

അബുദാബി: വാടക കുതിച്ചുയരുന്നതിനിടയിൽ പ്രവാസികൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് താല്‍ക്കാലിക വാടക നിരോധനം ഏർപ്പെടുത്തി അബുദാബി. നിലവിലുള്ള താമസക്കാരുടെ വാടകക്കരാറുകൾ പുതുക്കുമ്പോൾ യാതൊരുവിധ വാടക വർദ്ധനവും പാടില്ലെന്നാണ് പുതിയ ഉത്തരവ്. ആഗോളതലത്തിൽ തന്നെ ഇത്തരമൊരു നടപടി "വളരെ അപൂർവ്വമാണ്" എന്നാണ് റിയൽ എസ്റ്റേറ്റ് രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.
ഉടൻ തന്നെ പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം, അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ യാതൊരു നിബന്ധനകളുമില്ലാതെ എല്ലാ വാടകക്കരാറുകളും പഴയ നിരക്കിൽ തന്നെ പുതുക്കി നൽകേണ്ടിവരും. മുൻപ് രണ്ട് മാസം മുൻപ് നോട്ടീസ് നൽകി പ്രതിവർഷം 5 ശതമാനം വരെ വാടക വർദ്ധിപ്പിക്കാൻ ഉടമകൾക്ക് അനുവാദമുണ്ടായിരുന്നു. പുതിയ ഉത്തരവോടെ ഈ നിയമമാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്.
ഈ താല്ക്കാലിക നിരോധനത്തിലെ ഏറ്റവും നിർണ്ണായകമായ ഘടകം ഇതിനോടൊപ്പമുള്ള 'വേക്കൻസി പ്രൊട്ടക്ഷൻ' ക്ലോസ് ആണെന്ന് ക്രോംപ്ടൺ പാർട്ണേഴ്സ് മാനേജിംഗ് പാർട്ണർ ബെൻ ക്രോംപ്ടൺ വ്യക്തമാക്കുന്നു. പുതിയ നിയമപ്രകാരം ഒരു ഭൂവുടമ നിലവിലുള്ള വാടകക്കാരനെ ഒഴിപ്പിച്ചാൽ പോലും, അടുത്തതായി വരുന്ന പുതിയ വാടകക്കാരന് പഴയ നിരക്കിൽ മാത്രമേ ആ വീട് അല്ലെങ്കിൽ സ്ഥാപനം വാടകയ്ക്ക് നൽകാൻ സാധിക്കൂ.
സാധാരണയായി പഴയ വാടകക്കാരൻ ഒഴിഞ്ഞാൽ വിപണി നിരക്കനുസരിച്ച് വലിയ തുകയ്ക്ക് പുതിയ ആൾക്കാർക്ക് നൽകാൻ ഭൂവുടമകൾക്ക് സാധിക്കുമായിരുന്നു. എന്നാൽ പുതിയ നിയമത്തോടെ അതിനുള്ള വഴി പൂർണ്ണമായി അടഞ്ഞു. വാടകക്കാരെ സംരക്ഷിക്കുന്ന ഇത്തരം ശക്തമായ നിയമങ്ങൾ ലോകത്ത് തന്നെ വളരെ കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അബുദാബിയിലെ വാടകക്കരാറുകൾ രജിസ്റ്റർ ചെയ്യുന്ന ഔദ്യോഗിക സംവിധാനമായ 'തൗതീഖ്' വഴി ഇനിമുതൽ നിയമവിരുദ്ധമായി വാടക വർദ്ധിപ്പിക്കാൻ സാധിക്കില്ല. പുതിയ നിയമം വരുന്നതിന് മുൻപ് തന്നെ വാടകക്കാരനും ഭൂവുടമയും തമ്മിൽ 5 ശതമാനം വാടക വർദ്ധനവിന് സമ്മതിച്ചിട്ടുണ്ടെങ്കിൽ പോലും, സിസ്റ്റത്തിൽ പുതിയ കരാർ രേഖപ്പെടുത്തുമ്പോൾ ഉയർന്ന തുക സ്വീകരിക്കില്ലെന്നും സിസ്റ്റം അത് ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
ഈ നീക്കം താമസക്കാർക്കും ബിസിനസ്സുകൾക്കും വലിയ സാമ്പത്തിക സുരക്ഷിതത്വവും കൃത്യതയും നൽകുമെന്ന് സ്പ്രിംഗ്ഫീൽഡ് പ്രോപ്പർട്ടീസ് സിഇഒ ഫാറൂഖ് സയ്യിദ് പറയുന്നു. വീട്ടുചിലവുകളിലും സ്ഥാപനങ്ങളുടെ നടത്തിപ്പ് ചിലവുകളിലും വലിയൊരു പങ്ക് വാടകയ്ക്കായി മാറുന്ന സാഹചര്യത്തിൽ, ഈ ആശ്വാസം ദീർഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിംഗിന് സഹായകരമാകും. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അബുദാബിയിലേക്ക് കൂടുതൽ നിക്ഷേപകരെയും താമസക്കാരെയും ആകർഷിക്കുന്നതിനും ഇത് കാരണമാകും.
അതേസമയം, ഇതിനകം തന്നെ വാടക വർദ്ധിപ്പിച്ച് പുതുക്കിയ കരാറുകൾക്ക് എന്തെങ്കിലും ഇളവുകളോ റീബേറ്റുകളോ ലഭിക്കുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. പുതിയ ഫ്രെയിംവർക്കിന് കീഴിൽ വരുന്ന കരാറുകൾക്ക് മാത്രമാണ് ഇത് ബാധകമെന്നാണ് സൂചന. ഈ റെന്റ് ഫ്രീസ് എത്ര കാലത്തേക്ക് നീണ്ടുനിൽക്കുമെന്നതിലും വ്യക്തതയില്ലെങ്കിലും, നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ സാധാരണക്കാർക്ക് ഇത് നൽകുന്ന ആശ്വാസം ചെറുതല്ല.
Content Highlights: Abu Dhabi has imposed a temporary ban on rent increases, providing relief to expatriates and other residents. The measure is aimed at easing housing cost pressures and improving affordability in the emirate's rental market, particularly for tenants affected by rising accommodation expenses.