

മുകേഷ് അംബാനി നേതൃത്വം നൽകുന്ന ഇന്ത്യയിലെ പ്രമുഖ ഓയിൽ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വില ഇടിവിനെ തുടർന്ന് വിപണിമൂല്യത്തിൽ വലിയ നഷ്ടം നേരിട്ടതായി റിപ്പോർട്ട്. ദുർബലമായ വിപണി മനോഭാവവും ആഗോള സമ്മർദ്ദങ്ങളും ഓഹരിയുടെ വീഴ്ച്ചയ്ക്ക് വഴിവെച്ചു. ആഭ്യന്തര ഓഹരി വിപണിയുടെ പ്രകടനം തുടർച്ചയായി ദുർബലമായ സാഹചര്യത്തിൽ പ്രധാന ഓഹരികൾക്കൊപ്പമുള്ള റിലയൻസിന്റെ ഇടിവ് നിക്ഷേപകരുടെ സമ്പത്തിൽ കാര്യമായ ഇടിവുണ്ടാക്കി. പിന്നാലെ വിപണിമൂല്യത്തിൽ ഏകദേശം 27,000 കോടി രൂപയുടെ നഷ്ടമായുണ്ടായത്.
ദുർബലമായ വിപണി മനോഭാവം: ആഗോള സാമ്പത്തിക അനിശ്ചിതത്വവും ആഭ്യന്തര വിപണിയിലെ വിൽപ്പന സമ്മർദ്ദവും ഓഹരികളിൽ ഇടിവ് സൃഷ്ടിച്ചു.
എണ്ണ വിലയിലെ സമ്മർദ്ദം: ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളും ഊർജ്ജ മേഖലയിലെ അനിശ്ചിതത്വവും ഓയിൽ കമ്പനികളുടെ പ്രകടനത്തെ ബാധിക്കുകയാണ്. തൽഫലമായി റിലയൻസ് ഉൾപ്പെടെയുള്ള കമ്പനികളുടെ വിപണി പ്രകടനത്തെയും സ്വാധീനിച്ചു.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ :പശ്ചിമേഷ്യയിലെ അനിശ്ചിതത്വവും, അന്താരാഷ്ട്ര സംഘർഷങ്ങളും നയപരമായ മാറ്റങ്ങളുമെല്ലാം നിക്ഷേപകരുടെ ആത്മവിശ്വാസം കുറച്ചു.
ഷെയർഹോൾഡിങ് പാറ്റേൺ
2026 മാർച്ചിൽ അവസാനിച്ച പാദത്തിലെ ഏറ്റവും പുതിയ ഷെയർഹോൾഡിങ് പാറ്റേൺ അനുസരിച്ച്, ആഭ്യന്തര സ്ഥാപന നിക്ഷേപകർ റിലയൻസ് ഇൻഡസ്ട്രീസിലെ അവരുടെ ഓഹരി പങ്കാളിത്തം 20.46 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്. 2025 ഡിസംബറിൽ 20.10 ശതമാനവും 2025 മാർച്ചിൽ 19.36 ശതമാനവും ആയിരുന്നു ഇത് .അതേസമയം വിദേശ സ്ഥാപന നിക്ഷേപകർ അവരുടെ ഓഹരി വിഹിതം മുൻ പാദത്തിലെ 19.09 ശതമാനത്തിൽ നിന്നും ഒരു വർഷം മുമ്പ് ഉണ്ടായിരുന്ന 19.07 ശതമാനത്തിൽ നിന്നും 18.67 ശതമാനമായി കുറയ്ക്കുകയാണ് ചെയ്തത്. സ്വാഭാവികമായും വിദേശ നിക്ഷേപകരുടെ ഈ പിന്മാറ്റവും ഓഹരിയുടെ ഇടിവിന് കാരണമായി.
ഓഹരിയുടെ പ്രകടനവും വിപണി മൂലധനവും
റിലയൻസ് ഇൻഡസ്ട്രീസിന് നിലവിൽ 17.21 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമുണ്ട്. 2 ശതമാനത്തിൽ കൂടുതൽ ഇടിവാണ് ഇന്ന് മാത്രം രേഖപ്പെടുത്തിയത്. ഓഹരികളുടെ പ്രകടനം നോക്കുമ്പോൾ കഴിഞ്ഞ മാസം 11.90%, ആറ് മാസത്തിനുള്ളിൽ 17.65 ശതമാനവും ഒരു വർഷത്തിനുള്ളിൽ 12.73% നെഗറ്റീവ് റിട്ടേൺ ആണ് ഓഹരി നൽകിയത്. എന്നാൽ നിലവിൽ തുടരുന്ന ഇടിവ് ഒരു താൽക്കാലിക പ്രതിഭാസമാനാണെന്നും ദീർഘകാല അടിസ്ഥാനത്തിൽ കമ്പനിയുടെ ബിസിനസ് ശക്തമായ നിലയിലാണ് എന്നുമാണ് വിദഗ്ദ്ധർ നൽകുന്ന സൂചന.
Content Highlights: Mukesh Ambani-Led Oil Company Loses Rs 27,000 Crore Market Cap As Stock Falls Amid Weak Market Sentiment