

പണം സമ്പാദിക്കുന്നതിനോടൊപ്പം തന്നെ പ്രധാനമാണ് ആ പണം നമ്മൾ എങ്ങനെ ചിലവഴിക്കുന്നു എന്നത്. ശരിയായ സാമ്പത്തിക മാനേജ്‌മന്റ് ഇല്ലെങ്കിൽ എത്ര നല്ല സാമ്പത്തിക സ്ഥിതിയുള്ളയാളും അപകടത്തിൽപ്പെടും. അനാവശ്യ ചിലവുകളും മറ്റും നിയന്ത്രിച്ചില്ലെങ്കിൽ കാത്തിരിക്കുന്ന അപകടം വലുതാണെന്ന് ഉറപ്പ്. ഇങ്ങനെ ഒരു അനുഭവം പറയുകയാണ് ഒരു റെഡിറ്റ് യൂസർ.
ബെംഗളൂരു സ്വദേശിയായ, വെറും 29 വയസ് മാത്രമുള്ള പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തിയാണ് തന്റെ അനുഭവം റെഡിറ്റിൽ പങ്കുവെച്ചിരിക്കുന്നത്. ബെംഗളുരുവിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഇദ്ദേഹവും ഭാര്യയും കൂടി ഒരു മാസം 2.5 ലക്ഷം രൂപയാണ് സമ്പാദിക്കുന്നത്. എന്നിട്ടും താൻ പോലും ആഗ്രഹിക്കാത്ത ഒരു കടബാധ്യതയിലേക്ക് വീണു എന്നാണ് ഇദ്ദേഹം പറയുന്നത്.
എങ്ങനെയാണ് തനിക്ക് പണം ചെലവായത് എന്നും ഇദ്ദേഹം വിവരിക്കുന്നുണ്ട്. വിവാഹത്തിനും വീട് പുനർനിർമാണത്തിനുമാണ് ഇദ്ദേഹത്തിന് സേവിങ്‌സിന്റെ 95 ശതമാനവും ചെലവായത്. മാതാപിതാക്കളുടെ നിർബന്ധം പ്രകാരമാണ് അദ്ദേഹം വീട് പുതുക്കിപ്പണിതത്. വാടകയ്ക്ക് കൊടുക്കാനായി ഒരു നില കൂടി പണിയുകയാണ് ചെയ്തത്. ഇതിന് മാത്രം 35 ലക്ഷം രൂപയാണ് ചെലവായത്. 15 ലക്ഷം സേവിങ്‌സിൽ നിന്നും ബാക്കി 20 ലക്ഷം ലോൺ എടുത്തുമാണ് ഇതിന് പണം കണ്ടെത്തിയത്.
കല്യാണത്തിന് 30 ലക്ഷം രൂപ ചിലവായെന്നും യുവാവ് പറയുന്നു. ഓഹരികൾ വിറ്റും 5 ലക്ഷം രൂപയുടെ പേഴ്സണൽ ലോൺ എടുത്തുമാണ് കല്യാണം നടത്തിയത്. 9.1 ശതമാനം എന്ന ഭീമൻ പലിശനിരക്കിലാണ് വായ്പ എടുത്തത്. ഇത് കൂടാതെ മൂന്ന് ലക്ഷത്തിന്റെ കാർ ലോൺ ഉണ്ട്. ക്രെഡിറ്റ് കാർഡ് പരിധി കുറഞ്ഞുകൊണ്ടേ ഇരിക്കുകയാണ്. മാതാപിതാക്കൾ വീട്ടിലേക്ക് പലചരക്കും മറ്റ് സാധനങ്ങളും മേടിക്കാനായി യുവാവിനെത്തന്നെയാണ് ആശ്രയിക്കുന്നത്.
താൻ പാർട്ടിക്ക് പോകാത്ത ആളാണെന്നും, പുറത്ത് പോയി ഭക്ഷണം കഴിക്കാത്ത ആളാണെന്നും യുവാവ് പറയുന്നുണ്ട്. കൂടുതൽ പണം ലഭിക്കുന്ന ജോലിയിലേക്ക് താൻ മാറാൻ തയ്യാറെടുക്കുകയാണ് എന്നും അദ്ദേഹം പറയുന്നു. നിലവിൽ യുവാവിന് ഓഹരികളിൽ മൂന്ന് ലക്ഷവും ഫിക്സഡ് ഡെപ്പോസിറ്റ് ആയി ഒരു ലക്ഷവും 50 സോവറീൻ ഗോൾഡുമാണ് ഉള്ളത്. എന്താണ് താൻ ഇനി ചെയ്യേണ്ടത് എന്ന് പറഞ്ഞുതരണമെന്നാണ് യുവാവിന്റെ അപേക്ഷ.
നിരവധി പേരാണ് യുവാവിന്റെ അനുഭവത്തിന് മറുപടിയുമായി രംഗത്തുള്ളത്. അത്യാവശ്യത്തിനേയും തരാം തിരിക്കാൻ പഠിക്കണം എന്നാണ് പലരും യുവാവിനോട് പറയുന്നത്. മുപ്പത് ലക്ഷത്തിന്റെ കല്യാണം, മുപ്പത്തിയഞ്ച് ലക്ഷത്തിന്റ വീട് പുനർനിർമാണം എന്നതിനെയും പലരും ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പല അഭിപ്രായങ്ങളാണ് യുവാവിന്റെ അനുഭവത്തിന് ലഭിക്കുന്നത്.
Content Highlights: 29 year old bengaluru man, who earns lakhs in month describes how he was fallen into a debt trap he never wished to be in