

ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധങ്ങൾക്കും സാമ്പത്തിക-നയതന്ത്ര പങ്കാളിത്തത്തിനും പുതിയ ദിശ നൽകാൻ ലക്ഷ്യമിട്ട് 'കൊച്ചി ഡയലോഗ്' നയതന്ത്ര കോൺക്ലേവിന് അടുത്തയാഴ്ച തുടക്കമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഊർജ്ജം, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലെ സഹകരണം മുൻനിർത്തി നവംബർ 18 മുതൽ 20 വരെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഉച്ചകോടി സംഘടിപ്പിക്കുന്നത്. "നൂതനവും സംയോജിതവുമായ ഇന്ത്യ-ജിസിസി പങ്കാളിത്തത്തിലേക്ക്: പ്രതിരോധശേഷി, പുനർനിർമ്മാണവും പുനർനിർവചനവും" എന്നതാണ് ഈ വർഷത്തെ പ്രധാന പ്രമേയം. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കൊച്ചിയിലെ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും സംയുക്തമായാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
ജിസിസി രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത നയതന്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും ഇന്ത്യൻ ഭരണാധികാരികളും പ്രമുഖ വ്യാപാരികളും യോഗത്തിൽ പങ്കാളികളാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, തന്ത്രപ്രധാന ഊർജ്ജ മേഖല, ലോജിസ്റ്റിക്സ്, മൂലധന നിക്ഷേപം എന്നിവയാണ് ഇത്തവണത്തെ പ്രധാന ചർച്ചാവിഷയങ്ങൾ. നിലവിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടയിൽ ആഗോള വിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഭക്ഷ്യ-ഊർജ്ജ സുരക്ഷകൾ ശക്തമാക്കുക എന്നതാണ് കോൺക്ലേവിന്റെ പ്രധാന ലക്ഷ്യം.
ഒരു കോടിയോളം വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് തണലാകുന്ന ഗൾഫ് മേഖലയുമായി ചരിത്രപരവും സാംസ്കാരികവുമായ അടുത്ത ബന്ധം പുലർത്തുന്ന കേരളത്തിൽ ഈ ഉച്ചകോടി നടക്കുന്നത് ഏറെ നിർണ്ണായകമാണ്. 2024-25 സാമ്പത്തിക വർഷത്തിൽ 179 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും ജിസിസിയും തമ്മിൽ നടന്നത്. തടസ്സങ്ങളില്ലാത്ത ആഗോള വ്യാപാരത്തിനും പുതിയ സാങ്കേതിക വികസനങ്ങൾക്കും അടിത്തറയിടാൻ കൊച്ചി ഡയലോഗ് സഹായിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Content Highlights: Kochi Dialogue 2026 will bring together Indian and GCC ministers, diplomats and business leaders to discuss trade, investment, energy, security and technology cooperation from November 18 to 20.