

വേനൽ അവധിക്കാലത്ത് വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഗോൾഡൻ വിസ ഉടമകൾക്കായി പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങളും കോൺസുലർ സേവനങ്ങളും പ്രഖ്യാപിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം. യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, തിരികെ സുരക്ഷിതമായി യുഎഇയിലേക്ക് എത്തുന്നതിനായി നൽകുന്ന 'റിട്ടേൺ ഡോക്യുമെന്റ്' സൗകര്യത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണമെന്ന് മന്ത്രാലയം പ്രത്യേകം ഓർമ്മിപ്പിച്ചു.
വിദേശത്തായിരിക്കുമ്പോൾ ഗോൾഡൻ വിസക്കാർക്ക് അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിനും സംശയങ്ങൾ ദുരീകരിക്കുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനവും വിദേശകാര്യ മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. യാത്രയിലുടനീളം പ്രവാസികൾക്ക് പൂർണ്ണ പിന്തുണ ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിനുപുറമേ, യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന പ്രായോഗിക നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി വിപുലമായ യാത്രാ ബോധവത്കരണ ക്യാമ്പെയ്നും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
യാത്ര തിരിക്കുന്നതിന് മുമ്പായി വിമാന ടിക്കറ്റുകൾ മുൻകൂട്ടി ഉറപ്പാക്കണം. പാസ്‌പോർട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലാവധിയുണ്ടെന്നും ഉറപ്പുവരുത്തണം. കൂടെ യാത്ര ചെയ്യുന്നവരുടെ വിസ മാനദണ്ഡങ്ങൾ കൃത്യമായി പരിശോധിക്കുന്നതിനൊപ്പം യാത്രയിലുടനീളം പരിരക്ഷ നൽകുന്ന സമഗ്രമായ അന്താരാഷ്ട്ര ഹെൽത്ത് ഇൻഷുറൻസ് എടുക്കേണ്ടതും നിർബന്ധമാണ്.
പാസ്‌പോർട്ട് ഉൾപ്പെടെയുള്ള അസൽ രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനൊപ്പം ഇവയുടെ ഡിജിറ്റൽ അല്ലെങ്കിൽ ഇലക്ട്രോണിക് കോപ്പികൾ ഫോണിൽ കരുതാവുന്നതാണ്. സന്ദർശിക്കുന്ന രാജ്യത്തെ ഏറ്റവും അടുത്തുള്ള യുഎഇ എംബസിയുടെയോ കോൺസുലേറ്റിന്റെയോ വിലാസവും ഫോൺ നമ്പറുകളും കൈവശം വയ്ക്കണം. അതുപോലെ അംഗീകൃത ഏജൻസികൾ വഴിയും സർവീസുകൾ വഴിയും മാത്രം ഹോട്ടലുകളും യാത്രാ വാഹനങ്ങളും ബുക്ക് ചെയ്യാനും ശ്രദ്ധിക്കണം.
സന്ദർശിക്കുന്ന രാജ്യങ്ങളിലെ പ്രത്യേക ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും നിർബന്ധിത വാക്സിനേഷൻ വ്യവസ്ഥകളും മുൻകൂട്ടി മനസ്സിലാക്കേണ്ടതുണ്ട്. വിദേശത്തുവച്ച് ബാങ്ക് കാർഡുകൾ അപ്രതീക്ഷിതമായി ബ്ലോക്ക് ആകുന്നത് ഒഴിവാക്കാൻ യാത്രയ്ക്ക് മുൻപായി സ്വന്തം ബാങ്കുകളിൽ വിവരം അറിയിക്കുക, സന്ദർശിക്കുന്ന രാജ്യത്തെ പ്രാദേശിക നിയമങ്ങളും ആചാരങ്ങളും ബഹുമാനിക്കുക, ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുക, വിമാനത്താവളങ്ങളിലെ പരിശോധനകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നേരത്തെ തന്നെ എത്തുക എന്നിവയും മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളിലുണ്ട്.
Content Highlights: The UAE has released a set of security guidelines for Golden Visa holders travelling overseas. The advisory encourages residents to safeguard their travel documents, stay updated on destination-specific requirements, and follow official safety instructions to ensure a secure and hassle-free journey.