവിടെയുണ്ട്. എന്നാൽ വൈദ്യുത പദ്ധതി നടക്കാത്തതിനാൽ ഇവിടം എയർപോർട്ട് പണിയാനാണ് ആലോചന.
ചെയ്യൂരിനൊപ്പം തിരുവള്ളൂർ ജില്ലയിലെ മാനെല്ലൂരിനെയും എയർപോർട്ടിനായി പരിഗണിക്കുന്നുണ്ട്. എന്നാൽ ഏറെ പ്രശസ്തമായ പുലിക്കാട് തടാകം തൊട്ടടുത്തായതിനാൽ പാരിസ്ഥിതിക ആഘാതം ഉണ്ടായേക്കുമെന്ന വിലയിരുത്തലിലാണ് അധികൃതർ. എവിടെ എയർപോർട്ട് ഉയരണം എന്നത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സാധ്യതാപഠനത്തിന് ശേഷമാകും തീരുമാനിക്കുക.
വലിയ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് വിജയ് സർക്കാർ പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചത്. ചെന്നൈയില്‍ നിന്നും 70കിലോമീറ്റര്‍ അകലെ ചെന്നൈ - ബെംഗളൂരു ഹൈവേയ്ക്ക് സമീപമാണ് പരന്തൂര്‍ സ്ഥിതി ചെയ്യുന്നത്. കര്‍ഷകരുടെ പ്രതിഷേധം കണക്കിലെടുത്താണ് പരന്തൂരിലെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതെന്ന് മുഖ്യന്ത്രി സി ജോസഫ് വിജയ് നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. രണ്ടാമതൊരു വിമാനത്താവളം ചെന്നൈയ്ക്ക് അത്യാവശ്യമാണെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒപ്പം കൃഷിയിടങ്ങള്‍ക്കോ ജനവാസകേന്ദ്രങ്ങള്‍ക്കോ ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് നിലവില്‍ രണ്ടിടങ്ങള്‍ തെരഞ്ഞെടുത്തതെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചിട്ടുണ്ട്.
Content Highlights: Tamil Nadu is reportedly considering Cheyyur in Chengalpattu district as the location for a new airport. The proposal could revive the airport project that was dropped at Parandur following protests. The government is reportedly planning to use land previously acquired for a central government project.