കുവൈറ്റിൽ വിലാസം മാറ്റാൻ കൈക്കൂലി: സർക്കാർ ജീവനക്കാരനും നാല് പ്രവാസികൾക്കും തടവുശിക്ഷ

വ്യാജ വാടക കരാറുകൾ ചമച്ച് സർക്കാർ രേഖകളിൽ താമസ വിലാസം തിരുത്തിയെന്ന കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് കോടതി നടപടി.

കുവൈറ്റിൽ വിലാസം മാറ്റാൻ കൈക്കൂലി: സർക്കാർ ജീവനക്കാരനും നാല് പ്രവാസികൾക്കും തടവുശിക്ഷ
dot image

കുവൈറ്റിൽ കൈക്കൂലി വാങ്ങി പ്രവാസികളുടെ സിവിൽ ഐഡികളിലെ താമസ മേൽവിലാസം അനധികൃതമായി മാറ്റി നൽകിയ കേസിൽ പ്രതികൾക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി. പബ്ലിക് അതോറിറ്റി ഫോർ സിവില്‍ ഇൻഫർമേഷൻ വകുപ്പിലെ ഒരു ജീവനക്കാരന് അഞ്ച് വർഷം തടവും പിഴയും കുവൈറ്റ് ക്രിമിനൽ കോടതി വിധിച്ചു. കേസിൽ ഉൾപ്പെട്ട നാല് പ്രവാസികൾക്ക് 40 മാസം (3 വർഷവും 4 മാസവും) വീതമാണ് തടവുശിക്ഷ.

വ്യാജ വാടക കരാറുകൾ ചമച്ച് സർക്കാർ രേഖകളിൽ താമസ വിലാസം തിരുത്തിയെന്ന കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് കോടതി നടപടി. അഞ്ച് വർഷം തടവിന് പുറമെ 340 ദിനാർ പിഴയൊടുക്കാനും കുറ്റക്കാരനായ സർക്കാർ ഉദ്യോഗസ്ഥനോട് കോടതി നിർദേശിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രവാസികളായ നാല് പ്രതികളെയും രാജ്യത്തുനിന്ന് നാടുകടത്താനും ഉത്തരവായിട്ടുണ്ട്.

മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള വീടുകളുടെ വിലാസങ്ങളാണ് പ്രതികൾ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. യഥാർഥ വീട്ടുടമസ്ഥരോ അവിടെ താമസിക്കുന്നവരോ അറിയാതെയായിരുന്നു വ്യാജ വാടക കരാറുകൾ ഉണ്ടാക്കിയിരുന്നത്. ഈ വ്യാജ രേഖകൾ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയിലെ ജീവനക്കാരന് നൽകി, കൈക്കൂലി പരിഹാരമായാണ് പ്രവാസികൾ തങ്ങളുടെ സിവിൽ ഐഡിയിലെ വിലാസങ്ങൾ മാറ്റിയെടുത്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഔദ്യോഗിക രേഖകളിൽ വ്യാജ വിവരങ്ങൾ നൽകുന്നതും സിവിൽ ഐഡി ദുരുപയോഗം ചെയ്യുന്നതും കടുത്ത നിയമലംഘനമാണെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു. ഇത്തരം തട്ടിപ്പുകൾ കണ്ടെത്താൻ കർശനമായ പരിശോധനകൾ തുടരുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും കുവൈറ്റ് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.

Content Highlights: A government employee and four expatriates have been sentenced to imprisonment in Kuwait after being found guilty in a bribery case linked to illegal address changes. The case highlights ongoing anti-corruption enforcement in the country’s public services.

dot image
To advertise here,contact us
dot image