ആവേശപ്പോര്; കൊച്ചിയെ മൂന്ന് റണ്‍സിന് വീഴ്ത്തി ആദ്യ വിജയവുമായി കാലിക്കറ്റ്

തകര്‍പ്പന്‍ പ്രകടനത്തോടെ കാലിക്കറ്റിന്റെ രക്ഷകനായ കൃഷ്ണദേവനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്

ആവേശപ്പോര്; കൊച്ചിയെ മൂന്ന് റണ്‍സിന് വീഴ്ത്തി ആദ്യ വിജയവുമായി കാലിക്കറ്റ്
dot image

കെസിഎല്‍ മൂന്നാം സീസണില്‍ ആദ്യ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്. വിജയസാധ്യതകള്‍ അവസാനം വരെ മാറിമറിഞ്ഞ പോരാട്ടത്തില്‍ മൂന്ന് റണ്‍സിനായിരുന്നു കാലിക്കറ്റിന്റെ വിജയം. കാലിക്കറ്റ് ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊച്ചി 19 ഓവറില്‍ 145 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. തകര്‍പ്പന്‍ പ്രകടനത്തോടെ കാലിക്കറ്റിന്റെ രക്ഷകനായ കൃഷ്ണദേവനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് - 20 ഓവറില്‍ 148/5, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് - 19 ഓവറില്‍ 145/10.


മുന്‍നിര നിറംമങ്ങിയ മത്സരത്തില്‍ സല്‍മാന്‍ നിസാറും കൃഷ്ണദേവനും ചേര്‍ന്നുള്ള തകര്‍പ്പന്‍ കൂട്ടുകെട്ടാണ് കാലിക്കറ്റിന് മുതല്‍ക്കൂട്ടായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിന് മൂന്നാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിനെ നഷ്ടമായി. ഏഴ് റണ്‍സെടുത്ത രോഹന്‍, സാലി സാംസണിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. തുടര്‍ന്നെത്തിയ കെ. എസ്. അരവിന്ദും അഞ്ച് റണ്‍സുമായി മടങ്ങി. ബേസില്‍ തമ്പിയെറിഞ്ഞ എട്ടാം ഓവറില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ കൂടി വീണതോടെ നാല് വിക്കറ്റിന് 43 റണ്‍സെന്ന നിലയിലായിരുന്നു ഗ്ലോബ്സ്റ്റാര്‍സ്. 22 റണ്‍സെടുത്ത വരുണ്‍ നായനാരെയും അബ്ദുള്‍ ബാസിതിനെയുമാണ് ബേസില്‍ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയത്.
അഖില്‍ സ്‌കറിയയും സല്‍മാന്‍ നിസാറും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കാലിക്കറ്റിനെ വലിയൊരു തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. എന്നാല്‍ 26 റണ്‍സെടുത്ത അഖില്‍ സ്‌കറിയയെ പുറത്താക്കി ബേസില്‍ വീണ്ടും കാലിക്കറ്റിന് പ്രഹരമേല്‍പ്പിച്ചു. തുടര്‍ന്ന് ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സല്‍മാന്‍ നിസാറും കൃഷ്ണദേവനും ചേര്‍ന്നാണ് കാലിക്കറ്റിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. വെറും 27 പന്തുകളില്‍ 54 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. സല്‍മാന്‍ 37 പന്തുകളില്‍ 47-ഉം കൃഷ്ണദേവന്‍ 17 പന്തുകളില്‍ 40-ഉം റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ട് ഫോറും നാല് സിക്‌സുമടങ്ങുന്നതായിരുന്നു കൃഷ്ണദേവന്റെ ഇന്നിങ്‌സ്. കൊച്ചിക്ക് വേണ്ടി ബേസില്‍ തമ്പി മൂന്ന് വിക്കറ്റ് വീഴ്ത്തി.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയുടെ തുടക്കവും പാളി. ഏഴ് റണ്‍സെടുത്ത വിനൂപ് മനോഹരനാണ് ആദ്യം മടങ്ങിയത്. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് കൊച്ചിക്ക് തിരിച്ചടിയായി. ജോബിന്‍ ജോബി 13-ഉം പി. കെ. മിഥുന്‍ 17-ഉം വിപുല്‍ ശക്തി 11-ഉം സാലി സാംസണ്‍ ആറും റണ്‍സ് നേടി മടങ്ങി. ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റിന് 99 റണ്‍സെന്ന നിലയിലായിരുന്നു കൊച്ചി. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ സച്ചിന്‍ സുരേഷും മുഹമ്മദ് ആഷിഖും ഒരുമിച്ചതോടെ കൊച്ചി മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു.
പത്ത് പന്തുകളില്‍ 23 റണ്‍സെടുത്ത മുഹമ്മദ് ആഷിഖ് മടങ്ങുമ്പോഴും കൊച്ചിക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വിജയത്തിന് പത്ത് റണ്‍സകലെ സച്ചിന്‍ സുരേഷ് റണ്ണൗട്ടായത് കൊച്ചിക്ക് തിരിച്ചടിയായി. 19 പന്തുകളില്‍ രണ്ട് ഫോറും രണ്ട് സിക്‌സുമടക്കം 32 റണ്‍സായിരുന്നു സച്ചിന്‍ നേടിയത്. അവസാന പ്രതീക്ഷയായിരുന്ന ആല്‍ഫി ഫ്രാന്‍സിസിന്റെ ഷോട്ട് രോഹന്‍ കുന്നുമ്മലിന്റെ കൈകളില്‍ ഒതുങ്ങിയതോടെ കൈവിട്ടെന്ന് തോന്നിച്ച വിജയം കാലിക്കറ്റിനെ തേടിയെത്തി. കാലിക്കറ്റിന് വേണ്ടി ആതിഫ് ബിന്‍ അഷ്‌റഫും, ഇബ്‌നുള്‍ അഫ്താബും ഹരികൃഷ്ണനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

content highlights: Thrilling Contest: Calicut Edges Out Kochi by 3 Runs to Secure First Win

dot image
To advertise here,contact us
dot image