

തിരുവനന്തപുരം: എം ജി സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ്-ബിജെപി പശ്ചാത്തലമുള്ളവരെ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ പേരിലുള്ള സര്‍വകലാശാലയെ കാവിപുതപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴ്‌പ്പെട്ട യുഡിഎഫ് സര്‍ക്കാരിന്റെ മൗനം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയാണെന്നും പിണറായി വിജയന്‍ കുറിച്ചു.
കേരളത്തിലെ സര്‍വകലാശാലകളെ കൈപ്പിടിയിലൊതുക്കുക എന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. കണ്ണൂര്‍, കാലിക്കറ്റ്, കേരള, കാലടി മുതലായ സര്‍വകലാശാലകളില്‍ അത്തരം ശ്രമങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെറുത്തുതോല്‍പ്പിക്കുകയാണ് ചെയ്തത്. എന്നാല്‍, ഭരണമാറ്റത്തിന് ശേഷം സര്‍വകലാശാലകളിലെ ആര്‍എസ്എസ് വര്‍ഗീയ അജണ്ടയ്ക്ക് കുടപിടിച്ച് കൊടുക്കുന്നവരായി യുഡിഎഫ് സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
പിണറായിയുടെ ഫേസ്ബുക്ക് കുറിപ്പ്
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പേരിലുള്ള കോട്ടയം എംജി സര്‍വ്വകലാശാലയെ കാവിപുതപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണം. യുഡിഎഫ് സര്‍ക്കാര്‍ ഭരണമേറ്റെടുത്തതിനു ശേഷം ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഓഫീസില്‍ നിന്നും എംജി സര്‍വ്വകലാശാലയുടെ പിന്‍സീറ്റ് ഡ്രൈവിംഗിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍ ഇതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ പാങ്ങില്ലാത്തവരായി മാറിയിരിക്കുകയാണ് സംസ്ഥാനത്തെ ഭരണനേതൃത്വം. സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴ്‌പ്പെട്ട യുഡിഎഫ് സര്‍ക്കാരിന്റെ മൗനം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയാണ്.
ഗവര്‍ണര്‍ ഓഫീസിനെ മുന്‍നിര്‍ത്തി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമങ്ങളുണ്ടായപ്പോള്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലവും എല്‍ഡിഎഫ് സര്‍ക്കാര്‍ എങ്ങനെയാണതിനെ പ്രതിരോധിച്ചതെന്ന് കേരളം കണ്ടതാണ്. അത്തരം നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും എതിര്‍ക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും അന്നുണ്ടായിട്ടില്ല. എന്നാല്‍ ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്നാണ് യുഡിഎഫ് സര്‍ക്കാരിലെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിക്കുന്നത്. മതനിരപേക്ഷ വിശ്വാസികളില്‍ ആശങ്കയുണര്‍ത്തുന്ന നിലപാടാണിത്. ഇത് ആരെങ്കിലും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കാര്യമല്ല, മറിച്ച് ഭരണഘടനയുടെയും സര്‍വ്വകലാശാല ചട്ടങ്ങളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യമാണ് എന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി മനസ്സിലാക്കേണ്ടത്.
എംജി സര്‍വകലാശാല താല്‍കാലിക വൈസ് ചാന്‍സലറായി കുസാറ്റിലെ ബിജെപി അനുകൂല അദ്ധ്യാപക സംഘടനാ നേതാവിനെ നിയമിച്ചാണ് ഗവര്‍ണര്‍ കാവിവല്‍ക്കരണത്തിന് തുടക്കമിട്ടത്. താല്‍കാലിക വൈസ് ചാന്‍സലര്‍ നിയമനത്തിനായി പാനല്‍ നല്‍കാനുള്ള ബാധ്യത നിര്‍വേറ്റാന്‍ പോലും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. കോടതിയെ സമീപിച്ചുകൊണ്ട് വിസി നിയമനം റദ്ദുചെയ്യിക്കാനുള്ള സാധ്യതയും ഇതുമൂലം അടഞ്ഞിരിക്കുകയാണ്. ഇതിനുപുറമെ, എംജി സര്‍വകലാശാല സെനറ്റില്‍ നിയമവും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി സംഘപരിവാര്‍ നോമിനികളെ തിരുകിക്കയറ്റിയിരിക്കുകയുമാണ്. ആകെയുള്ള 30 അംഗങ്ങളില്‍ 19 പേരും ആര്‍എസ്എസ് അനുകൂലികളാണ് എന്നതാണ് കാണേണ്ടത്. സംഘപരിവാര്‍ കേന്ദ്രങ്ങള്‍ എംജി സര്‍വ്വകലാശാലയെ പിടിച്ചടക്കാനുള്ള ചരടുവലികള്‍ നടത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. ഒരു വിയോജനക്കുറിപ്പു നല്‍കാന്‍ പോലും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഗവര്‍ണറുടെ പരിമിതമായ റോള്‍ എന്താണെന്ന് സര്‍ക്കാരിയാ കമ്മീഷനടക്കം തന്നെ വ്യക്തമാക്കിയ കാര്യമാണ്. താല്‍കാലിക വിസി നിയമനമുള്‍പ്പെടെ സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നാവണമെന്ന കോടതി വിധികള്‍ നിലനില്‍ക്കേ ഗവര്‍ണര്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് കീഴടങ്ങലിന്റേതാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കൂറ് ഭരണഘടനയോടോ അതല്ല ആര്‍എസ്എസിനോടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതുണ്ട്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനായി മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം നല്‍കിയിരുന്ന വ്യക്തിയാണ് നിലവില്‍ യുഡിഎഫ് സര്‍ക്കാരിന്റെ അഡ്വക്കറ്റ് ജനറല്‍. അതിനാല്‍ സര്‍വ്വകലാശാലകളിലെ കാവിവല്‍ക്കരണത്തിനെതിരെ നിയമവഴിയിലുള്ള പോരാട്ടം ഈ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. കേരളത്തിലെ സര്‍വ്വകലാശാലകളെ കൈപ്പിടിയിലൊതുക്കുക എന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. കണ്ണൂര്‍, കലിക്കറ്റ്, കേരള, കാലടി മുതലായ സര്‍വ്വകലാശാലകളില്‍ അത്തരം ശ്രമങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെറുത്തുതോല്‍പ്പിക്കുകയാണ് ചെയ്തത്. എന്നാല്‍, ഭരണമാറ്റത്തിനു ശേഷം സര്‍വ്വകലാശാലകളിലെ ആര്‍എസ്എസ് വര്‍ഗീയ അജണ്ടയ്ക്ക് കുടപിടിച്ചു കൊടുക്കുന്നവരായി യുഡിഎഫ് സര്‍ക്കാര്‍ മാറിയിരിക്കുകയാണ്.
Content Highlights: pinarayi vijayan criticizes governor nomination of rss bjp linked members to mg university senate