

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതുവരെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ധര്‍മേന്ദ്ര പ്രധാന് കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും രാജ്യത്തിന്റെ വ്യദ്യാഭ്യാസ മേഖലയെ തകര്‍ത്തെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന്‍ ക്രിമിനല്‍ വിദ്യാഭ്യാസമന്തി മന്ത്രിയാണ് അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് ക്രൂരതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി, സഭയില്‍ സംസാരിക്കാന്‍ തന്നെ അനുവദിച്ചില്ലെന്നും അവകാശപ്പെട്ടു.
ഡല്‍ഹിയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങാന്‍ കാരണം ധര്‍മേന്ദ്ര പ്രധാനാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. സമരത്തില്‍ 'വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ആവശ്യങ്ങളുണ്ട്. അഴിമതിക്കാരനായ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണം, വിദ്യാര്‍ത്ഥികളെ തല്ലിയവര്‍ നടപടി നേരിടണം, പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിക്കണം. ഇതാണ് പ്രധാന മൂന്ന് വ്യവസ്ഥകളെന്നും' രാഹുല്‍ ഗാന്ധി പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരെ ഞങ്ങള്‍ ഒരു സംഭാഷണമോ ചര്‍ച്ചയോ നടത്താന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളും കേന്ദ്രമന്ത്രിമാരുമായുളള ചർച്ച പൂർത്തിയായി. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് കേന്ദ്രസര്‍ക്കാരിന്റെയും സിജെപിയുടെയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്. സൗരവ് ദാസും അശുതോഷ് റാങ്കെയുമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിനിധികളായി പങ്കെടുത്തത്. ചര്‍ച്ചയില്‍ മൂന്ന് ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്നുമാണ് സിജെപി പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. ഇതില്‍ രണ്ട് ആവശ്യങ്ങളില്‍ കേന്ദ്രത്തിന് പോസിറ്റീവ് നിലപാടാണെന്ന് സിജെപി വ്യക്തമാക്കി. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ നിലപാട് പറയാന്‍ കേന്ദ്രം നാളെ ഉച്ചയ്ക്ക് രണ്ടര വരെ സമയം തേടിയിട്ടുണ്ട്. രാജിയില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് സിജെപിയുടെ തീരുമാനം.
Content Highlights: Rahul Gandhi said the Opposition will not hold discussions with the government until Union Education Minister Dharmendra Pradhan resigns over the NEET question paper leak.