ഖത്തറിന് ഒന്നാം സ്ഥാനം നഷ്ടമായി: ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എൽഎൻജി കയറ്റുമതി ചെയ്യുന്ന രാജ്യമായി ഒമാന്‍

സാധാരണയായി ഇന്ത്യയുടെ എൽഎൻജി ആവശ്യകതയുടെ 40 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത് ഇറാനാണ്

ഖത്തറിന് ഒന്നാം സ്ഥാനം നഷ്ടമായി: ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എൽഎൻജി കയറ്റുമതി ചെയ്യുന്ന രാജ്യമായി ഒമാന്‍
അജ്മല്‍ എം കെ
3 min read|08 Jun 2026, 09:47 pm
dot image

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും കപ്പൽ ഗതാഗതത്തില്‍ വന്ന് ചേർന്ന തടസ്സങ്ങളും ആഗോള ഇന്ധന വിപണിയെ മാറ്റിമറിക്കുന്നതിനിടെ ഇന്ത്യയുടെ പ്രകൃതിവാതക (LNG) ഇറക്കുമതിയിൽ നിർണ്ണായക മാറ്റം. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എൽഎൻജി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിനെ മറികടന്ന് ഒമാൻ ഒന്നാം സ്ഥാനത്തെത്തി. ഇറാൻ-ഖത്തർ സംഘർഷങ്ങളെ തുടർന്ന് ഗൾഫ് മേഖലയിലെ വാതക ഉൽപ്പാദനത്തിലും കയറ്റുമതിയിലും ഉണ്ടായ തടസ്സങ്ങളാണ് പുതിയ സ്രോതസ്സുകൾ തേടാൻ ഇന്ത്യൻ കമ്പനികളെ പ്രേരിപ്പിച്ചത്.

റേറ്റിങ് ഏജന്‍സിയായ ഐസിആർഎ (ICRA) പുറത്തുവിട്ട കണക്കുകൾ പ്രകാരം മാർച്ച് മാസത്തിൽ ഇന്ത്യ ആകെ ഇറക്കുമതി ചെയ്ത 16.3 ലക്ഷം ടൺ എൽഎൻജിയിൽ 4,89,000 ടണ്ണും ഒമാനിൽ നിന്നായിരുന്നു. ഇത് രാജ്യത്തിന്റെ ആകെ ഇറക്കുമതിയുടെ 30 ശതമാനത്തോളമാണ്. എന്നാൽ സാധാരണയായി ഇന്ത്യയുടെ എൽഎൻജി ആവശ്യകതയുടെ 40 ശതമാനത്തിലധികം കൈകാര്യം ചെയ്യാറുള്ള ഖത്തറിൽ നിന്നുള്ള ഇറക്കുമതി മാർച്ചിൽ വെറും 1,28,000 ടണ്ണായി (8 ശതമാനം) ചുരുങ്ങി.

ഖത്തറിലെ പ്രധാന എൽഎൻജി ഉൽപ്പാദന കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ പ്രവർത്തന തടസ്സങ്ങളാണ് ആഗോള വിപണിയിലേക്കുള്ള ഖത്തറിന്റെ വാതക ലഭ്യതയെ ബാധിച്ചത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് പുറത്താണ് ഒമാന്റെ എൽഎൻജി കയറ്റുമതി കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത് എന്നത് സുരക്ഷിതമായി ഇന്ധനം എത്തിക്കാൻ ഇന്ത്യക്ക് സഹായകരമായി.

ഖത്തറിൽ നിന്നുള്ള വിതരണം കുറഞ്ഞതോടെ ഒമാന് പുറമെ മറ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യ ഇറക്കുമതി വർദ്ധിപ്പിച്ചിട്ടുണ്ട്.മാർച്ചിൽ അമേരിക്കയിൽ നിന്ന് 2,79,000 ടണ്ണും (17 ശതമാനം), നൈജീരിയയിൽ നിന്ന് 2,70,000 ടണ്ണും (16 ശതമാനം) എൽഎൻജി ഇന്ത്യയിലെത്തിയിട്ടുണ്ട്. യുഎഇയിൽ നിന്ന് 1,92,000 ടൺ വാതകമാണ് രാജ്യം വാങ്ങിയത്. അതേസമയം, മാർച്ച് മാസത്തിൽ ഇടിവുണ്ടായെങ്കിലും മുൻ മാസങ്ങളിലെ മികച്ച പ്രകടനം കാരണം കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ 11 മാസത്തെ (ഏപ്രിൽ 2025 - ഫെബ്രുവരി 2026) കണക്കുകളിൽ ഖത്തർ തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ എൽഎൻജി ഇറക്കുമതിക്കാരായി തുടരുന്നത്.

ഈ കാലയളവിൽ ഇന്ത്യ ഇറക്കുമതി ചെയ്ത 25.98 ദശലക്ഷം ടൺ വാതകത്തിൽ 10.74 ദശലക്ഷം ടണ്ണും ഖത്തറാണ് നൽകിയത്. അമേരിക്കയും യുഎഇയും 11 ശതമാനം വീതവും നൈജീരിയ, അംഗോള, ഒമാൻ എന്നീ രാജ്യങ്ങൾ യഥാക്രമം 8, 8, 7 ശതമാനം വീതവും ഇക്കാലയളവിൽ സംഭാവന നൽകി. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുള്ള ഇന്ത്യയുടെ തന്ത്രപരമായ നീക്കമാണ് പുതിയ കണക്കുകളിലൂടെ വ്യക്തമാകുന്നത്.

Content Highlights: Oman has emerged as the largest LNG supplier to India, surpassing Qatar in a significant shift in energy trade. Analysts attribute the achievement to competitive pricing, reliable supply agreements, strategic partnerships, and India's growing demand for natural gas, which has strengthened Oman's position in the market.

dot image
To advertise here,contact us
dot image