പഴയ സ്വർണ വില്‍പ്പനയില്‍ വന്‍വർധനവ്: പക്ഷെ കൂടുതല്‍ ലാഭം കൊയ്യുന്നത് ജ്വല്ലറികള്‍; കള്ളപ്പണ ഇടപാടുമുണ്ട്

ഇഎംഐ 20,000 രൂപയോളം കുറയുകയും, മിച്ചം വന്ന തുക മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കാനും സാധിച്ചു

പഴയ സ്വർണ വില്‍പ്പനയില്‍ വന്‍വർധനവ്: പക്ഷെ കൂടുതല്‍ ലാഭം കൊയ്യുന്നത് ജ്വല്ലറികള്‍; കള്ളപ്പണ ഇടപാടുമുണ്ട്
dot image

തലമുറകളായി ബാങ്ക് ലോക്കറുകളിലും വീടുകളിലും സൂക്ഷിച്ചിരുന്ന പരമ്പരാഗത സ്വർണ്ണാഭരണങ്ങളോടുള്ള ഇന്ത്യൻ യുവതലമുറയുടെ സമീപനത്തിൽ വൻ മാറ്റം. വൈകാരികമായ അടുപ്പത്തേക്കാൾ സ്വർണ്ണത്തെ ഒരു സാമ്പത്തിക ആസ്തിയായി കണ്ട്, ജീവിതത്തിലെ സുപ്രധാന ലക്ഷ്യങ്ങൾക്കായി അത് വിറ്റഴിക്കാനോ റീസൈക്കിൾ ചെയ്യാനോ മില്ലേനിയലുകളും ജെൻ സികളും മടിക്കുന്നില്ലെന്നാണ് വിപണിയിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വീട് വാങ്ങുക, ഉന്നതവിദ്യാഭ്യാസം നേടുക, പുതിയ ബിസിനസ്സ് ആരംഭിക്കുക, അല്ലെങ്കിൽ കൂടുതൽ ലാഭകരമായ ഓഹരി വിപണിയിൽ നിക്ഷേപിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കാണ് യുവാക്കൾ ഇന്ന് ലോക്കറിലിരിക്കുന്ന സ്വർണ്ണം പുറത്തെടുക്കുന്നത്.

മുംബൈയിലെ ഋതു-മദൻ പാട്ടീൽ ദമ്പതികളുടെ കഥ ഇതിനൊരു മികച്ച ഉദാഹരണമാണ്. പാരമ്പര്യമായി കിട്ടിയ പഴയ സ്വർണ്ണാഭരണങ്ങൾ വിറ്റതിലൂടെ ഇവർക്ക് ലഭിച്ചത് 20 ലക്ഷം രൂപയാണ്. നവി മുംബൈയിൽ തങ്ങളുടെ സ്വപ്ന ഭവനം വാങ്ങാനായി ഈ തുക അവർ ഡൗൺ പേയ്മെന്റായി ഉപയോഗിച്ചു. ഇതിലൂടെ അവരുടെ ഇഎംഐ 20,000 രൂപയോളം കുറയുകയും, മിച്ചം വന്ന തുക മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കാനും സാധിച്ചു.

ഇതുപോലെ, ബംഗളൂരുവിലെ ഒരു കുടുംബത്തിലെ മൂന്ന് തലമുറകൾ തീരുമാനത്തിലെത്തി തങ്ങളുടെ പക്കലുണ്ടായിരുന്ന സ്വർണ്ണത്തിന്റെ ഒരു ഭാഗം വിറ്റ് 80 ലക്ഷം രൂപ സമാഹരിച്ചതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഈ തുക ഉപയോഗിച്ചാണ് കുടുംബത്തിലെ യുവാവ് അമേരിക്കയിൽ ഉപരിപഠനത്തിന് ചേർന്നതും പിതാവ് പുതിയ ഫുഡ് പ്രൊസസിംഗ് ബിസിനസ്സ് ആരംഭിച്ചതും. "മാതാപിതാക്കൾ എപ്പോഴും പറയാറുണ്ട്, സ്വർണ്ണം പ്രതിസന്ധി ഘട്ടങ്ങളിലും ജീവിതത്തിലെ വലിയ ആവശ്യങ്ങൾക്കും ഉപയോഗിക്കാനുള്ളതാണെന്ന്. ഉന്നതവിദ്യാഭ്യാസവും പുതിയ ബിസിനസ്സും അത്തരം സുപ്രധാന ലക്ഷ്യങ്ങളാണ്," ഉന്നത പഠനത്തിനായി പോയ യുവാവ് വ്യക്തമാക്കുന്നു.

വിപണിയിലെ മാറ്റങ്ങൾ

രാജ്യത്തെ സ്വർണവില റെക്കോർഡ് നിരക്കിലേക്ക് ഉയർന്നത് ഈ പ്രവണതയ്ക്ക് ആക്കം കൂട്ടി. ഗോൾഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ വിവരങ്ങൾ അടിസ്ഥാനമാക്കി ഐസിആർഎ നടത്തിയ വിശകലനപ്രകാരം FY2026-ൽ സ്വർണ്ണാഭരണങ്ങളുടെ വിപണിയിൽ (വോളിയം അടിസ്ഥാനത്തിൽ) 21 ശതമാനം ഇടിവുണ്ടായി. എന്നാൽ ഇതേ കാലയളവിൽ സ്വർണ്ണക്കട്ടികളുടെയും നാണയങ്ങളുടെയും രൂപത്തിലുള്ള നിക്ഷേപ ആവശ്യം 22 ശതമാനം വർദ്ധിച്ചു.

