രാജ്യത്ത് 80 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ശേഖരമുണ്ട്; പ്രതിന്ധിയില്‍ യുഎഇ ഇന്ത്യക്ക് തുണയായി: കേന്ദ്ര മന്ത്രി

എണ്ണവില ദീർഘകാലം ഇതേ ഉയർന്ന നിരക്കിൽ തുടരില്ലെന്നും കേന്ദമന്ത്രി അഭിപ്രായപ്പെട്ടു

രാജ്യത്ത് 80 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ശേഖരമുണ്ട്; പ്രതിന്ധിയില്‍ യുഎഇ ഇന്ത്യക്ക് തുണയായി: കേന്ദ്ര മന്ത്രി
അജ്മല്‍ എം കെ
3 min read|08 Jun 2026, 08:04 pm
dot image

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ എണ്ണവിപണി നേരിടുന്ന തടസ്സങ്ങളും പശ്ചിമേഷ്യൻ പ്രതിസന്ധികളും ഇന്ത്യയെ പെട്ടെന്ന് ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി. രാജ്യത്ത് 76 മുതൽ 80 ദിവസത്തെ ഉപഭോഗത്തിന് ആവശ്യമായ ഇന്ധന കരുതൽ ശേഖരമുണ്ടെന്നും എണ്ണവില ദീർഘകാലം ഇതേ ഉയർന്ന നിരക്കിൽ തുടരില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. സിഎൻഎൻ-ന്യൂസ് 18-ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.

പ്രതിസന്ധിയിലും തളർന്നില്ല

ആഗോളതലത്തിൽ വലിയ യുദ്ധസമാനമായ സാഹചര്യങ്ങളും പ്രതിസന്ധികളും നിലനിൽക്കുമ്പോഴും ഇന്ത്യയിലെ ഒരു ഭാഗത്തും ഇന്ധനക്ഷാമം ഉണ്ടായിട്ടില്ലെന്ന് ഹർദീപ് സിംഗ് പുരി ചൂണ്ടിക്കാട്ടി. ആഭ്യന്തര ആവശ്യങ്ങൾ കൃത്യമായി നിറവേറ്റുന്നതിനൊപ്പം രാജ്യം ഇപ്പോഴും പെട്രോളിയം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നത് നേട്ടമാണ്. വരും ദിവസങ്ങളിൽ ഇന്ധനവില താഴേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്യം നിലവിൽ പെട്ടെന്നുള്ള യാതൊരുവിധ ഊർജ്ജ പ്രതിസന്ധിയും നേരിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

60-60-60

രാജ്യാന്തര എണ്ണ വ്യാപാരത്തിന്‍റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് അടച്ചിടേണ്ടി വന്നാൽ പോലും ഇന്ത്യക്ക് ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരം , റിഫൈനറി ഇൻവെന്ററികൾ, വാണിജ്യ സ്റ്റോക്കുകൾ എന്നിവ വഴി 30 മുതൽ 60 ദിവസത്തെ ബഫർ സ്റ്റോക്ക് ഇന്ത്യക്കുണ്ട്. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, എൽ.പി.ജി എന്നിവ 60 ദിവസത്തേക്ക് ലഭ്യമാകുന്ന '60-60-60' എന്ന തന്ത്രപരമായ സുരക്ഷിത നിലയിലാണ് രാജ്യം ഇപ്പോഴുള്ളത്. ഗൾഫ് മേഖലയെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യ ഇതിനകം തന്നെ എണ്ണ ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവൽക്കരിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

മൊസാംബിക്കിൽ നിന്നുള്ള അധിക വാതക വിതരണം ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തമാക്കും. അതോടൊപ്പം വെനിസ്വേലയിലെ എണ്ണവിപണിയിൽ ഇന്ത്യൻ കമ്പനികളുടെ സാന്നിധ്യം കൂടുതൽ വിപുലമാക്കാൻ ശ്രമിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ യുഎഇയും അഡ്‌നോക് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് സുൽത്താൻ അൽ ജാബറും ഇന്ത്യക്ക് നൽകിയ പിന്തുണ മന്ത്രി പ്രത്യേകം ഓർക്കുകയും ചെയ്തു.

യുഎഇ സഹായിച്ചു

കൂടുതൽ എൽപിജി കാർഗോകൾ ആവശ്യപ്പെട്ടപ്പോൾ അടിയന്തരമായി കപ്പലുകൾ അയക്കാൻ യുഎഇ തയ്യാറായതായി അദ്ദേഹം വെളിപ്പെടുത്തി. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണെങ്കിലും രണ്ട് പ്രധാന ആശങ്കകൾ മന്ത്രി പങ്കുവെച്ചു. നിലവിലുള്ള യുദ്ധം മറ്റ് മേഖലകളിലേക്ക് വ്യാപിക്കുന്നതും ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടച്ചിടുന്നതുമാണ് അതിൽ പ്രധാനം. ഈ പ്രതിസന്ധി ദീർഘകാലം നീണ്ടുനിൽക്കുകയാണെങ്കിൽ അത് ആഗോളതലത്തിൽ വലിയ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്നും, എന്നാൽ അത്തരമൊരു സാഹചര്യം വിദൂര സാധ്യത മാത്രമാണെന്നും ഹർദീപ് സിംഗ് പുരി വിലയിരുത്തി.

Content Highlights: India currently has crude oil reserves sufficient for up to 80 days, according to Union Petroleum Minister Hardeep Singh Puri. He also highlighted the UAE's role in supporting India's energy security during challenging periods, underscoring the strong energy partnership between the two countries amid global market uncertainties.

dot image
To advertise here,contact us
dot image