കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി കെ ശിവകുമാര്‍; നിയമനം കാബിനറ്റ് റാങ്കോടെ

മുന്‍പ് സിദ്ധരാമയ്യയുടെ ഉപദേഷ്ടാവായും കനഗോലു പ്രവര്‍ത്തിച്ചിട്ടുണ്ട്

കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി കെ ശിവകുമാര്‍; നിയമനം കാബിനറ്റ് റാങ്കോടെ
dot image

ബെംഗളൂരു: കേരളത്തിലടക്കം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ സുനില്‍ കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി കെ ശിവകുമാര്‍. കാബിനറ്റ് റാങ്കോടെയാണ് നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച മുഖ്യമന്ത്രി പുറത്തിറക്കി. മുന്‍പ് സിദ്ധരാമയ്യയുടെ ഉപദേഷ്ടാവായും കനഗോലു പ്രവര്‍ത്തിച്ചിട്ടുണ്ട്. 2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വന്‍ വിജയത്തിന് പിന്നിലെ ബുദ്ധി കേന്ദ്രമായിരുന്നു കനഗോലു.

മക്കിന്‍സി എന്ന ആഗോള കണ്‍സള്‍ട്ടിങ് സ്ഥാനപനത്തിലായിരുന്നു കനഗോലു ജോലി ചെയ്തിരുന്നത്. പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടഡബിള്‍ ഗവേണന്‍സ് എന്ന ടീമിലെ അംഗമായാണ് അദ്ദേഹം രാഷ്ട്രീയ രംഗത്ത് എത്തുന്നത്. 2014 ല്‍ നരേന്ദ്ര മോദിക്കായുള്ള പ്രചാരണങ്ങളില്‍ സജീവമായിരുന്നു. പിന്നീട് ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അസോസിയേഷന്‍ ഓഫ് ബ്രില്യന്റ് മൈന്‍ഡ് (എബിഎം) എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ ബിജെപിയുടെ വിജയങ്ങളില്‍ നിര്‍ണായ പങ്കുവഹിച്ചു. 2022 മേയ് മാസത്തിലായിരുന്നു കനഗോലു ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബിആര്‍എസ് ഭരണത്തിന് അന്ത്യം കുറിച്ച് തെലങ്കാനയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിൽ കനഗോലു പ്രധാന പങ്കുവഹിച്ചിരുന്നു. ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്ക് വേണ്ടിയും കനഗോലു പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം കെ സ്റ്റാലിന്റെ 'നമുക്ക് നാമേ' പ്രചാരണത്തിന് നേതൃത്വം നല്‍കിയത് കനഗോലു ആയിരുന്നു. 2021ല്‍ എഐഎഡിഎംകെയ്ക്ക് വേണ്ടിയും തന്ത്രങ്ങള്‍ മെനഞ്ഞു. 'പേയ് സിഎം' പോലുള്ള ശ്രദ്ധേയമായ പ്രചാരണങ്ങള്‍ ഇദ്ദേഹത്തിന്റെ ആശയമായിരുന്നു. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ആസൂത്രണത്തിലും പങ്കാളിയായിരുന്നു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും കനഗോലു നിര്‍ണായക പങ്കുവഹിച്ചിരുന്നു.

കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ വ്യവസായ കുടുംബത്തിലായിരുന്നു കനഗോലുവിന്റെ ജനനം. അമ്മ തെലങ്കാന സ്വദേശിയും അച്ഛന്‍ കര്‍ണാടക സ്വദേശിയുമാണ്. നിലവില്‍ ബെംഗളൂരുവിലാണ് കനഗോലുവിന്റെ താമസം. സ്വകാര്യ ജീവിതത്തെയും കുടുംബത്തെയും മാധ്യമങ്ങളില്‍ നിന്നും രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്നും അകറ്റിനിര്‍ത്തുന്ന ശൈലിയാണ് കനഗോലു പിന്തുടരുന്നത്.

Content Highlights- Karnataka Chief Minister D. K. Shivakumar has appointed Kanganolu as his Chief Advisor with cabinet rank

dot image
To advertise here,contact us
dot image