യൂറോപ്പിലേക്ക് മത്സ്യോല്‍പ്പന്ന കയറ്റുമതി തുടരാം; മുട്ടയ്ക്കും നല്ല കാലം; ഇന്ത്യയ്ക്ക് പ്രത്യേക അനുമതി

മത്സ്യകൃഷി ഉല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, മൃഗങ്ങളുടെ ഇറച്ചി എന്നിവ 27 അംഗ രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ചെയ്യാനാണ് അനുമതി

യൂറോപ്പിലേക്ക് മത്സ്യോല്‍പ്പന്ന കയറ്റുമതി തുടരാം; മുട്ടയ്ക്കും നല്ല കാലം; ഇന്ത്യയ്ക്ക് പ്രത്യേക അനുമതി
dot image

2026 സെപ്റ്റംബറിന് ശേഷവും യൂറോപ്പിലേക്ക് മത്സ്യോല്‍പ്പന്ന കയറ്റുമതി തുടരാന്‍ ഇന്ത്യക്ക് അനുമതി. മത്സ്യകൃഷി ഉല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, മൃഗങ്ങളുടെ ഇറച്ചി എന്നിവ 27 അംഗ രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ചെയ്യാനാണ് അനുമതി. യൂറോപ്യന്‍ യൂണിയന്റെ പുതുക്കിയ നിയന്ത്രണ ചട്ടക്കൂട് പ്രകാരമാണ് അനുമതി ലഭിച്ചത്.

ബാക്ടീരിയ, ഫംഗസ് എന്നിവ സംബന്ധിച്ച് വര്‍ധിച്ചുവരുന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ ഭേദഗതി വരുത്തിയതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. പുതുക്കിയ ചട്ടങ്ങള്‍ 2026 സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. യൂറോപ്യന്‍ യൂണിയനിലേക്ക് നിര്‍ദിഷ്ട ഇറച്ചി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ അധിക മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് പുതിയ വ്യവസ്ഥ.

അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയതോടെ, മത്സ്യകൃഷി ഉല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍ തുടങ്ങിയവയുടെ കയറ്റുമതി 2026 സെപ്റ്റംബര്‍ കഴിഞ്ഞും യൂറോപ്യന്‍ യൂണിയന്‍ വിപണിയിലേക്ക് തടസമില്ലാതെ തുടരാന്‍ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ മത്സ്യബന്ധന മേഖലയ്ക്ക് ഇത് ഏറെ പ്രാധാന്യമുള്ള തീരുമാനമാണ്. നിലവില്‍ ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ചെയ്യുന്ന മത്സ്യ-മത്സ്യോല്‍പ്പന്നങ്ങളുടെ മൂല്യം ഏകദേശം 1.59 ബില്യണ്‍ യുഎസ് ഡോളറാണ്.

നിയന്ത്രണ മാനദണ്ഡങ്ങളും വിപണി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഹരിക്കുന്നതിനായി വാണിജ്യ വകുപ്പ് യൂറോപ്യന്‍ കമ്മീഷനുമായി സജീവമായി ഇടപെട്ട് വരികയാണ്. അതേസമയം എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ കൗണ്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഗുണനിലവാര പരിശോധന, സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങള്‍ എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Content Highlights: The European Union has approved India to continue exporting aquaculture products, fishery products, eggs and honey beyond September 2026, ensuring uninterrupted access to a key export market

dot image
To advertise here,contact us
dot image