

നിയമപരമായ അനുമതിയില്ലാതെ സർവീസ് നടത്തുന്ന ട്രാൻസ്പോർട്ടേഷൻ, റെന്റൽ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കുമെതിരെ നടപടികൾ കടുപ്പിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കമ്പനികൾക്ക് അനുവദിച്ചിട്ടുള്ള ലൈസൻസ് പരിധി ലംഘിച്ച് പൊതുഗതാഗത ആവശ്യങ്ങൾക്കോ വാടകയ്‌ക്കോ ബസുകളും മറ്റ് വാഹനങ്ങളും ഉപയോഗിക്കുന്നതിനെതിരെ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ ഇത്തരത്തിൽ നിയമലംഘനം നടത്തിയ നിരവധി വാഹനങ്ങളും ഡ്രൈവർമാരും അധികൃതരുടെ പിടിയിലായിട്ടുണ്ട്.
ഔദ്യോഗികമായി അംഗീകാരമുള്ള ട്രാൻസ്പോർട്ടേഷൻ, റെന്റൽ കമ്പനികളുമായി മാത്രം യാത്രാ ഇടപാടുകൾ നടത്താൻ പൊതുജനങ്ങളോട് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. കമ്പനികളുടെയോ സ്ഥാപനങ്ങളുടെയോ തൊഴിലാളികളെ എത്തിക്കുന്നതിനും സ്കൂൾ കുട്ടികളുടെ യാത്രകൾക്കും മറ്റ് ഗതാഗത ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും ആവശ്യമായ ലൈസൻസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച അബ്ബാസിയ മേഖലയിൽ മലയാളി നഴ്‌സുമാർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 13 പേർക്ക് പരിക്കേൽക്കുകയും ഇതിൽ എറണാകുളം സ്വദേശിനിയായ നഴ്‌സിന്റെ കൈ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ ദാരുണ സംഭവത്തിന് പിന്നാലെയാണ് അനധികൃത ട്രാൻസ്പോർട്ടേഷൻ സർവീസുകൾക്കെതിരെ കുവൈറ്റ് അധികൃതർ പരിശോധനകളും നടപടികളും ശക്തമാക്കിയത്.
Content Highlights: Kuwait warns bus operators against unauthorised passenger transport and rental activities, with company licence cancellation and deportation among the possible penalties.