

ലഖ്നൗ: അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേടില്‍ അന്വേഷണം മുന്‍ ട്രസ്റ്റ് അംഗം അനില്‍ മിശ്രയിലേക്ക്. കേസിലെ മുഖ്യപ്രതി അവിനാശ് ശുക്ലയാണ് അനില്‍ മിശ്രയുടെ പങ്ക് വെളിപ്പെടുത്തിയത്. വിവിധ ഇടങ്ങളില്‍ നിരവധി വസ്തുക്കള്‍ അനില്‍ മിശ്രയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. അനില്‍ മിശ്രയെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യും. ട്രസ്റ്റിലെ ഭൂരിഭാഗം അംഗങ്ങളെ നിയമിച്ചത് അനിൽ മിശ്രയെന്നും കണ്ടെത്തലുണ്ട്.
ഇതിനിടെ സംഭാവനാ ക്രമക്കേട് കേന്ദ്ര ഏജന്‍സി അന്വേഷിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കേസില്‍ സിബിഐ അന്വേഷണത്തിന്റെ സാധ്യതകള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. സാമ്പത്തിക ക്രമക്കേട് ആയതിനാല്‍ കേന്ദ്ര ഏജന്‍സി വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കേസില്‍ ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും.
അതിനിടെ സംഭാവനക്കൊള്ളക്കേസില്‍ കടുത്ത ആരോപണങ്ങള്‍ നേരിടുന്ന മുന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ്ക്ക് എതിരെ നടപടി ഉടനില്ലെന്ന് അറിയിച്ച് വിശ്വ ഹിന്ദു പരിഷത്ത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രം നടപടി മതിയെന്ന നിലപാടിലാണ് വിശ്വ ഹിന്ദു പരിഷത്ത്. സംഭാവനക്കൊള്ളയില്‍ വിശ്വ ഹിന്ദു പരിഷത്തിന് പങ്കില്ലെന്നും ചമ്പത്ത് റായ്‌യെ നിയോഗിച്ചത് വിശ്വ ഹിന്ദു പരിഷത്ത് അല്ലെന്നും വിഎച്ച്പി പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളിൽ വൻതോതിൽ ക്രമക്കേടും പണം തട്ടിയെന്ന കണ്ടെത്തലുകളുമാണ് വിവാദങ്ങൾക്ക് കാരണമായത്. സംഭവത്തിൽ എസ്ഐടി അന്വേഷണം ആരംഭിച്ചിരുന്നു. ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ഭരണനിർവഹണത്തിലും സാമ്പത്തിക ഇടപാടുകളിലും നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ സിബിഐയുടെ നേതൃത്വത്തിലുള്ള ബഹുവിഭാഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. ജൂൺ 13നാണ് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ലഖ്നൌ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് കിരൺ എസ്, ധനകാര്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി നീൽ രതൻ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങൾ.
Content Highlights: The investigation into the alleged Ayodhya Ram Temple donation irregularities has widened, with the focus now shifting to former trust member Anil Mishra.