

കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടർന്ന് യാത്രക്കാരുടെ കടുത്ത പ്രതിഷേധം. ഇന്ന് രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന കൊച്ചി - ഫുജൈറ വിമാനമാണ് അനിശ്ചിതത്വത്തിലായത്. വിമാനം പുറപ്പെടാൻ വൈകുമെന്ന് തുടർച്ചയായി അറിയിപ്പ് ലഭിച്ചതോടെയാണ് യാത്രക്കാർ വിമാനത്താവളത്തിനുള്ളിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വിമാനത്തിന്റെ യാത്രാസമയം പലതവണ റീ-ഷെഡ്യൂൾ ചെയ്തെങ്കിലും കൃത്യമായ കാരണം വ്യക്തമാക്കാൻ വിമാനക്കമ്പനി അധികൃതർ തയ്യാറായില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. മണിക്കൂറുകളോളം കാത്തിരുന്നിട്ടും എന്ന് വിമാനം പുറപ്പെടുമെന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാത്തതാണ് യാത്രക്കാരെ ചൊടിപ്പിച്ചത്. കുട്ടികളും മുതിർന്നവരും അടക്കമുള്ള യാത്രക്കാർക്ക് ആവശ്യമായ വിശ്രമസൗകര്യങ്ങൾ പോലും അധികൃതർ ഒരുക്കി നൽകിയില്ലെന്നും പരാതിയുണ്ട്.
അപ്രതീക്ഷിതമായുണ്ടായ വിമാന സർവീസ് തടസ്സം മൂലം വിസ കാലവധി അവസാനിക്കാറായവരും അവധി കഴിഞ്ഞ് ജോലി സ്ഥലങ്ങളിലേക്ക് മടങ്ങേണ്ടവരുമായ നിരവധി പ്രവാസികളാണ് ദുരിതത്തിലായത്. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും സ്പൈസ് ജെറ്റ് പ്രതിനിധികളും സ്ഥലത്തെത്തി യാത്രക്കാരുമായി ചർച്ച നടത്തി വരികയാണ്.
Content Highlights: Passengers at Nedumbassery airport staged a protest after a Dubai-bound SpiceJet flight was delayed. The delay caused inconvenience for travellers awaiting departure from Kochi.