കൂടാതെ റീസൈക്ലിംഗും വർധിച്ചു. ലക്ഷ്വറി ജ്വല്ലറി ഗ്രൂപ്പായ പോപ്‌ലിയുടെ ഔട്ട്‌ലെറ്റുകളിൽ നടക്കുന്ന കച്ചവടത്തിന്റെ 70-75 ശതമാനവും ഉപഭോക്താക്കൾ പഴയ സ്വർണ്ണം മാറ്റിയെടുക്കുന്നതാണ്. കഴിഞ്ഞ 9 മാസത്തിനുള്ളിൽ 5 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് തനിഷ്ക് ഷോറൂമുകളിൽ പഴയ സ്വർണ്ണം നൽകി പുതിയത് വാങ്ങിയത്. ഇതിലൂടെ 11,000 കിലോഗ്രാമിലധികം സ്വർണ്ണമാണ് റീസൈക്കിൾ ചെയ്യപ്പെട്ടത്.

പഴയകാലത്തെ ഭാരമേറിയതും ഡിസൈൻ മാറിയതുമായ ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിക്കുന്നതിനേക്കാൾ നല്ലത് അത് വിറ്റ് മ്യൂച്വൽ ഫണ്ടുകളിലോ ഇക്വിറ്റികളിലോ നിക്ഷേപിക്കുന്നതാണെന്ന് പുതിയ തലമുറ കരുതുന്നു. ബംഗളൂരുവിലെ 25 വയസ്സുകാരിയായ ഒരു ബാങ്കർ തന്റെ പാരമ്പര്യ ആഭരണങ്ങൾ വിറ്റ് ഓഹരി വിപണിയിലാണ് നിക്ഷേപിച്ചത്.

കൂടാതെ, ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചതോടെ സ്വർണ്ണത്തോടുള്ള താല്പര്യം റിയൽ എസ്റ്റേറ്റിലേക്ക് മാറുന്നതായും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ബാങ്ക് ലോക്കർ ചാർജുകളും സുരക്ഷാ ഭീഷണികളും ഒഴിവാക്കാൻ പലരും സ്വർണ്ണത്തിന് പകരം ഡിജിറ്റൽ സ്വർണ്ണം തിരഞ്ഞെടുക്കുകയോ 18-കാരറ്റിന്റെ ഭാരം കുറഞ്ഞ ആധുനിക ഡിസൈനുകൾ ഉപയോഗിക്കാൻ താല്പര്യപ്പെടുകയോ ചെയ്യുന്നു.

ലാഭം ആർക്ക്?

ഇത്തരം എക്സ്ചേഞ്ചുകളിൽ പലപ്പോഴും ജ്വല്ലറി ഉടമകൾക്കാണ് കൂടുതൽ സാമ്പത്തിക നേട്ടമെന്ന് ജിടിആർഐ സ്ഥാപകൻ അജയ് ശ്രീവാസ്തവ ചൂണ്ടിക്കാണിക്കുന്നു. 22 കാരറ്റ് ആഭരണങ്ങൾ നൽകി ഉപഭോക്താക്കൾ പുതിയ 18 കാരറ്റ് ഡിസൈനുകൾ വാങ്ങുമ്പോൾ, രണ്ട് ആഭരണങ്ങൾക്കും ഒരേ ഭാരമാണെങ്കിൽ പോലും പുതിയതിൽ ശുദ്ധമായ സ്വർണ്ണത്തിന്റെ അളവ് കുറവായിരിക്കും (ഉദാഹരണത്തിന്: 20 ഗ്രാം തൂക്കമുള്ള 22 കാരറ്റ് ആഭരണത്തിൽ 18.3 ഗ്രാം ശുദ്ധമായ സ്വർണ്ണമുള്ളപ്പോൾ, 18 കാരറ്റിൽ അത് 15 ഗ്രാം മാത്രമായിരിക്കും). എങ്കിലും ഹാൾമാർക്ക് കൃത്യമാണെങ്കിൽ ഈ ഇടപാടുകൾ സുതാര്യമാണ്.

കള്ളപ്പണ ഇടപാടുകൾ

പഴയ സ്വർണ്ണം റീസൈക്കിൾ ചെയ്യുന്നതിന് പിന്നിൽ കള്ളപ്പണം വെളുപ്പിക്കലിന്റെ മറ്റൊരു വശം കൂടിയുണ്ടെന്ന് സിബിഡിടി (CBDT) മുൻ ചെയർമാൻ ആർ പ്രസാദ് വ്യക്തമാക്കുന്നു. കസ്റ്റംസ് ഡ്യൂട്ടി കൂടുമ്പോൾ രാജ്യത്തേക്ക് കടത്തുന്ന കള്ളക്കടത്ത് സ്വർണ്ണം പഴയ ആഭരണങ്ങളുടെ രൂപത്തിലാക്കി വിറ്റ് വെളുപ്പിക്കുന്ന രീതിയും വിപണിയിലുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

Content Highlights: Sales of old gold have increased sharply as high prices encourage households and investors to sell jewellery and other holdings. The growing resale market is reportedly boosting jewellers' profits, while concerns have also emerged over possible black money and unaccounted cash transactions linked to old gold dealings.

dot image
To advertise here,contact us
dot image