ഒമാനിൽ ജീവനക്കാരെ പിരിച്ചുവിടുന്നതിൽ പുതിയ കർശന നിയമങ്ങൾ; ആറ് മാസത്തെ സാവകാശം നിർബന്ധം

പ്രകടനം മെച്ചപ്പെടുത്താൻ നൽകുന്ന സമയം പരമാവധി പ്രയോജനപ്പെടുത്തി കുറവുകൾ നികത്താനും സ്വന്തം വളർച്ച രേഖപ്പെടുത്താനും തൊഴിലാളികൾ തയ്യാറാകണം

ഒമാനിൽ ജീവനക്കാരെ പിരിച്ചുവിടുന്നതിൽ പുതിയ കർശന നിയമങ്ങൾ; ആറ് മാസത്തെ സാവകാശം നിർബന്ധം
dot image

ഒമാനിൽ ജീവനക്കാരെ പിരിച്ചുവിടുന്നതിൽ പുതിയ നിയമവുമായി അധികൃതർ. തൊഴിലുടമ പ്രതീക്ഷിക്കുന്ന തലത്തിൽ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ലെന്ന കാരണം കൊണ്ടുമാത്രം ഒരു ജീവനക്കാരനെയും ജോലിയിൽ നിന്ന് പിരിച്ചുവിടാൻ കഴിയില്ലെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ് അറിയിച്ചു. കുറഞ്ഞത് ആറ് മാസം മുമ്പെങ്കിലും ജീവനക്കാരന്റെ തൊഴിലിനെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകണമെന്നാണ് പുതിയ നിയമം. ജോലിയിൽ മോശം പ്രകടനത്തിന്റെ പേരിൽ മാത്രം നടപടിയെടുക്കുന്നത് ഒമാൻ തൊഴിൽ നിയമപ്രകാരം പര്യാപ്തമായ കാരണമല്ലെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടി.

തൊഴിലുടമയിൽ നിന്ന് പ്രകടനക്കുറവ് സംബന്ധിച്ച് മുന്നറിയിപ്പ് നോട്ടീസ് ലഭിക്കുന്ന ജീവനക്കാരന്, തന്റെ പ്രകടനത്തിലെ കൃത്യമായ പോരായ്മകൾ എന്തൊക്കെയാണെന്ന് അറിയാനുള്ള അവകാശമുണ്ട്. ജീവനക്കാരന് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പര്യാപ്തമായ സമയവും അവസരവും കമ്പനി നൽകേണ്ടതുണ്ട്. ഇത്തരം മുന്നറിയിപ്പ് ലഭിക്കുമ്പോൾ നോട്ടീസിന്റെ പകർപ്പ് വാങ്ങാനും പ്രകടനക്കുറവായി ചൂണ്ടിക്കാണിച്ചിരിക്കുന്ന കാരണങ്ങൾ വ്യക്തമാണെന്ന് ഉറപ്പുവരുത്താനും തൊഴിലാളികൾ ശ്രദ്ധിക്കണം. കൂടാതെ പെർഫോമൻസ് അപ്രൈസൽ രേഖകൾ, ജോലി സംബന്ധമായ ഇമെയിലുകൾ, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ തൊഴിലാളികൾ സൂക്ഷിച്ചു വെക്കേണ്ടതാണ്.

പ്രകടനം മെച്ചപ്പെടുത്താൻ നൽകുന്ന സമയം പരമാവധി പ്രയോജനപ്പെടുത്തി കുറവുകൾ നികത്താനും സ്വന്തം വളർച്ച രേഖപ്പെടുത്താനും തൊഴിലാളികൾ തയ്യാറാകണം. എന്നാൽ ഇതിനുശേഷവും പ്രകടനക്കുറവിന്റെ പേരിൽ പിരിച്ചുവിടാൻ തൊഴിലുടമ തീരുമാനിക്കുകയാണെങ്കിൽ, നടപടികൾ നിയമവിധേയമാണോ എന്ന് തൊഴിലാളികൾ ഉറപ്പുവരുത്തണം. പിരിച്ചുവിടൽ തീരുമാനം നിയമവിരുദ്ധമോ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാത്തതോ ആണെന്ന് ബോധ്യപ്പെട്ടാൽ നോട്ടീസ് ലഭിച്ച് 30 ദിവസത്തിനകം ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാം.

ഒമാൻ തൊഴിൽ നിയമപ്രകാരം, ഒരാളെ അപ്രാപ്തൻ എന്ന് മാത്രം വിശേഷിപ്പിച്ച് പിരിച്ചുവിടാൻ കഴിയില്ല. ജീവനക്കാരന്റെ കുറവുകൾ എന്തൊക്കെയാണെന്ന് വ്യക്തമായി അറിയിക്കുകയും പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കുറഞ്ഞത് ആറ് മാസത്തെ സാവകാശം നൽകുകയും ചെയ്യണം. ഇതിനുപുറമേ, ഈ കാരണത്താൽ ജീവനക്കാരനെ പിരിച്ചുവിടാൻ ഉദ്ദേശിക്കുന്നുവെങ്കിൽ തൊഴിലുടമ കാലാവധി അവസാനിക്കുന്നതിന് മൂന്ന് മാസത്തിന് മുമ്പ് തൊഴിൽ മന്ത്രാലയത്തെ വിവരം അറിയിക്കുകയും വേണം.

തൊഴിലാളികൾക്ക് അവരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്നതിനും പിരിച്ചുവിടൽ നടപടികൾ രാജ്യത്തെ തൊഴിൽ നിയമങ്ങൾക്ക് വിധേയമായിട്ടാണ് നടക്കുന്നതെന്ന് ഉറപ്പാക്കുന്നതിനുമാണ് ഫെഡറേഷൻ ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

Content Highlights: Oman has introduced stricter regulations governing employee termination, requiring employers to provide a six-month grace period under the new rules.

dot image
To advertise here,contact us
dot image