

ഒരാളുടെ പേരിൽ ഒരുപാട് സിം നമ്പറുകൾ എടുക്കുന്ന പ്രവണതയ്ക്ക് തടയിടാൻ ടെലികോം ഓപ്പറേറ്റർമാർ ഒരുങ്ങുന്നു. ഓഗസ്റ്റ് 24 മുതൽക്ക് ജിയോ, എയർടെൽ തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാർ പുതിയ സിം കാർഡ് നൽകുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിലവിൽ ഒമ്പത് സിം കാർഡുകൾ ഉള്ളവർക്കാണ് കമ്പനികൾ പുതിയ സിം കാർഡ് അനുവദിക്കാതിരിക്കുക.
ഒരാൾക്ക് ഒമ്പത് സിം കാർഡുകൾ മാത്രം എന്ന നിയമം പണ്ടുമുതൽക്കേ ഉള്ളതാണ്. ജമ്മു കശ്മീർ, അസം, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയിൽ ഒരാളുടെ പേരിൽ 6 സിമ്മുകൾ മാത്രമാണ് അനുവദിക്കുക. ടെലികോം ഓപ്പറേറ്റർമാർ ഈ നിയമം കർശനമായി നടപ്പിലാക്കാൻ പോകുകയാണ്. പുതിയ സിം നൽകുന്നതിന് മുൻപായി ഉപയോക്താവിന്റെ പേരിൽ എത്ര കണക്ഷനുകൾ ഉണ്ട് എന്നത് കൃത്യമായി പരിശോധിക്കും. ഒമ്പത് നമ്പറുകൾ ഉണ്ടെങ്കിൽ പുതിയ സിം നൽകില്ല.
നമ്മുടെ പേരിൽ എത്ര സിം ഉണ്ടെന്ന് നമുക്കുതന്നെ എളുപ്പം കണ്ടെത്താനാകും. സഞ്ചാർ സാത്തി ഓൺലൈൻ പോർട്ടർ വഴിയോ ആപ്പ് വഴിയോ നമുക്ക് അത് കണ്ടെത്താം. ആപ്പ് തുറന്ന ശേഷം "Know mobile connections in your name" എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. പിന്നീട് നമ്മുടെ ഫോൺ നമ്പറും കാപ്ച്ചയും നൽകുക. നമുക്ക് വരുന്ന ഒടിപി നമ്പറും നൽകുക. അപ്പോൾ നമ്മുടെ പേരിൽ ഉള്ള നമ്പറുകൾ കാണാൻ സാധിക്കും. നമ്മൾ അറിയാതെ വല്ല നമ്പറുകൾ എടുത്തിട്ടുണ്ടെങ്കിൽ ഉടനെ റിപ്പോർട്ട് ചെയ്യാവുന്നതുമാണ്
ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം വഴി ടെലികോം ഓപ്പറേറ്റർമാർ ഉപഭോക്താക്കളുടെ രേഖകൾ പരിശോധിക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നുണ്ട്. വിവിധ ടെലികോം കമ്പനികളുടെ വരിക്കാരുടെ വിവരങ്ങളും നമുക്ക് ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം വഴി അറിയാൻ സാധിക്കും.
ഫോട്ടോ ഉപയോഗിച്ചുള്ള തിരിച്ചറിയൽ രീതിയും കേന്ദ്രസർക്കാർ ഉടൻ തയ്യാറാക്കുന്നുണ്ട്. ഇതിലൂടെ ഒരാൾക്ക് എത്ര സിം ഉണ്ട് എന്നും അയാൾ അനുവദനീയമായ പരിധി ലംഘിച്ചോ എന്നതടക്കം അറിയാൻ സാധിക്കും. ടെലികോം ഓപ്പറേറ്റർമാർക്ക് ഈ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുമായി അവരുടെ പ്രവർത്തനങ്ങൾ സംയോജിപ്പിക്കാൻ നവംബർ 30 വരെ സമയം നൽകിയിട്ടുണ്ട്.
Content Highlights: Telecom companies like Jio and Airtel are introducing restrictions on issuing new SIM cards from August 24. Customers who already have nine SIM cards registered under their name will not be allowed to get additional connections. The move aims to prevent misuse of multiple SIM cards and strengthen telecom security measures.