പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നു; തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇടിഞ്ഞ് സെന്‍സെക്സ്; കാരണങ്ങള്‍ ഇവ

നിഫ്റ്റി മീഡിയ, നിഫ്റ്റി ഐടി എന്നിവ മികച്ച പ്രകടനം കാഴ്ചവെച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നു; തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇടിഞ്ഞ് സെന്‍സെക്സ്; കാരണങ്ങള്‍ ഇവ
dot image

ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച വ്യാപാരത്തില്‍ സെന്‍സെക്‌സ് 332 പോയിന്റ് താഴ്ന്ന് 76,059.77ലും, നിഫ്റ്റി 102 പോയിന്റ് ഇടിഞ്ഞ് 23,767ലും ക്ലോസ് ചെയ്തു. ഇരു സൂചികകളും 1 ശതമാനത്തിലേറെ ഇടിഞ്ഞെങ്കിലും പിന്നീട് നഷ്ടം ഭാഗികമായി നികത്തി.

നിഫ്റ്റി50 സൂചികയില്‍ എറ്റേണല്‍, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര & മഹീന്ദ്ര എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികള്‍. ബ്രോഡര്‍ വിപണിയില്‍, നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.1 ശതമാനവും 0.32 ശതമാനവും താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

മേഖലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍, നിഫ്റ്റി ഓട്ടോ ഒരു ശതമാനം ഇടിഞ്ഞ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചു. നിഫ്റ്റി റിയല്‍റ്റി, നിഫ്റ്റി ഫാര്‍മ എന്നിവയും പിന്നിലായി. അതേസമയം, നിഫ്റ്റി മീഡിയ, നിഫ്റ്റി ഐടി എന്നിവ മികച്ച പ്രകടനം കാഴ്ചവെച്ചു.

വിദഗ്ദരുടെ അഭിപ്രായത്തില്‍ വിപണി ഇടിയാന്‍ പ്രധാന കാരണങ്ങളിലൊന്ന് ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്നതാണ്. അമേരിക്ക ഇറാനെതിരെ തുടര്‍ച്ചയായ 13ാം രാത്രിയും വ്യോമാക്രമണം നടത്തിയതായി അറിയിച്ചു. ഇതിനിടെ, ഇറാന്‍ അനുകൂല ഹൂത്തി വിമതര്‍ ചെങ്കടലില്‍ രണ്ട് സൗദി എണ്ണക്കപ്പലുകള്‍ ആക്രമിച്ചതായും സൗദി അറേബ്യയ്ക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷം ശക്തമായതോടെ നിക്ഷേപകരുടെ ആശങ്കയും വര്‍ധിച്ചിട്ടുണ്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില 100 ഡോളറിന് മുകളിലെത്തി. ഇതും നിക്ഷേപകരെ ആശങ്കയിലാക്കി. ലോകത്തിലെ പ്രധാന എണ്ണഗതാഗത പാതകളിലൊന്നായ ബാബ് എല്‍-മന്ദേബ് മേഖലയിലെ അനിശ്ചിതത്വം എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്കയാണ് വില ഉയരാന്‍ കാരണം. സാഹചര്യങ്ങള്‍ തുടര്‍ന്നാല്‍ ബ്രെന്റ് ക്രൂഡ് 120 ഡോളര്‍ വരെ ഉയരാമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡോളറിനെതിരെ രൂപ 96.63 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നീങ്ങുന്നതിനിടെ, വിദേശനാണയ വിപണിയില്‍ റിസര്‍വ് ബാങ്ക് ഇടപെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഡോളര്‍ സൂചിക, ക്രൂഡ് ഓയില്‍ വില, വിദേശ നിക്ഷേപകരുടെ ഫണ്ട് പിന്‍വലിക്കല്‍ എന്നിവ രൂപയുടെ നീക്കത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Content Highlights: Indian stock markets ended lower for a fifth straight session as escalating Iran-US tensions, crude oil prices above $100 per barrel, and a weaker rupee triggered broad-based selling despite a late recovery

dot image
To advertise here,contact us
dot image